സൈജു കുറുപ്പ് നായകനാകുന്ന 'ജയ് മഹേന്ദ്രൻ'; സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ് വരുന്നു

ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS
ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS

സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ് വരുന്നു. ജയ് മഹേന്ദ്രൻ എന്ന് പേരിട്ടിരിക്കുന്ന സീരിസ്, ഒരു രാഷ്ട്രീയപ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. തമിഴിലും തെലു​ഗുവിലും നിരൂപക പ്രശംസ നേടിയ സീരിസുകൾ നിർമിച്ച ശേഷമാണ് മലയാളത്തിൽ സീരിസുമായി സോണി ലിവ് എത്തുന്നത്. 

രാഷ്ട്രീയ സ്വാധീനവും ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാൻ മിടുക്കുള്ള ഓഫീസർ മഹേന്ദ്രനാണ് പരമ്പരയുടെ കേന്ദ്രകഥാപാത്രം. എന്നാൽ ഇതേ രാഷ്ട്രീയക്കളികളുടെ ഇരയായി മഹേന്ദ്രനും മാറുന്നു. അതോടെ അയാൾക്ക് തന്റെ ഓഫീസിലുണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും നഷ്ടമാകുന്നു. അയാളുടെ ആശയങ്ങളും ചിന്താഗതിയുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. സ്വന്തം ജോലി സംരക്ഷിക്കാനും കൈമോശം വന്ന സൽപ്പേര് വീണ്ടെടുക്കാനും മഹേന്ദ്രൻ കഷ്ടപ്പെടുന്നു. വേണ്ടിവന്നാൽ അതിന് സിസ്റ്റത്തെ മുഴുവൻ അട്ടിമറിക്കാനും അയാൾ തയ്യാറാകും. ഈ തീക്കളിയിൽ മഹേന്ദ്രൻ ജയിക്കുമോ തോൽക്കുമോ എന്നതാണ് സീരിസിന്റെ കൗതുകം. 

ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഫിലിംമേക്കർ രാഹുൽ റിജി നായരാണ് ജയ് മഹേന്ദ്രന്റെ രചനയും നിർമാണവും. ശ്രീകാന്ത് മോഹനാണ് സംവിധാനം. സൈജു കുറുപ്പ്, സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രാഹുൽ റിജി നായർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. 

"സോണി ലിവിന്റെ ഇന്ത്യൻ ഉള്ളടക്കത്തിൽ വ്യത്യസ്തകളും വൈവിധ്യങ്ങളും കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ജയ് മഹേന്ദ്രൻ. ഇന്ത്യക്ക് വേണ്ടി കണ്ടന്റ് ഉണ്ടാക്കുമ്പോൾ, വ്യത്യസ്തരായ നിരവധി കാലകരന്മാരുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നു എന്ന ഗുണമുണ്ട്. ഓരോ ഭാഷയിലും ചിത്രങ്ങൾ നിർമ്മിക്കുമ്പോൾ വ്യത്യസ്തങ്ങളായ സംസ്കാരങ്ങളെയും വീക്ഷണങ്ങളെയും കൂടി അവതരിപ്പിക്കുകയും അവ തമ്മിലുള്ള അകലം കുറയ്ക്കാനുള്ള അവസരവുമാണ് ഞങ്ങൾക്ക് കിട്ടുന്നത്" - സൗഗത മുഖർജി, ഹെഡ് ഓഫ് കണ്ടന്റ്, സോണി ലിവ്

"ഒരു ഓഫീസറുടെ ജീവിതം വ്യത്യസ്ത വീക്ഷണകോണുകളിലൂടെ അവതരിപ്പിക്കാനാണ് ജയ് മഹേന്ദ്രൻ ശ്രമിക്കുന്നത്. പല ഘട്ടങ്ങളിലായുള്ള അധികാരകേന്ദ്രീകരണം കാരണം സിസ്റ്റം വളരെ സങ്കീർണമായിരിക്കും. പക്ഷെ പ്രേക്ഷകർക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും അതേസമയം അവർക്ക് ആസ്വദിക്കാനും കഴിയുന്ന ഒരു പരമ്പരയാണ് ഞങ്ങൾ അണിയിച്ചൊരുക്കുന്നത്"- രാഹുൽ റിജി നായർ, പരമ്പരയുടെ നിർമാതാവ്

Content Highlights: saiju kurupp in jai mahendran sony liv original series