ജാനികയമ്മ ഔപചാരിക സംഗീതപഠനം നടത്തിയിട്ടില്ല എന്നത് അവിശ്വസനീയം-ശ്രീകുമാരൻ തമ്പി

വിഖ്യാത ഗായിക എസ്. ജാനകിയുടെ നിര്യാണത്തിൽ അനുശോചിച്ച് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ചലച്ചിത്രസംഗീത ലോകത്തിനും തന്നെപ്പോലുള്ള അനേകം കലാകാരന്മാർക്കും വലിയൊരു നഷ്ടമാണ് ജാനകിയമ്മയുടെ വിടവാങ്ങലെന്ന് അദ്ദേഹം പറഞ്ഞു.
1966 മുതൽ 60 വർഷം നീളുന്ന ആഴത്തിലുള്ള ബന്ധമാണ് ജാനകിയുമായുള്ളത്. എന്റെ ആദ്യ ചലച്ചിത്രഗാനമായ 'കാട്ടുമല്ലിക'യിലെ 'താമരത്തോണിയിൽ താലോലമാടി' എന്ന ഗാനം യേശുദാസിനൊപ്പം ആലപിച്ചത് ജാനകിയായിരുന്നു. അന്നെനിക്ക് 26 വയസ്സും ജാനകിയമ്മയ്ക്ക് 28 വയസ്സുമായിരുന്നു പ്രായം.
യാതൊരുവിധ ഔപചാരിക സംഗീതപഠനവും ജാനകിയമ്മ നടത്തിയിട്ടില്ല എന്നത് അവിശ്വസനീയമായ കാര്യമാണ്. സരിഗമപധനിസയോ വർണങ്ങളോ കീർത്തനങ്ങളോ അവർ പഠിച്ചിട്ടില്ല. സംഗീത സംവിധായകർ പാടിക്കൊടുക്കുമ്പോൾ പി. സുശീല, പി. ലീല, വാണി ജയറാം തുടങ്ങിയ മറ്റ് ഗായികമാർ വരികൾക്കൊപ്പം സ്വരങ്ങളും എഴുതിയെടുക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ, സ്വരങ്ങൾ അറിയാത്ത ജാനകിയമ്മ അങ്ങനെ ചെയ്യാറില്ലായിരുന്നു. പകരം അവർ പാട്ട് കേട്ട് വളരെ പെട്ടെന്ന് ഹൃദിസ്ഥമാക്കി അതിമനോഹരമായി പാടുകയാണ് ചെയ്തിരുന്നത്. സ്വരമേതെന്നറിയാതെ ഒരാൾ പാടിക്കൊടുക്കുന്നത് അതേപടി ഒപ്പിയെടുത്ത് പാടാൻ ജാനകിയമ്മയ്ക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല-അദ്ദേഹം ഓർത്തെടുത്തു.
"ഞാൻ വെറുതെ പറയുന്നതല്ല അവർ സംഗീത ദേവതയുടെ അവതാരമാണ്. സംഗീത ദേവതയ്ക്ക് ആരും സംഗീതം പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ലല്ലോ,"-അദ്ദേഹം പറഞ്ഞു.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ മൈസൂരു അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്. ജാനകി (88) രാത്രി ഏഴരയോടെയാണ് അന്തരിച്ചത്.
Content Highlights: Veteran lyricist Sreekumaran Thampi paid a heartfelt tribute to the legendary singer S. Janaki, calling her an incarnation of the music goddess who could effortlessly render complex songs without any formal training in classical music.