നാസികൾ വെടിവെച്ചുകൊന്ന മലയാളി; മിച്ചിലോട്ട് മാധവന്റെ കഥ സിനിമയാവുന്നു, ഒരുക്കുന്നത് സലിം അഹമ്മദ്

#Movies Desk
മിച്ചിലോട്ട് മാധവൻ, സലിം അഹമ്മദ് | Photo: Facebook/ Salim Ahamed, Mathrubhumi
മിച്ചിലോട്ട് മാധവൻ, സലിം അഹമ്മദ് | Photo: Facebook/ Salim Ahamed, Mathrubhumi

നാസികൾക്കെതിരേ പോരാടി രക്തസാക്ഷിയായ മലയാളി മിച്ചിലോട്ട് മാധവന്റെ ജീവിതകഥ സിനിമയാവുന്നു. സംവിധായകൻ സലിം അഹമ്മദാണ് ചിത്രം ഒരുക്കുന്നത്. എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണനും ജംഷിയും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. നാലുവർഷമായി ചിത്രത്തിന് പിന്നാലെയാണെന്നും ഇതൊരു സ്വപ്‌ന പദ്ധതിയാണെന്നും സംവിധായകൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

'നാലുവർഷത്തോളമായി ഒരാൾക്ക് പിന്നാലെയാണ്. നാട്ടുകാരനാണ്, തൊട്ടടുത്ത് മാഹിക്കാരനാണ്. 1937-ൽ പാരീസിലെത്തി നാസി അധിനിവേശത്തിനെതിരെ പോരാടി മരണം വരിച്ച മഹാനാണ് മിച്ചിലോട്ട് മാധവൻ. എഴുത്തിനൊപ്പം ടി.ഡി. സാറും ജംഷിയും കൂട്ടിനുണ്ട്. ഡ്രീം പ്രൊജക്ടാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ', സലിം അഹമ്മദ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

നാസി പടയോട്ടത്തിൽ രക്തസാക്ഷിയായ ഒരേയൊരു ഇന്ത്യക്കാരൻ എന്ന് ചരിത്രം വിശേഷിപ്പിക്കുന്ന വ്യക്തിയാണ് മിച്ചിലോട്ട് മാധവൻ. രണ്ടാംലോകയുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണക്കായി പാരീസിന് സമീപം മോണ്ട് വലേറിയനിൽ സ്ഥാപിച്ച രക്തസാക്ഷിസ്തൂപത്തിൽ മിച്ചിലോട്ട് മാധവന്റേയും പേരുണ്ട്. 1930-കളുടെ ഒടുവിൽ മാഹിയിൽനിന്ന് ഉന്നതപഠനത്തിനായാണ് മാധവൻ ഫ്രാൻസിലെത്തിയത്. പാരീസിൽ സോർബൺ സർവകലാശാലയിൽ മാധവൻ ഉന്നത പഠനത്തിന് ചേർന്നു.

നഗരത്തിലെ ഒരു തിയേറ്ററിലുണ്ടായ ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരോപിച്ചാണ് നാസികളുടെ രഹസ്യപോലീസ് സംഘമായ ഗെസ്റ്റപ്പോ മാധവനെയും സുഹൃത്തുക്കളെയും പിടികൂടിയത്. മാധവൻ പിന്നീട് പുറംലോകം കണ്ടില്ല. നാസി തടവറയിൽ കൊടുംക്രൂരതയ്ക്കിരയായ മാധവനെയും മറ്റു 45 പേരെയും 1942 സെപ്റ്റംബർ 21-ന് പാരീസിലെ വലേറിയൻ കുന്നിൽവെച്ച് പോലീസ് വെടിവെച്ചുകൊന്നു.

ആദാമിന്റെ മകൻ അബു എന്ന ആദ്യചിത്രത്തിലൂടെ തന്നെ മലയാളത്തിലെ ശ്രദ്ധേയ സംവിധായകരുടെ നിലയിലേക്കുയർന്ന ചലച്ചിത്രകാരനാണ് സലിം അഹമ്മദ്. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങളും സംവിധാനംചെയ്തു. ടൊവിനോ നായകനായ ആൻഡ് ദ ഓസ്‌കർ ഗോസ് ടു ആണ് ഒടുവിലിറങ്ങിയ ചിത്രം.

താമർ കെ.വി. സംവിധാനംചെയ്ത 1001 നുണകൾ, ഉണ്ണി മുകുന്ദൻ നായകനായ മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾ നിർമിച്ചു. ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകനായി തിരിച്ചെത്തുന്ന ലെഫ്‌റ്റോവർ എന്ന ചിത്രം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ന്യൂട്ടൺ സിനിമ സംവിധാനംചെയ്യുന്ന ചിത്രത്തിൽ അർജുൻ രാധാകൃഷ്ണൻ, സെറിൻ ഷിഹാബ്, റോഷൻ മാത്യു എന്നിവരാണ് പ്രധാന വേഷങ്ങളിൽ. പി.വി. ഷാജികുമാറും സലിം അഹമ്മദും ചേർന്നാണ് രചന. ഛായാഗ്രഹണം ശരൺ വേലായുധൻ, എഡിറ്റിങ് ശ്രീകർ പ്രസാദ്, സംഗീതം ക്രിസ്റ്റോ സേവ്യർ എന്നിവർ കൈകാര്യംചെയ്യുന്നു.

Content Highlights: Salim Ahmed announces a new biopic on the life of Michilottu Madhavan. Michilottu Madhavan was the only Indian martyr to die fighting the Nazis in WWII. Screenplay is being written by T.D. Ramakrishnan and Jamshi. Madhavan was executed by the Gestapo in Paris on September 21, 1942. The film marks a significant project for director Salim Ahmed after a hiatus