വരികളിൽ കണ്ണുംനട്ട് ജാനകിയമ്മയും യേശുദാസും; ഈണമിട്ട് രവീന്ദ്രൻ മാസ്റ്റർ; ആ ലെജൻഡറി ഫ്രെയിം

#ഗോപികാ സതീനാരായണൻ
സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ പി. ഡേവിഡ്, 'ചിരിയോ ചിരി'യിലെ 'കൊക്കാമന്തീ കോനാനിറച്ചീ' എന്ന പാട്ട് ചിട്ടപ്പെടുത്തുന്ന സമയത്ത് പി. ഡേവിഡ് പകര്‍ത്തിയ ഫോട്ടോ. എസ്. ജാനകി, ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമിയുടെ മുഴുവന്‍സമയ ഡയറക്ടറുമായ പി.വി. ഗംഗാധരന്റെ അമ്മ മാധവി സാമി, ഗായകന്‍ കെ.ജെ. യേശുദാസ്, സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍. പിന്‍നിരയില്‍- പ്രമുഖ അഭിഭാഷകന്‍ എം. ഷഹീര്‍ സിങ്, പി.വി. ഗംഗാധരന്‍, ഗാനരചയിതാവ് ബിച്ചു തിരുമല, മാധ്യമപ്രവര്‍ത്തകന്‍ വേണു, നടന്‍ ബാലചന്ദ്രമേനോന്‍ | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

കോഴിക്കോട്: ‘ഇന്നത്തെപ്പോലയല്ല, അന്നൊക്കെ പടത്തിന്റെ പൂജ കഴിഞ്ഞാൽപ്പിന്നെ ആദ്യംനടക്കുക പാട്ടിന്റെ റെക്കോഡിങ്ങാണ്. ചെന്നൈയിൽ ‘ചിരിയോ ചിരി’ സിനിമയുടെ പൂജകഴിഞ്ഞ് ‘കൊക്കാമന്തീ കോനാനിറച്ചീ’ എന്ന പാട്ട് ചിട്ടപ്പെടുത്തുന്ന സമയത്തെടുത്ത് എല്ലാവരും ഒന്നിച്ചിരുന്നപ്പോഴെടുത്ത ഫോട്ടോയാണത്. ബാലചന്ദ്രമേനോന്റെ സിനിമയായിരുന്നു. ദാസേട്ടനൊപ്പം കുട്ടികളുടെ ശബ്ദത്തിലാണ് ജാനകിയമ്മ അന്ന് ആ പാട്ട് പാടിയത്.’ ചലച്ചിത്രനിർമാതാവും മാതൃഭൂമിയുടെ മുഴുവൻസമയ ഡയറക്ടറുമായിരുന്ന പി.വി. ഗംഗാധരന്റെ ഭാര്യ ഷെറിൻ ഗംഗാധരൻ ഓർത്തു.

എസ്. ജാനകിയും കെ.ജെ. യേശുദാസും പാട്ടിന്റെ വരികളിൽ കണ്ണുനട്ടിരിക്കുന്നു. ഹാർമോണിയത്തിൽ ഈണമിട്ടുകൊണ്ടിരിക്കുന്ന രവീന്ദ്രൻ മാസ്റ്റർ, അതാസ്വദിച്ചുനിൽക്കുന്ന ബിച്ചു തിരുമലയും ബാലചന്ദ്രമേനോനും. അരികിൽ നിർമാതാവ് പി.വി.ജി.യും അമ്മ മാധവിസാമിയും. പ്രതിഭാസംഗമംപോലൊരു നിമിഷത്തെ ക്യാമറയിൽ പകർത്തിയതാകട്ടെ മലയാള സിനിമയുടെ ചരിത്രസൂക്ഷിപ്പുകാരനെന്ന് വിശേഷിപ്പിക്കാനാകുന്ന പി. ഡേവിഡ്. ആദ്യകാല സ്റ്റിൽ ഫോട്ടോഗ്രാഫർമാരിലൊരാളായ ഡേവിഡ് ക്യാമറയിലാക്കിയ വലിയ കാലത്തിന്റെ പ്രധാന ഏടുകളിലൊന്ന്.

‘പകൽക്കിനാവ്’ എന്ന സിനിമയുടെ സമയത്താണ് ഞാൻ ജാനകിയമ്മയെ പരിചയപ്പെടുന്നത്. ‘കേശാദിപാദം തൊഴുന്നേൻ...’ എന്ന പാട്ട് പാടാനെത്തിയതായിരുന്നു അവർ. പാട്ട് വലിയ ഹിറ്റായി. അതിനുശേഷം ധാരാളം സിനിമകളിൽ ഒരുമിച്ച് വർക്കുചെയ്തു. കുടുംബങ്ങൾ തമ്മിലും അടുപ്പമുണ്ടായിരുന്നു. പിന്നെ സ്റ്റുഡിയോയിൽവെച്ചാണ് പലപ്പോഴും കാണുക, അപ്പോഴെല്ലാം സംസാരിക്കാനാവാത്തവണ്ണം ഞങ്ങൾ രണ്ടുപേരും തിരക്കിലാകും.’ ഡേവിഡ് പറഞ്ഞു. 150-ലധികം മലയാളസിനിമകളിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായിട്ടുണ്ട് ഡേവിഡ്. അതിൽ മിക്കതിലും ജാനകിയമ്മ പാടിയിട്ടുണ്ടാകും. അതിൽ പലതും നിർമിച്ചത് പി.വി.ജി.യാകും. വേർപെടുത്തിയെടുക്കാനാകാതെ, കൂട്ടിവായിക്കേണ്ട കലയുടെ ചില സൂത്രവാക്യങ്ങൾപോലുള്ള പാട്ടുകൾ.

പി.വി.ജി. നിർമിച്ച ചിത്രങ്ങളിൽ എസ്. ജാനകി പാടിയ ചില പാട്ടുകൾ

  • അങ്ങാടി- കണ്ണുംകണ്ണും തമ്മിൽ തമ്മിൽ...
  • ഒഴിവുകാലം- സായന്തനം നിഴൽവീശിയില്ല...
  • മനസാ വാചാ കർമണ- പ്രഭാതം പൂമരക്കൊമ്പിൽ...
  • ഇത്തിരിപ്പൂവേ ചുവന്നപൂവേ- ഓമനത്തിങ്കൾ കിടാവോ...
  • അഹിംസ- ജലശംഖുപുഷ്പം...
  • കാറ്റത്തെ കിളിക്കൂട്- ഗോപികേ നിൻവിരൽ...

Content Highlights: Rare insights into the recording sessions of classic Malayalam films. The collaborative genius of S. Janaki, K.J. Yesudas, and Ravindran Master. The historical significance of P.V. Gangadharan's film productions. P. David's role as a silent chronicler of Malayalam cinema history