പാവപ്പെട്ടവരുടെ ജീവനും സ്വത്തും വിശ്വാസവും തകര്‍ക്കാനുള്ള ഗൂഢലക്ഷ്യം; സലാം ബാപ്പു

ലക്ഷദ്വീപ് അഡ്മിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്റെ നടപടികള്‍ക്കെതിരേ സംവിധായകന് സലാം ബാപ്പു. ലക്ഷദ്വീപ് നിവാസികളുടെ സ്വത്വത്തിനും സംസ്കാരത്തിനും മേല്‍ ഭരണകൂടം ഗൂഢലക്ഷ്യത്തോടെ കടന്നുകയറ്റം നടത്തികൊണ്ടിരിക്കുകയാണെന്നും, കേരളത്തിലെ ഒരു ജില്ല പോലെ ലക്ഷദ്വീപിനെ മലയാളികള്‍ ചേര്‍ത്ത് നിര്‍ത്തുമെന്നും സലാം ബാപ്പു കുറിക്കുന്നു
സലാം ബാപ്പുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഞാനേറെ ഇഷ്ടപ്പെടുന്ന സുന്ദരമായ ഒരു ഭൂപ്രദേശമാണ് ലക്ഷദ്വീപ് അതു പോലെ അവിടുത്തെ ജനതയും. ആകെ 36 ദ്വീപുകള്‍. അതില്‍ ജനവാസമുള്ളവ കവരത്തി, കല്‍പ്പേനി, കടമത്ത്, കില്‍ത്താന്‍, ആന്ത്രോത്ത്, അമിനി, മിനിക്കോയി, ചെത്ത്ലാത്ത്, ബിത്ര, അഗത്തി, ബംഗാരം എന്നിങ്ങനെ 11 ദ്വീപുകള്‍ മാത്രം. കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നും ഷിപ്പില്‍ യാത്ര തിരിച്ചാല്‍ ഒരു ദിവസം കൊണ്ട് എത്തിച്ചേരാന്‍ സാധിക്കുന്നയിടം. അവിടെ നിന്നും വിദ്യാഭ്യാസത്തിനും മറ്റുമായി ഒരുപാട് ആളുകള്‍ കേരളത്തെ ആശ്രയിക്കുന്നു. കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ രക്തബന്ധങ്ങള്‍ തന്നെ ധാരാളമുണ്ട്.
മലയാളം സംസാരിക്കുന്ന ജനങ്ങളുള്ള ഈ കേന്ദ്ര ഭരണ പ്രദേശത്ത് എനിക്കൊരുപാട് സുഹൃത്തുക്കളുണ്ട്, സുഹൃത്തായ ഇസ്മത്ത് ഹുസൈന്റെ ക്ഷണപ്രകാരം മിനിക്കോയി, കവരത്തി, ഖില്‍ത്താന്‍ എന്നീ ദ്വീപുകളില്‍ ഞാന്‍ രണ്ട് വട്ടമായി പോയിട്ടുണ്ട്, സുന്ദരമായ സ്ഥലം. നിഷ്കളങ്കര്‍, സ്നേഹ സമ്പന്നര്‍, സല്‍ക്കാരപ്രിയര്‍, സമാധാന പ്രിയര്‍, വഞ്ചനയും കളവും അക്രമവും മദ്യപാനവും ഇല്ലാത്ത പരസ്പര സഹകരണത്തോടെ ജീവിക്കുന്ന, ദൈവം ഏറെ സ്നേഹിക്കുന്ന ജനത. വീടുകളില്‍ രാത്രി വാതിലുകള്‍ അടക്കാതെയാണ് ഉറങ്ങാറ്. കാരണം കള്ളന്മാര് എന്നൊരു വിഭാഗമേ അവിടെയില്ല. വീണ് കിടക്കുന്ന ഒരു തേങ്ങ പോലും ആരും എടുക്കാത്ത നാട്. സ്വര്‍ഗ്ഗത്തിന്റെ ഒരു തുണ്ട് വീണു കിടക്കും പോലെ ഒരിടം.
ലക്ഷദ്വീപിനേ പറ്റി പറയാന്‍ തുടങ്ങിയാല്‍ എനിക്ക് നൂറ് നാവാണ്, എന്നെ അത്രയേറെ സ്വാധീനിച്ചിട്ടുണ്ട് ആ മനോഹര സ്ഥലവും,അവിടുത്തെ നന്മ നിറഞ്ഞ ആളുകളും. എന്റെ വര്‍ണ്ണനകള്‍ കേട്ട് അത്ഭുതോടെ ദ്വീപ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് കൂട്ടുകാരുണ്ട് എനിക്ക്. സിനിമാ സുഹൃത്തുക്കളുടെയും ഇഷ്ട സ്ഥലമാണ് ദ്വീപ്, പ്രകൃതിരമണീയമായ സ്ഥലം. അന്തരിച്ച പ്രമുഖ സംവിധായകന് സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത 'അനാര്‍ക്കലി' യില്‍ പറയുന്നുണ്ട്, കേസുകള്‍ ഇല്ലാത്തതിനാല്‍ പോലീസ് സ്റ്റേഷന് തുറക്കാറില്ലെന്നും ഇപ്പൊ അത് ഗോഡൗണ്‍ ആയി ഉപയോഗിക്കുകയാണെന്നും. അത് ഒരു പരമാര്‍ത്ഥമാണ്. ഇങ്ങനെയുള്ള ഈ ലക്ഷദ്വീപിലെ ജനങ്ങളുടെ മേല്‍ കേന്ദ്ര ഗവര്‍മെന്റ് ഗുണ്ടാനിയമം കൊണ്ട് വരുന്നു എന്നറിഞ്ഞപ്പോള്‍ കാര്യമറിയാന്‍ ദ്വീപിലെ സുഹൃത്തുക്കളായ ഡോ: റിയാസ്, ഇസ്മത്, ഹുസൈന്, യാസിര്‍ എന്നിവരുമായി ബന്ധപ്പെട്ടു. ലക്ഷദ്വീപില്‍ നിന്നുള്ള സംവിധായികയും സുഹൃത്തുമായ ഐഷ സുല്‍ത്താനയും വിളിച്ചു. ഭരണകൂടം തകര്‍ത്തു കൊണ്ടിരിക്കുന്ന സ്വന്തം നാടിനെ കുറിച്ചും, തങ്ങളുടെ നിസ്സഹായാവസ്ഥയെകുറിച്ചും പറഞ്ഞവര്‍ ഒരുപാട് കരഞ്ഞു. എങ്ങോട്ട് തിരിഞ്ഞാലും കടല്‍ മാത്രം കാണുന്ന ഒരു ജനതയെ ആത്മസംഘര്‍ഷത്തിലേക്കും വേദനയിലേക്കും തള്ളി വിടുന്നത് എന്തിനാണ്?
ലക്ഷദ്വീപ് നിവാസികളുടെ സ്വത്വത്തിനും സംസ്കാരത്തിനും മേല്‍ ഭരണകൂടം ഗൂഢലക്ഷ്യത്തോടെ കടന്നുകയറ്റം നടത്തികൊണ്ടിരിക്കുന്നു. മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേഷ് ശര്‍മ്മയുടെ വിയോഗത്തിന് ശേഷം പ്രഫുല്‍ കെ. പട്ടേല്‍ എന്ന പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ അടുത്ത അനുയായിയും, സംഘപരിവാറുകാരനുമായ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റെടുത്തതോടെയാണ് ദ്വീപ് നിവാസികളുടെ ജീവിതം താളം തെറ്റിയത്. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റര്‍മാരായി ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ്വഴക്കം ലംഘിച്ചാണ് പ്രഫുല്‍ പട്ടേല്‍ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയുടെ അഡ്മിനിസ്ട്രേറ്ററായി ചുമതല ഏല്‍ക്കുന്നത്. ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണു അവിടെ നിന്നുള്ള സുഹൃത്തുക്കള്‍ വഴി അറിയാന്‍ കഴിഞ്ഞത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്കാരം ദാദാ നാഗര്‍ ഹവേലി ദാമന്‍ദ്യൂവില്‍ നടപ്പിലാക്കിയ ഗുണ്ടാ ആക്ട് കരട് പുറത്തിറക്കി കേന്ദ്ര നിയമമന്ത്രാലയത്തിലേക്ക് അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി തികച്ചും ജനാധിപത്യവിരുദ്ധമാണ്.
പ്രഫുല്‍ പട്ടേല്‍ ദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകര്‍ക്കുകയാണ്. ലക്ഷദ്വീപിലെ ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാര്‍ഗം മത്സ്യബന്ധനമാണ്. മത്സ്യത്തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പുതിയ അഡ്മിനിസ്ട്രേഷന് പൊളിച്ചു മാറ്റുകയാണുണ്ടായത്.
ദ്വീപിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. സ്കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. മൃഗസംരക്ഷണവകുപ്പ്, കാര്‍ഷികവകുപ്പ് എന്നിവയില്‍ നിന്നും നിരവധിപേരെ പുറത്താക്കി, ഇനിയും പുറത്താക്കാന്‍ പോവുന്നു. അംഗനവാടികള്‍ അടച്ചുപൂട്ടി. രാജ്യത്ത് എവിടെയും നടപ്പിലാക്കാത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്ന് ചട്ടവും കൊണ്ടുവന്നു. ഇത് തീര്‍ച്ചയായും ജനസംഖ്യ നിയന്ത്രിച്ച് ഈ പിന്നോക്ക വിഭാഗത്തെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമമാണ്.
കോവിഡ് കോസുകളില്‍ ലോകവും രാജ്യവും മുങ്ങിയപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച പ്രദേശമാണ് ദ്വീപ് സമൂഹങ്ങള്‍, രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തി എന്നതിന് രാജ്യം മുഴുവന്‍ പ്രശംസിച്ചു, എന്നാല്‍ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനമാണ്. കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്ക് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചതാണ് ഈ ദുരവസ്ഥക്ക് കാരണം, ആവശ്യത്തിന് ആശുപത്രി സംവിധാനം പോലും ഇല്ലാത്ത ചികിത്സക്ക് കേരളത്തെ ആശ്രയിക്കുന്ന ലക്ഷദ്വീപ് നിവാസികളെ വല്ലാതെ ഭയാശങ്കയിലാക്കിയിട്ടുണ്ട് ഈ മഹാമാരി.
കരയില്‍ നിന്ന് വരുന്ന കപ്പലില്‍ നിന്നും മദ്യം പിടിച്ചാല്‍ അതായിരുന്നു മുന്‍പൊക്കെ പ്രാദേശിക പത്രങ്ങളിലെ പ്രധാന വാര്‍ത്ത, അത് വലിയ നാണക്കേടുമായിരുന്നു. കാരണം ദ്വീപ് നിവാസികള്‍ക്ക് മദ്യം നിഷിദ്ധമായിരുന്നു, അതവരുടെ വിശ്വാസത്തിന്റെ ഭാഗവുമാണ്. എന്നാല്‍ പ്രഫുല്‍ പട്ടേല്‍ ടൂറിസത്തിന്റെ മറവില്‍ പരക്കെ മദ്യശാലകള്‍ തുറന്നു. ടൂറിസം വകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. അംബാനി, അദാനി പോലുള്ള കുത്തകകളുടെ വമ്പന്‍ ടൂറിസം പദ്ധതികള്‍ക്ക് കളമൊരുക്കുന്നതിനായി തദ്ദേശീയരെ ആട്ടിപ്പായിക്കുന്ന ശ്രമമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നീക്കം ലക്ഷദ്വീപിനെ തകര്‍ക്കുക എന്നതാണ്. ദ്വീപുകാര്‍ വര്‍ഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതല്‍ ആശ്രയിക്കണമെന്ന തീരുമാനവും അഡ്മിനിസ്ട്രേഷന് നടത്തുന്ന ചില കള്ളക്കളിയുടെ ഭാഗമാണ്.
ലക്ഷദ്വീപിലെ പാവപ്പെട്ട ജനങ്ങളെ പുകച്ചുപുറത്തു ചാടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിചിത്ര നിയമവും ബില്‍ഡിങ് ആക്റ്റ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി.വീട് വെക്കുമ്പോള്‍ തദ്ദേശീയരായ ജനങ്ങള്‍ പ്രത്യേക പെര്‍മിഷനെടുക്കണം. 3 വര്‍ഷത്തേക്ക് മാത്രമേ ആ പെര്മിഷന് നല്‍കൂ. പിന്നീട് പുതുക്കിക്കൊണ്ടിരിക്കണം. ഇതിലൂടെ എല്ലാ വീടുകളെയും ഈ നിയമത്തിനു കീഴില്‍ കൊണ്ടു വരാം. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ഈ നിയമത്തിലൂടെ ദ്വീപില്‍ ആരും സ്ഥിരതാമസക്കാര്‍ ഉണ്ടാവാന്‍ പാടില്ല എന്നാണ് ലക്ഷ്യം വെക്കുന്നത്.
ലക്ഷദ്വീപിലെ പ്രധാന ഭക്ഷണമായ ബീഫ് നിരോധിച്ചു, ഗോവധവും മാംസാഹാരവും നിരോധിച്ചു. വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍നിന്ന് ബീഫ് ഒഴിവാക്കി. അടിമുടി കാവിവത്ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് എന്നാണു അവിടുത്തെ മനുഷ്യര്‍ പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേതാവ് പി എം സെയ്ത് തുടര്‍ച്ചയായി വിജയിച്ചിരുന്ന 99 ശതമാനം മുസ്ലിങ്ങളുള്ള ഈ ലോക്സഭാ മണ്ഡലം പിന്നീട് ബിജെപിയുടെ ഘടക കക്ഷിയായ ജനതാദള്‍ (യു) വിന്റെ നേതാവായ ഡോ: പൂക്കുഞ്ഞി കൊയയിലൂടെ NDA വിജയിച്ചു. ജാതിയും മതവും നോക്കാതെ തികച്ചും മതനിരപേക്ഷരായ ജനങ്ങള്‍ വസിക്കുന്നയിടം. എന്നിട്ടും സാധാരണക്കാരായ പാവപ്പെട്ടവരുടെ സമാധാന ജീവിതം ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് തീര്‍ത്തും രാഷ്ട്രീയ പകപോക്കലാണ്, ഇതെഴുതുന്നതില്‍ ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്ത ലക്ഷദ്വീപിന്റെ ആദ്യ ന്യൂസ് പോര്‍ട്ടല്‍ ആയ ലക്ഷദ്വീപ് ഡയറിക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി എന്നുള്ളതാണ്, ലക്ഷദ്വീപ് സാഹിത്യ സംഘത്തിന്റെ പോര്‍ട്ടലിനാണ് പ്രതിഷേധങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന നിയന്ത്രണം കൊണ്ടുവന്നത്.
വിശ്വാസത്തെ തകര്‍ത്ത് ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പിന്തിരിയണം. ഇത് സാംസ്കാരിക അധിനിവേശമാണ്, നിഷ്കളങ്കരായ ഒരു ജനതയുടെ മേല്‍ ഭരണകൂടം നടത്തുന്ന തേര്‍വാഴ്ച, ജീവനും സ്വത്തും വിശ്വാസവും തകര്‍ക്കാനുള്ള ഗൂഢലക്ഷ്യം, പ്രഫുല്‍ പട്ടേല്‍ എന്ന അഡ്മിനിസ്ട്രേറ്ററെ കേന്ദ്രം ഉടന്‍ തിരിച്ചു വിളിക്കണം. കേരളത്തിലെ ഒരു ജില്ല പോലെ ലക്ഷ ദ്വീപിനെ ഞങ്ങള്‍ മലയാളികള്‍ ചേര്‍ത്ത് നിര്‍ത്തും. കൂടെയുണ്ട് പ്രിയപ്പെട്ടവരേ ഞങ്ങള്‍ മലയാളികള്‍... നമുക്ക് ഒന്നിച്ച് ചെറുക്കാം, ഒന്നിച്ച് പൊരുതാം...
Content Highlights: Salam Bappu, Director against Central Government, lakshadweep administration
Content Highlights: