സുഹൃത്ത് കോഫീ ഷോപ്പ് തുടങ്ങി; വൃത്തിയായി നടത്തിയില്ലെങ്കിൽ തുക്കാറാം മുണ്ടെയെ അയക്കുമെന്ന് സൽമാൻ ഖാൻ

തന്റെ സുഹൃത്തിന്റെ പുതിയ കഫേയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ബോളിവുഡ് താരം സൽമാൻ ഖാൻ പങ്കുവെച്ച തമാശ നിറഞ്ഞ മുന്നറിയിപ്പ് ചർച്ചയാകുന്നു. എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടേയെക്കുറിച്ചുള്ള പരോക്ഷ പരാമർശമാണ് ചർച്ചകൾക്ക് കാരണം. കഫേ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ‘അയാളെ’ വിളിക്കും എന്നാണ് സൽമാൻ ഖാൻ പറഞ്ഞത്.
മുംബൈ ബാന്ദ്രയിൽ തന്റെ സുഹൃത്ത് ആരംഭിച്ച പുതിയ കഫേയേക്കുറിച്ചാണ് സൽമാൻ ഖാൻ സംസാരിച്ചത്. കഫേ ഉടമ പങ്കുവെച്ച ഒരു വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചുകൊണ്ടാണ് താരം ഈ വ്യത്യസ്തവും രസകരവുമായ മുന്നറിയിപ്പ് നൽകിയത്. തന്റെ സുഹൃത്തിനോട് കഫേയിലെ കോഫി എപ്പോഴും റീഫിൽ ചെയ്തു നൽകണമെന്നും കോഫിയുടെ വില വർദ്ധിപ്പിക്കരുതെന്നും സൽമാൻ ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ കഫേയിൽ മികച്ച ഗുണനിലവാരവും ശുചിത്വവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും താരം ഊന്നിപ്പറഞ്ഞു.
"എനിക്ക് കോഫി റീഫിൽ ചെയ്തു തരണം. പക്ഷേ വില കൂട്ടരുത്, ഗുണനിലവാരം നിലനിർത്തുകയുംവേണം. ശുചിത്വം പാലിക്കണം ഇല്ലെങ്കിൽ ഞാൻ 'അയാളെ' ഇങ്ങോട്ട് അയക്കും, അതോടെ എല്ലാം തീരും സഹോദരി" എന്നാണ് സൽമാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇവിടെ സൽമാൻ പരോക്ഷമായി സൂചിപ്പിച്ച 'അയാൾ' മഹാരാഷ്ട്ര എഫ്.ഡി.എ (FDA) കമ്മീഷണറായ തുക്കാറാം മുണ്ടേ (Tukaram Mundhe) ആണെന്ന തരത്തിൽ ചർച്ചകളുയർന്നു.
ഭക്ഷണശാലകളിലെ ശുചിത്വമില്ലായ്മ, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾക്കെതിരെ അതിശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ പ്രശസ്തനാണ് എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടേ. മഹാരാഷ്ട്രയിലുടനീളമുള്ള നിരവധി ഭക്ഷണശാലകളിൽ അദ്ദേഹം കർശനമായ പരിശോധനകൾ നടത്തുകയും പ്രമുഖ ഫുഡ് ചെയിനുകളുടെ ശാഖകൾ പോലും താൽക്കാലികമായി പൂട്ടിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഇത്തരം കർശനമായ പരിശോധനകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ടാണ് സൽമാൻ തന്റെ സുഹൃത്തിന് തമാശരൂപേണ മുന്നറിയിപ്പ് നൽകിയത്.
അതേസമയം, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൽമാൻ ഖാന്റെ അടുത്ത ചിത്രം 'മാതൃഭൂമി: മേയ് വാർ റെസ്റ്റ് ഇൻ പീസ്' (Maatrubhumi: May War Rest in Peace) ആണ്. മുൻപ് 'ബാറ്റിൽ ഓഫ് ഗാൽവൻ' (Battle Of Galwan) എന്ന് പേരിട്ടിരുന്ന ഈ യുദ്ധ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ ചിത്രാംഗദ സിംഗും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ ചില ആശങ്കകൾ കാരണം ചിത്രത്തിന്റെ റിലീസ് 2027-ലേക്ക് നീളാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Bollywood actor Salman Khan shared a humorous yet strict message while wishing a friend's new cafe in Mumbai, warning them to maintain quality and hygiene or face an inspection by Maharashtra FDA commissioner Tukaram Mundhe.