സിനിമയിൽ തടിവെട്ട്, പുറത്ത് താടി വെട്ട്;പുഷ്പ 2 വൈകാൻ കാരണം അല്ലുവും സുകുമാറും തമ്മിലുള്ള പിണക്കമോ?

ഇന്ത്യയെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2- ദ റൂൾ. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനംചെയ്യുന്ന ചിത്രം ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്. ആഗസ്റ്റിൽ റിലീസ് ചെയ്യുമെന്ന് പറഞ്ഞ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് തുടരെ മാറ്റുന്നത് എന്തിനാണെന്ന ചർച്ച ചൂടുപിടിക്കുകയാണ്.
ഈ വരുന്ന ആഗസ്റ്റ് 15-നായിരുന്നു പുഷ്പ 2 റിലീസ് നിശ്ചയിച്ചിരുന്നത്. പൊടുന്നനെ അത് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. സംവിധായകൻ സുകുമാറും അല്ലു അർജുനും അടുത്തകാലത്തായി അത്ര രസത്തിലല്ല എന്നാണ് ടോളിവുഡിൽനിന്നുവരുന്ന ഒരു അഭ്യൂഹം. ചിത്രീകരണം പുരോഗമിക്കവേ താരവും സംവിധാനവും വെവ്വേറെ ഇടങ്ങളിലേക്ക് അവധിയാഘോഷത്തിന് പോയതും ഈ അഭ്യൂഹം ശക്തമാകാൻ ഇടയാക്കി.
അടുത്തിടെ പുഷ്പ ലുക്കിൽ നിന്ന് വ്യത്യസ്തമായി താടി ട്രിം ചെയ്ത നിലയിലുള്ള അല്ലു അർജുന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഒരു വിമാനത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ. ഇതും പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ശക്തമാക്കി. എന്നാൽ ഇക്കാര്യങ്ങൾ പുഷ്പ 2 ടീം നിഷേധിച്ചിട്ടുണ്ട്. സംവിധായകനും നായകനും തമ്മിൽ പ്രശ്നമൊന്നുമില്ലെന്നും ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്നും അവർ വ്യക്തമാക്കി.
മൂന്നു വർഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്റെ ചിത്രമാണ് പുഷ്പ 2. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അർജുനെ തേടിയെത്തിയിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തിൽ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ്, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ. മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്റേതുതന്നെയാണ്.
Content Highlights: Rumours were doing the rounds that all is not well with Allu Arjun and director Sukumar