വ്യാജ AI വീഡിയോകൾ നിർമിക്കുന്നവരേയും പ്രചരിപ്പിക്കുന്നവരേയും ജയിലിലിടണം, ഒന്നുരണ്ടെണ്ണം അകത്തായാലേ ഇതവസാനിക്കൂ -സൽമാൻ ഖാൻ

#മൂവി ഡെസ്ക്
സൽമാൻ ഖാൻ | ഫോട്ടോ: Getty Images
സൽമാൻ ഖാൻ | ഫോട്ടോ: Getty Images

സോഷ്യൽ മീഡിയയിൽ വ്യാജ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വീഡിയോകൾ നിർമ്മിക്കുന്നവരെ വിമർശിച്ച് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. താനും ഇത്തരം ഉള്ളടക്കങ്ങളുടെ ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, മനഃപൂർവ്വം ഇവ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ബിഗ് ബോസ് 20 ഷോയ്ക്കിടെയാണ് സൽമാൻ ഖാൻ ഇക്കാര്യം പറഞ്ഞത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഭയപ്പെടുത്തുന്ന രീതിയിലാണ് മുന്നേറുന്നതെന്നും ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും സൽമാൻ ഖാൻ അഭിപ്രായപ്പെട്ടു. ആളുകൾ പറയുന്ന കാര്യങ്ങൾ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്യുകയും വ്യാജ ശബ്ദവും വീഡിയോകളും നിർമ്മിച്ച് മറ്റുള്ളവരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു. പലരുടെയും ഇത്തരം വ്യാജ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം വ്യാജ എഐ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നവരെയും അത് വ്യാജമാണെന്നറിഞ്ഞിട്ടും മനഃപൂർവ്വം പ്രചരിപ്പിക്കുന്നവരെയും ജയിലിലടയ്ക്കണം എന്ന് സൽമാൻ ഖാൻ ആവശ്യപ്പെട്ടു. കുറഞ്ഞത് ഒന്നോ രണ്ടോ പേരെങ്കിലും ഇത്തരം കുറ്റങ്ങൾക്ക് ജയിലിലാകാതെ ഇത് അവസാനിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

"ഇതൊരു ഗൗരവമേറിയ കാര്യമാണ്. നിങ്ങൾ എന്തെങ്കിലും പറഞ്ഞു, മറ്റൊരാൾ അത് എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ആർക്കെങ്കിലും എതിരെ അസഭ്യം പറയിപ്പിച്ചു. അവർ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ? അവർ എഐ വീഡിയോകൾ ഉണ്ടാക്കുകയാണ്. അത്തരം AI വീഡിയോയിൽ ഞാനുമുണ്ട്. ഇത് AI നിർമ്മിത ഉള്ളടക്കമാണെന്ന് അറിയാത്ത ആളുകൾ സൽമാൻ ഖാൻ അവിടെ ഉണ്ടായിരുന്നു എന്ന് പോസ്റ്റ് ചെയ്തേക്കാം. എന്നാൽ ഈ യാഥാർത്ഥ്യം അറിഞ്ഞിട്ടും വീഡിയോ ഉണ്ടാക്കിയവർ എത്തരക്കാരാണ്? അങ്ങനെയുള്ളവരെ ജയിലിൽ അടയ്ക്കണം. ഒന്നോ രണ്ടോ പേരെങ്കിലും അകത്ത് പോയാൽ മാത്രമേ ഇത് അവസാനിക്കൂ. ഒരു നിയമം പാസാക്കേണ്ടതുണ്ട്, സോഷ്യൽ മീഡിയയിൽ സെൻസർഷിപ്പ് ഉണ്ടായിരിക്കണം." സൽമാൻ ഖാന്റെ വാക്കുകൾ.

Also Read: ശ്രീരാമനായി സൽമാൻ, സീതയായി സൊണാലി; ബോളിവുഡിന്റെ നടക്കാതെപോയ സ്വപ്നചിത്രം

നടന്മാരെപ്പോലെ സ്വാധീനമോ സൗകര്യങ്ങളോ ഇല്ലാത്ത സാധാരണക്കാരെക്കുറിച്ചുള്ള ആശങ്കയും സൽമാൻ പങ്കുവെച്ചു. സെലിബ്രിറ്റികൾക്ക് സൈബർ സെല്ലിനെ സമീപിച്ച് എഐ വീഡിയോ ഉണ്ടാക്കിയത് ആരാണെന്ന് കണ്ടെത്താൻ കഴിയും. എന്നാൽ സാധാരണക്കാർക്ക് അതിനുള്ള വിവരങ്ങളോ പിന്തുണയോ ലഭിച്ചെന്നുവരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാജമായി നിർമ്മിക്കുന്ന ഇത്തരം ദൃശ്യങ്ങൾ സാധാരണക്കാരായ വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും സൽമാൻ ഖാൻ ആശങ്ക പ്രകടിപ്പിച്ചു.

Content Highlights: During a Bigg Boss 20 episode, Bollywood superstar Salman Khan expressed serious concern over the rise of deepfake AI videos and voice dubbing, urging strict laws, social media censorship, and legal action against those intentionally creating fake content.