‘എന്റെ ദുഃഖം കണ്ണുനീർകൊണ്ട് അളക്കരുത്’; വിമർശകർക്ക് മറുപടിയുമായി എസ്. ജാനകിയുടെ പേരക്കുട്ടി

ഇതിഹാസ ഗായിക എസ്. ജാനകിയുടെ മരണത്തെത്തുടർന്ന്, സോഷ്യൽ മീഡിയയിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ചെറുമകൾ അപ്സര വൈദ്യുല. തൻ്റെ ദുഃഖം കണ്ണുനീർകൊണ്ട് അളക്കരുതെന്ന് അവർ അഭ്യർത്ഥിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിൽ, അവരുടെ മുത്തശ്ശിയെയും മൂത്ത സഹോദരിയെയും നഷ്ടപ്പെട്ടതിനെക്കുറിച്ച് അപ്സര ഓർത്തു. തന്റെ ദുഃഖം വളരെ വ്യക്തിപരമാണെന്നും ബാഹ്യ പ്രകടനങ്ങളിലൂടെ അതിനെ വിലയിരുത്താനാവില്ലെന്നും അവർ പറഞ്ഞു.
മുത്തശ്ശി എസ്. ജാനകിയുടെ മരണശേഷം പൊതുജനമധ്യത്തിൽ എന്തുകൊണ്ട് കൂടുതൽ ദുഃഖിതയായി കാണപ്പെട്ടില്ലെന്ന് ചോദ്യങ്ങൾ തനിക്ക് നേരിടേണ്ടിവന്നതായി അവർ കുറിച്ചു. ദുഃഖം എന്നത് വളരെ വ്യക്തിപരമായ കാര്യമാണെന്നും അത് എപ്പോഴും പുറത്തേക്ക് പ്രകടിപ്പിക്കണമെന്നില്ലെന്നും അപ്സര പറയുന്നു. മരണത്തെ ഒരു ആത്മീയ കാഴ്ചപ്പാടിലൂടെ കാണാൻ തന്നെ പഠിപ്പിച്ചത് തന്റെ മുത്തശ്ശിയാണെന്നും, ജീവിതം അവസാനിക്കുമ്പോൾ സ്നേഹം അവസാനിക്കുന്നില്ലെന്നും അവർ ഓർമ്മിപ്പിച്ചു. ചിലപ്പോഴൊക്കെ ദുഃഖം എന്നത് വളരെ ശാന്തവും നിശബ്ദവുമാണെന്ന് അപ്സര കൂട്ടിച്ചേർത്തു.
"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, എൻ്റെ കണ്ണുകളിൽ കണ്ണുനീർ കാണാത്തതുകൊണ്ട് എൻ്റെ ദുഃഖത്തെ ആളുകൾ ചോദ്യം ചെയ്യുന്നത് ഞാൻ കണ്ടു. നിങ്ങൾ കാണുന്നതോ കാണാത്തതോ ആയ കണ്ണുനീർ കൊണ്ട് എൻ്റെ മുത്തശ്ശിയോടുള്ള സ്നേഹം അളക്കരുത്. മരണത്തെ ആത്മീയമായ തലത്തിൽ നിന്ന് മനസ്സിലാക്കാനാണ് അവർ ഞങ്ങളെ പഠിപ്പിച്ചത്. ഒരു ജീവിതം അവസാനിച്ചാലും സ്നേഹം അവസാനിക്കുന്നില്ലെന്ന് അവർ ഞങ്ങളെ പഠിപ്പിച്ചു. എൻ്റെ അനുഭവങ്ങൾ ഞാൻ ആഗ്രഹിച്ചതിനേക്കാൾ അധികം എന്നെ ശക്തയാക്കിയിട്ടുണ്ട്. ദുഃഖം എപ്പോഴും ഉച്ചത്തിലല്ല. ചിലപ്പോൾ അത് നിശ്ശബ്ദവും സ്ഥിരവും ആഴത്തിൽ വ്യക്തിപരവുമാണ്." അപ്സരയുടെ വാക്കുകൾ.
2023 ഓഗസ്റ്റിൽ മരിച്ച തന്റെ മൂത്ത സഹോദരി വർഷയെക്കുറിച്ചും അപ്സര കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. വർഷയെ മുത്തശ്ശിയുടെ "ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി" എന്നാണ് അപ്സര വിശേഷിപ്പിച്ചത്. രണ്ടുപേർക്കും അസാധാരണമായ ബന്ധമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
"എൻ്റെ മുത്തശ്ശിയുടെ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി എൻ്റെ മൂത്ത സഹോദരി വർഷയായിരുന്നു. വാക്കുകൾക്ക് പൂർണ്ണമായി വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ അവർ പരസ്പരം മനസ്സിലാക്കി. എല്ലാ അർത്ഥത്തിലും അവർ പരസ്പരം യോജിച്ചവരായിരുന്നു. ഇന്ന് എന്റെ സ്ഥാനത്തുനിന്ന് എല്ലാം ചെയ്യേണ്ടിയിരുന്നത് വർഷ ആയിരുന്നു എന്ന് ലോകം മറക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. 2023 ഓഗസ്റ്റിൽ അവർ വിടവാങ്ങി. ഞങ്ങളുടെ കുടുംബത്തിന് ആ നഷ്ടത്തിൽ നിന്ന് ഒരിക്കലും പൂർണ്ണമായി മുക്തരാകാൻ കഴിയില്ലഞാൻ കണ്ടെത്തുന്ന ഏക ആശ്വാസം അവർ വീണ്ടും ഒന്നിച്ചാണെന്ന് അറിയുക എന്നതാണ്. യഥാർത്ഥത്തിൽ അറിയാത്ത ഒരു കുടുംബത്തെക്കുറിച്ച് ആളുകൾ അഭിപ്രായം രൂപീകരിക്കുന്നത് കാണുന്നത് വേദനാജനകമാണ്." അപ്സര കൂട്ടിച്ചേർത്തു.
മൈസൂരുവിലെ ബൊഗാദിയിലെ വീട്ടിൽവെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്നാണ് എസ്. ജാനകിയെ ആശുപത്രിയിലെത്തിച്ചത്. വൈകീട്ടോടെ അന്തരിച്ചു. ഏകമകൻ മുരളീകൃഷ്ണ ജനുവരിയിൽ മരിച്ചതിനെത്തുടർന്ന് പേരക്കുട്ടി അപ്സരയുടെ കൂടെയായിരുന്നു മൈസൂരുവിൽ താമസം.
60 വർഷത്തെ സംഗീത ജീവിതത്തിനിടെ അനേകായിരം ഗാനങ്ങൾ ആലപിച്ചു. മലയാളം, തെലുഗു, കന്നഡ, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉറുദു, ഗുജറാത്തി, സംസ്കൃതം, ബഡഗ, പഞ്ചാബി, കൊങ്കിണി, അസമീസ് തുടങ്ങി 17-ഭാഷകളിലൂടെ ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് മായാത്ത മുദ്രപതിച്ചു. സിംഹള, ഇംഗ്ലീഷ്, ജർമൻ, ജാപ്പനീസ് ഭാഷകളിലും പാടിയിട്ടുണ്ട്. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും വിവിധ സംസ്ഥാനങ്ങളിലെ 33 അവാർഡുകളും നേടി.
Content Highlights: Following the demise of legendary singer S. Janaki, her granddaughter Apsara Vydyula shared a deeply moving Instagram post confronting online trolls who questioned her lack of public tears, while opening up about the dual loss of her grandmother and late elder sister.