'കഴിവ് തെളിയിക്കാൻ കുറച്ച് സമയംകൊടുക്കൂ'; മാധവ് സുരേഷിന് പിന്തുണയുമായി സംവിധായകൻ സാജിദ് യഹിയ

#Movies Desk
സാജിദ് യഹിയ, മാധവ് സുരേഷ്‌ | Photo: Facebook/ Sajid Yahiya
സാജിദ് യഹിയ, മാധവ് സുരേഷ്‌ | Photo: Facebook/ Sajid Yahiya

നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷിനെതിരേ സാമൂഹികമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളിൽ പിന്തുണയുമായി സംവിധായകൻ സാജിദ് യഹിയ. മാധവ് സുരേഷ് നായകനായ അങ്കം അട്ടഹാസം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധവ് നൽകിയ അഭിമുഖങ്ങളിലെ വാക്കുകൾ വലിയ ചർച്ചയായിരുന്നു. തുടർന്ന് നടനെതിരേ സൈബർ ആക്രമണം ഉൾപ്പെടെ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്തുണയുമായി സാജിദ് യഹിയ എത്തിയത്.

'മാധവ് സുരേഷ് ബ്രോ, നിങ്ങളുടെ പുതിയ ചിത്രം അങ്കം അട്ടഹാസം പുറത്തിറങ്ങിയതിന് പിന്നാലെ ധാരാളം പോപ്പ്- അപ്പ് വീഡിയോകളും ഓൺലൈനിൽ നെഗറ്റിവിറ്റിയും കാണുന്നു. താങ്കളെ നിരന്തരം ലക്ഷ്യമിടുന്ന, യൂട്യൂബ് വരുമാനത്തിൽ ജീവിക്കുന്ന റിവ്യൂവർമാരേയും കാണുന്നുണ്ട്. സിനിമ നല്ലതാണോ മോശമാണോ എന്ന് പറയാനല്ല ഞാൻ ഉദ്ദേശിക്കുന്നത്. സിനിമ എപ്പോഴും വ്യക്തിപരമാണ്. എന്നാൽ എനിക്കൊരു കാര്യം പറയാനുള്ളത്, കഴിവ് തെളിയിക്കാൻ മാധവിന് അല്പം സമയം നൽകണം എന്നാണ്', സാജിദ് യഹിയ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

'23 വയസ്സുള്ള ഒരു യുവനടനെ മോശമായി ഉന്നമിടുന്നത് നല്ലതാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? സിനിമയോടും സ്വന്തം കരിയറിനോടും വലിയ താത്പര്യമുള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം സ്വാഭാവികമായി പേരുമാറുന്നു എന്നതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടകാര്യം. സിനിമാമേഖലയിലെ പലരേയും പോലെ അദ്ദേഹം അഭിമുഖങ്ങളിൽ അഭിനയിക്കുന്നില്ല. യഥാർഥത്തിൽ എന്താണോ അതുപോലെ, നിഷ്‌കളങ്കനായി അദ്ദേഹം കാണപ്പെടുന്നു', സാജിദ് യഹിയ അഭിപ്രായപ്പെട്ടു.

'അദ്ദേഹത്തിന് ഇടംകൊടുക്കൂ, പിന്തുണയ്ക്കൂ. അദ്ദേഹത്തെ വളരാൻ അനുവദിക്കു. പരാജയങ്ങളിൽനിന്നും പഠിച്ച് ശക്തനായി തിരിച്ചുവരട്ടെ. അങ്ങനെയാണ് ഓരോ നല്ല നടനും ഉണ്ടാവുന്നത്. ആരും ഒറ്റരാത്രികൊണ്ട് ഇതിഹാസങ്ങളാവുന്നില്ല. മാധവ്- ആ ഊർജ്ജവും സത്യസന്ധതയും നിലനിർത്തൂ. എപ്പോഴും ആ തീ ഉള്ളിൽ നിലനിർത്തൂ. സിനിമ എപ്പോഴും ശരിയായ ആളുകളെ തിരഞ്ഞെടുക്കും, യഥാർഥ വ്യക്തിത്വമുള്ളവർ എപ്പോഴും പ്രേക്ഷകരുടെ ഹൃദയത്തിൽച്ചേക്കേറും', സാജിദ് യഹിയ അഭിപ്രായപ്പെട്ടു.

അഭിനേതാവായും നടനായും ശ്രദ്ധനേടിയ വ്യക്തിയാണ് സാജിദ് യഹിയ, ഇടി- ഇൻസ്‌പെക്ടർ ദാവൂദ് ഇബ്രാഹിം ആണ് ആദ്യ സംവിധാന സംരംഭം. മഞ്ജു വാര്യരെ നായികയാക്കി മോഹൻലാൽ എന്ന ചിത്രം സംവിധാനം ചെയ്തു. ഏതാനും ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.

Content Highlights: Sajid Yahiya publicly supports Madhav Suresh against negative online reviews. The director urges critics to give the 23-year-old actor time to prove his talent. Yahiya highlights Madhav's authentic personality compared to other industry actors. Discussion on the impact of YouTube reviewers on young actors' careers.