അവർ അമ്മാ മട്ടുമല്ലൈ, കടവുൾ താൻ..; ജാനകിയുടെ ചേതനയറ്റ ശരീരത്തിനുമുന്നിൽ പൊട്ടിക്കരഞ്ഞ് സുന്ദരമൂർത്തി

മൈസൂരു: എസ്. ജാനകിയുടെ ചേതനയറ്റ ശരീരത്തിനുമുന്നിൽനിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് സുന്ദരമൂർത്തി പറഞ്ഞു, “അവർ അമ്മാ മട്ടുമല്ലൈ... കടവുൾ താൻ. എനിക്ക് അമ്മാവും കടവുളും അവർ താൻ’’. സാധാരണക്കാരനായ ഒരു ആരാധകന് എത്രമാത്രം ഹൃദയത്തിലിടം നൽകാമെന്നതിന്റെ മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ചാണ് സുന്ദരമൂർത്തിയുടെ സംഗീതലോകത്തുനിന്ന് ജാനകി വിടപറഞ്ഞത്.
പ്രിയഗായികയെ കാണാൻ കാതങ്ങൾ താണ്ടി ചെന്നൈയിലെ മാങ്ങാടിൽനിന്ന് മൈസൂരുവിലെത്തുമ്പോൾ സുന്ദരമൂർത്തിക്കും ഭാര്യ പ്രിയയ്ക്കും ജാനകിയോടൊപ്പമുള്ള അനേകം ഓർമ്മകളാണ് മനസ്സിൽ. തന്റെ വിവാഹത്തിന് ജാനകി അയച്ച ആശംസാകാർഡും അവരുമൊത്തുള്ള ഫോട്ടോകൾ അടങ്ങിയ ആൽബവും നെഞ്ചോടുചേർത്ത് കരച്ചിലടക്കാനാകാതെയാണ് ഇരുവരും മൈസൂരുവിൽനിന്ന് മടങ്ങിയത്.
ബാറ്ററിക്കമ്പനി തൊഴിലാളിയായ സുന്ദരമൂർത്തി ചെന്നൈയിലെ സംഗീതപരിപാടിക്കിടയിൽ 2000-ത്തിലാണ് ജാനകിയെ ആദ്യമായി കണ്ടത്. വേദിയിൽനിന്നിറങ്ങിയ അവരെ പരിചയപ്പെടാനടുത്തപ്പോൾ ജാനകി ചേർത്തുനിർത്തി സൗഹൃദം പങ്കുവെച്ചു. പിന്നീട് ആ ചങ്ങാത്തം തടസ്സമില്ലാതെ തുടർന്നു. ചെന്നൈയിൽ എവിടെ സംഗീതപരിപാടി നടന്നാലും അവർ ജാനകിയെ കാണാനെത്തും. ഹൈദരാബാദിൽ താമസമാക്കിയപ്പോൾ മൂന്നുതവണ സ്വന്തംവീട്ടിലേക്ക് ജാനകി ഇരുവരെയും ക്ഷണിച്ചുവരുത്തി.
മൂർത്തിയുടെയും പ്രിയയുടെയും വിവാഹത്തിന് എത്തിച്ചേരാനാകാത്തതിനാൽ സ്വന്തം കൈപ്പടയിൽ എഴുതിയ ആശംസാ കാർഡ് അയച്ചാണ് ജാനകി സാന്നിധ്യം അറിയിച്ചത്. മൂർത്തി ചെന്നൈയിലെ മാങ്ങാടിൽ പുതിയ വീടെടുത്തപ്പോൾ നേരിട്ടെത്തുകയും ചെയ്തു. ഒടുവിൽ ഫോൺചെയ്തപ്പോൾ, അടുത്തയാഴ്ച മൈസൂരുവിലെ വീട്ടിൽ വരണമെന്നാണ് ജാനകിയമ്മ പറഞ്ഞതെന്നും മൂർത്തി വിതുമ്പലോടെ ഓർത്തു.
വിതുമ്പി ചിത്രയും സുജാതയും
മൈസൂരു: ഗുരുവായും അമ്മയായും അത്രയേറെ ഹൃദയത്തിൽ ചേർത്തുവെച്ച എസ്. ജാനകിയെ അവസാനമായി കണ്ടപ്പോൾ കെ.എസ്. ചിത്രയ്ക്കും സുജാതയ്ക്കും ദുഃഖം അടക്കാനായില്ല.
പ്രിയ ഗായികയുടെ ഓർമ്മകളിൽ ഇരുവരും വിതുമ്പി. മൈസൂരു മഹാരാജാ ഗ്രൗണ്ടിൽ പൊതുദർശനത്തിനെത്തിച്ച ജാനകിയമ്മയുടെ മൃതദേഹത്തിൽ അവർ ആദരാഞ്ജലികളർപ്പിച്ചു.
ജാനകിയമ്മയുടെ മരണവാർത്ത വലിയൊരു ആഘാതമാണുണ്ടാക്കിയതെന്ന് സുജാത പറഞ്ഞു. ‘‘എനിക്കു മാത്രമല്ല മകൾ ശ്വേതയുടെ സംഗീത ജീവിതത്തിലും ഗുരുവും വഴികാട്ടിയുമാണ് അവർ. നമ്മോടൊപ്പമുണ്ടായിരുന്ന ഈശ്വര ചൈതന്യം ഇല്ലാതായി’’- സുജാത പറഞ്ഞു.
മൈസൂരുവിലെ ഫാംഹൗസിൽ അന്ത്യനിദ്ര
മൈസൂരു: ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച് ദക്ഷിണേന്ത്യയുടെയാകെ പ്രിയങ്കരിയായി മാറിയ എസ്. ജാനകിക്ക് മൈസൂരുവിലെ ഫാം ഹൗസിൽ അന്ത്യനിദ്ര. മൈസൂരു പട്ടണത്തിൽനിന്ന് 20 കിലോമീറ്ററോളം അകലെയുള്ള കണയനഹുണ്ടി എന്ന ഗ്രാമത്തിലെ ഹരിതഭൂമിയിലാണ് എസ്. ജാനകിക്ക് അന്ത്യവിശ്രമസ്ഥലമൊരുക്കിയത്.
അന്ത്യയാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ ഒട്ടേറെപ്പേർ ഫാം ഹൗസിലെത്തി. പൊതുദർശനത്തിനുശേഷം, അലങ്കരിച്ച വാഹനത്തിൽ വിലാപയാത്രയായാണ് മൃതദേഹം കണയനഹുണ്ടിയിലേക്ക് എത്തിച്ചത്. കന്നഡ പാരമ്പര്യത്തിന്റെ ഭാഗമായി വാദ്യമേളങ്ങൾ വിലാപയാത്രയ്ക്ക് അകമ്പടിയായി. കർണാടക മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ ചടങ്ങിൽ സംബന്ധിച്ചു. ജാനകിയുടെ മരുമകൾ ഉമ, പേരക്കുട്ടി അപ്സര എന്നിവരും അടുത്ത ബന്ധുക്കളും അന്ത്യക്രിയകളിൽ പങ്കെടുത്തു.
സമാനതകളില്ലാത്ത സംഗീതം -പ്രധാനമന്ത്രി
സമാനതകളില്ലാത്തതും വൈവിധ്യമാർന്നതുമായ ആലാപനത്തിലൂടെ തലമുറകളെ ആകർഷിച്ച സംഗീതജ്ഞയാണ് എസ്. ജാനകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. എല്ലാ ജീവിതവികാരങ്ങളും സംഗീതത്തിലൂടെ അവർ പ്രകടിപ്പിച്ചു. സംഗീതലോകത്തിനും സംസ്കാരത്തിനും അപരിഹാര്യമായ നഷ്ടമാണ് ജാനകി അമ്മയുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്. അവരുടെ മെലഡികൾ ഇനി വരാനിരിക്കുന്ന തലമുറകളെയും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുമെന്നും മോദി പറഞ്ഞു.
സംഗീതലോകത്തെ അതുല്യപ്രതിഭ -രാഷ്ട്രപതി
ന്യൂഡൽഹി: എസ്. ജാനകിയുടെ വേർപാടിലൂടെ സംഗീതലോകത്തെ അതുല്യപ്രതിഭയെയാണ് ഇന്ത്യക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.
അവരുടെ അസാധാരണമായ ആലാപനശൈലി തലമുറകളെ പ്രചോദിപ്പിച്ചു. ആറു പതിറ്റാണ്ടിലേറെ നീണ്ട കലാസപര്യക്കിടയിൽ ഇരുപതോളം ഇന്ത്യൻ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങളാണ് അവർ പാടി റെക്കോഡ് ചെയ്തത്. കാലത്തെ അതിജീവിക്കുന്നതാണ് അവരുടെ സംഗീതം. അത് അങ്ങേയറ്റം മൂല്യവത്തായി നിലനിൽക്കുമെന്നും രാഷ്ട്രപതി അനുശോചനസന്ദേശത്തിൽ പറഞ്ഞു..
കേരളത്തിന്റെ ആദരം
എസ്. ജാനകിക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി.എം. ജോൺ അന്തിമോപചാരം അർപ്പിച്ചു. മൈസൂരു മഹാരാജാ ഗ്രൗണ്ടിൽനടന്ന പൊതുദർശനച്ചടങ്ങിലാണ് കേരളസർക്കാരിനെ പ്രതിനിധീകരിച്ച് പുഷ്പചക്രം സമർപ്പിച്ചത്.തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകിയെന്നും അവരുടെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
Content Highlights: Iconic playback singer S. Janaki passes away in Mysuru. Public homage held at Mysuru Maharaja Grounds with tributes from K.S. Chithra and Sujatha. Laid to rest at her farmhouse in Kanayanahundi, Mysuru. President Droupadi Murmu and PM Narendra Modi honor her unmatched musical legacy. Kerala Government pays official respects through Minister Roji M. John