‘കുത്സിത പ്രവൃത്തിക്കെതിരെ നിയമനടപടി’; അംബേദ്കർ അവഹേളനം, ഇസ്ലാമോഫോബിയ ആരോപണങ്ങളിൽ സജീവൻ അന്തിക്കാട്

#മൂവീസ് ഡെസ്ക്
സജീവൻ അന്തിക്കാട് | Photo: Facebok/ Sajeevan Anthikad
സജീവൻ അന്തിക്കാട് | Photo: Facebok/ Sajeevan Anthikad

ചലച്ചിത്ര അക്കാദമി അംഗമായി നിയമിക്കപ്പെട്ടതിന് പിന്നാലെ പ്രചരിച്ച വാർത്തകളിൽ വിശദീകരണവുമായി സംവിധായകൻ സജീവൻ അന്തിക്കാട്. ഇസ്ലാമോഫോബിയ, അംബേദ്കർ അവഹേളനം ആരോപണങ്ങളിലാണ് സജീവൻ അന്തിക്കാടിന്റെ വിശദീകരണം. സംവിധായകന്റെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി സാമൂഹികമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ഇത് വാർത്തയായതിന് പിന്നാലെയാണ് വിശദീകരണം.

താൻ ഒരു അംബേദ്കറിസ്റ്റാണെന്ന് സജീവൻ അന്തിക്കാട് വ്യക്തമാക്കി. ഒൻപതു വർഷം മുമ്പുള്ള പോസ്റ്റാണ് ഇപ്പോൾ അംബേദ്കറെ അവഹേളിച്ചെന്ന പേരിൽ പ്രചരിക്കുന്നത്. അക്കാലത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ എഴുതുമ്പോൾ സർക്കാസം കൂടുതലായിരുന്നു. അതുകൊണ്ടാണ് ശത്രുക്കൾക്ക് മുറിച്ചെടുക്കാൻ പാകത്തിൽ സ്‌ക്രീൻഷോട്ട് ഉണ്ടായതെന്ന് സംവിധായകൻ വ്യക്തമാക്കി. ഇസ്ലാമോഫോബിയ ആരോപിച്ച് പ്രചരിക്കുന്ന പോസ്റ്റും വെട്ടിമുറിച്ച് വികൃതമാക്കിയതാണ്. താനൊരു മതവിമർശകനും നിരീശ്വരവാദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സജീവൻ അന്തിക്കാടിന്റെ കുറിപ്പിന്റെ പൂർണരൂപം:

പ്രിയ സുഹൃത്തുക്കളെ, എനിക്കെതിരെ വ്യാപകമായ ക്യാമ്പയിൻ നടക്കുന്നത് സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ശ്രദ്ധിക്കുന്നത്.

'ഞാൻ മഹാനായ അംബേദ്ക്കറിനെ കോമാളി എന്ന് വിളിച്ച് ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട്', 'അങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് ചലച്ചിത്ര അക്കാദമിയിൽ മെമ്പറാക്കി വെക്കുക' എന്നാണ് അവർ ചോദിക്കുന്നത്.

അവരുടെ നീതിബോധത്തെ ഞാൻ ബഹുമാനിക്കുന്നു, എന്നാൽ, സത്യം അതല്ല എന്ന് പറയാൻ ഈ അവസരം ഉപയോഗിക്കുന്നു. ഞാൻ ഒരു അംബേദ്കറിസ്റ്റാണ്. അദ്ദേഹത്തെ പോലുള്ളവരുടെ ഇടപെടൽ കൊണ്ടുമാത്രം ഇന്ന് തലയുയർത്തി നിൽക്കുന്ന ഒരു സമുദായത്തിൽ ജനിച്ച ആളുമാണ്. എന്റെ പോസ്റ്റുകൾ വായിക്കുന്ന ആളുകൾക്ക് അത് വേഗം മനസ്സിലാകും. എന്നിട്ടും എന്നെ അംബേദ്കർ വിരുദ്ധനായി അവതരിപ്പിക്കാനുതകുന്ന ഒരു സ്‌ക്രീൻ ഷോട്ട് എങ്ങനെ ഉണ്ടായി?

2019 സമയത്ത് ഞാൻ എസൻസ് എന്ന സംഘടനയിൽ നേതൃത്വത്തിൽ ഉണ്ടായിരുന്നു. ആ വർഷം കോഴിക്കോട് വെച്ച് ലിറ്റ്മസ് എന്ന ഒരു നാസ്തിക സമ്മേളനം നടന്നു. അന്ന് ഞങ്ങൾ പ്രഭാഷകർക്കായി തിരഞ്ഞെടുത്ത വസ്ത്രം കോട്ടാണ്. കോട്ടുകൾ തുന്നിയത് കോഴിക്കോട്ടെ എസൻസ് പ്രവർത്തകനായ ബോണ്ട് ബാബുവാണ്.

ഞങ്ങളുടെ നിർദ്ദേശ പ്രകാരം എല്ലാരും കോട്ടിട്ട് പ്രസംഗിച്ചു (വൈശാഖൻ തമ്പി ഒഴിച്ച്). പരിപാടിയൊക്കെ കഴിഞ്ഞ് നാസ്തികനായ ദൈവം എന്ന ഒരു ഗ്രൂപ്പിൽ ഒരു ചർച്ച നടന്നു. (കൂടുതൽ കാര്യങ്ങൾ ഓർമയില്ല, വർഷം 9 കഴിഞ്ഞു).

ഞങ്ങൾ കോട്ടിട്ടതിനെ പലരും അന്ന് വിമർശിച്ചു. ഇന്ത്യയിലെ ചൂടുള്ള സാഹചര്യത്തിൽ ഇടാനുള്ളതല്ല കോട്ട്, യൂറോപ്പിലെ തണുപ്പിള്ളിടത്ത് ഇടാനുള്ളതാണ്. 'ഇംഗ്ലീഷ് വസ്ത്രമായ കോട്ടിട്ട് പ്രഭാഷണം നടത്തിയ നിങ്ങൾ പബ്ലിക്കിന്റെ മുന്നിൽ വെറും കോമാളികൾ ആയി മാറിക്കഴിഞ്ഞു'-എന്ന രീതിയിൽ ചർച്ച പോയപ്പോൾ അന്ന് ഞാൻ 'മഹാനായ അംബേദ്കറും ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയിൽ കോട്ടിട്ടിരുന്നു' എന്ന ആശയം പങ്കുവെച്ചു.

അക്കാലത്ത് ഫേസ്ബുക്കിൽ എഴുതുമ്പോൾ എനിക്ക് സർക്കാസം കുറച്ച് കൂടുതലായിരുന്നു. അതുകൊണ്ടാണ് ശത്രുക്കൾക്ക് മുറിച്ചെടുക്കാൻ പാകത്തിലുള്ള സ്‌ക്രീൻ ഷോട്ട് ഉണ്ടായത്. അല്ലാതെ മനസ്സാ വാചാ അദ്ദേഹത്തെ ആക്ഷേപിക്കുവാൻ ഉദ്ദേശിച്ചിട്ടില്ല. ഈ സ്‌ക്രീൻ ഷോട്ട് ചില ആളുകൾ അന്ന് തന്നെ പബ്ലിക്കായി പോസ്റ്റ് ചെയ്യുകയും ഒന്നു രണ്ടു ദളിത് സംഘടനകൾ എനിക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തു.

പരാതിക്കാരുടെ ഓഫീസിൽ ഞാൻ നേരിട്ട് ചെല്ലുകയും മുഴുവൻ ഫേസ്ബുക്ക് പോസ്റ്റും അവർക്ക് കാണിച്ചു കൊടുക്കുകയും സാഹചര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. സത്യം മനസ്സിലാക്കിയ ആ സംഘടനാ നേതാക്കൾ ആ പരാതികൾ പിൻവലിക്കുകയും ഞങ്ങൾ പിന്നീട് നല്ല സുഹൃത്തുക്കൾ ആയി മാറുകയും ചെയ്തു.

ഇപ്പോൾ മറ്റൊരു സ്‌ക്രീൻഷോട്ടും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അതും വെട്ടിമുറിച്ച് വികൃതമാക്കിയതാണ്. ഞാനൊരു മതവിമർശകനാണ്, നിരീശ്വരവാദിയാണ്, എല്ലാ മതങ്ങളെയും ഞാൻ വിമർശിക്കാറുണ്ട്.

മതമേതായാലും എനിക്ക് പ്രശ്‌നമല്ല. മോദി സർക്കാറിന്റെയും ഹിന്ദുത്വയുടെയും സ്ഥിരം വിമർശകൻ എന്ന് ധരിക്കാൻ ഇടനൽകുന്ന അത്രക്കു പോസ്റ്റുകൾ എന്റെ വാളിൽ കാണാം. ഇസ്ലാമിസ്റ്റുകൾക്കും പ്രത്യേക കൺസിഡറേഷനൊന്നും കൊടുക്കാറില്ല.

'മുസ്ലിം സമൂഹത്തിൽ ഇസ്ലാമിസ്റ്റുകൾ എന്ന് പറയുന്നവർ ചെറിയ ഒരു ശതമാനം ഉണ്ടായാൽ മതി, അവർ ആ സമുദായത്തിലെ സൈ്വര്യജീവിതം ആഗ്രഹിക്കുന്ന ഭൂരിപക്ഷത്തെ മുൾമുനയിൽ നിർത്തി തെരുവിൽ അഴിഞ്ഞാടും', എന്ന് ഒരിക്കൽ ഞാൻ എഴുതിയത് മുറിച്ചെടുത്ത് ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്നത് 'മുസ്ലീങ്ങൾ 10% ആയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാകും' എന്നാണ്.

ഇത്തരം സത്യസന്ധമല്ലാത്ത പ്രചാരണങ്ങൾ എന്തിനാണ്? ചില സമുദായങ്ങളുടെ ശത്രുത എന്റെ മേൽ വീഴ്ത്താനും എനിക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കാനുമായിരിക്കാം. തീർച്ചയായും ഇത്തരം കുത്സിത പ്രവർത്തികൾക്കെതിരെ നിയമനടപടികൾ ഞാൻ സ്വീകരിക്കുന്നുണ്ട്. ഇല്ലെങ്കിൽ ഇവർ പറയുന്നതിൽ 'എന്തെങ്കിലും കാണാതിരിക്കില്ല' എന്ന് തെറ്റിദ്ധരിക്കാമല്ലോ. മാന്യസുഹൃത്തുക്കൾ സത്യാവസ്ഥ തിരിച്ചറിഞ്ഞ് ഇത്തരം ക്യാമ്പയിനുകളെ തള്ളിക്കളയണം എന്നഭ്യർഥിക്കുന്നു.

Content Highlights: Sajeevan Antikkad responds to online accusations regarding past social media posts. Clarifies that he is an Ambedkarite and the viral screenshots were taken out of context. States his views as an atheist and critic of all religious extremism. Refutes Islamophobia charges, calling the circulated posts distorted. Announces decision to initiate legal action against false and defamatory campaigns.