രുക്മിണി വസന്തിന്റെ ഡീപ്‌ഫേക്ക് ബിക്കിനി ചിത്രങ്ങൾ: മൂന്ന് പേർ അറസ്റ്റിൽ

#Movie Desk
രുക്മിണി വസന്ത് | Photos: instagram.com/rukmini_vasanth
രുക്മിണി വസന്ത് | Photos: instagram.com/rukmini_vasanth

തെന്നിന്ത്യൻ നടി രുക്മിണി വസന്തിന്റെ ഡീപ്‌ഫേക്ക് ബിക്കിനി ചിത്രങ്ങൾ നിർമിച്ചെന്ന് സംശയിക്കുന്ന മൂന്ന് പേരെ ബെംഗളൂരു സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെ നടി പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്. എഐ ഉപയോഗിച്ച് നിർമിച്ച വ്യാജ ബിക്കിനി ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

കർണാടകയിലെ ബഗൽകോട്ട് ജില്ലയിൽ നിന്നുള്ള രവികുമാർ (24), ശിവമോഗ സ്വദേശിയും ബെംഗളൂരുവിൽ താമസിക്കുകയും ചെയ്യുന്ന ചന്ദ്രകാന്ത് (33), ബെംഗളൂരു നിവാസിയായ രഞ്ജിത്ത് (25) എന്നിവരാണ് അറസ്റ്റിലായതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. വ്യാജ ചിത്രങ്ങൾ നിർമിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന മൂന്ന് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന അന്വേഷണം പോലീസ് തുടരുകയാണ്.

കഴിഞ്ഞമാസമാണ് രുക്മിണി വസന്തിന്റെ ഡീപ്‌ഫേക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സ്വിമ്മിംഗ് പൂളിൽ വെച്ചുള്ള ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങൾ എന്ന തരത്തിലുള്ള ദൃശ്യങ്ങളായിരുന്നു ഇത്. രുക്മിണി വസന്താണ് ദൃശ്യങ്ങളിലുള്ളത് എന്ന രീതിയിലായിരുന്നു പ്രചാരണം. പ്രൊഫഷണൽ ഫോട്ടോഷൂട്ടിന്റെ ഭാഗമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ദൃശ്യങ്ങൾ യഥാർത്ഥമാണെന്ന് പലരും വിശ്വസിച്ചിരുന്നു. എന്നാൽ, ഇവ പൂർണ്ണമായും വ്യാജമാണെന്നും താനുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും രുക്മിണി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് താരം സൈബർ ക്രൈം പോലീസിന് പരാതി നൽകിയത്.

2019-ൽ 'ബീർബൽ ട്രിലോജി -കേസ് 1: ഫൈൻഡിംഗ് വജ്രമുനി' എന്ന ചിത്രത്തിലൂടെയാണ് രുക്മിണി അഭിനയരംഗത്തേക്ക് കടന്നുവന്നത്. 'സപ്ത സാഗരദച്ചെ എല്ലൊ - സൈഡ് എ', 'സപ്ത സാഗരദച്ചെ എല്ലൊ - സൈഡ് ബി' എന്നീ റൊമാന്റിക് ഡ്രാമകളിലെ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ അവർ വ്യാപകമായ അംഗീകാരം നേടി. 2023-ൽ മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്‌സ് അവാർഡ് - കന്നഡ അവർക്ക് ലഭിച്ചു. 'ബാണാദരിയല്ലി', 'ബഗീര', 'ഭൈരതി രണഗൽ' തുടങ്ങിയ ചിത്രങ്ങളിലൂടെ അവർ തന്റെ അഭിനയ ജീവിതം കൂടുതൽ ശക്തിപ്പെടുത്തി.

'സപ്ത സാഗരദാച്ചെ എല്ലോ' എന്ന ചിത്രത്തിലൂടെ വലിയ ജനപ്രീതി നേടിയ രുക്മിണി, നിലവിൽ തെന്നിന്ത്യൻ സിനിമയിലെ തിരക്കുള്ള നടിയാണ്. ഋഷഭ് ഷെട്ടിയുടെ 'കാന്താര: ചാപ്റ്റർ 1' അവരെ കൂടുതൽ പ്രശസ്തയാക്കി. തെലുങ്കിൽ 'അപ്പുഡോ ഇപ്പുഡോ എപ്പുഡോ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. തമിഴിൽ മദ്രാസി എന്ന ചിത്രത്തിൽ ശിവ കാർത്തികേയന്റെ നായികയായി. പ്രശാന്ത് നീൽ ചിത്രം 'ഡ്രാഗൺ', യഷിനൊപ്പമുള്ള 'ടോക്‌സിക്' തുടങ്ങി നിരവധി വലിയ പ്രോജക്റ്റുകളിൽ താരം അഭിനയിക്കുന്നുണ്ട്.

Content Highlights: Bengaluru Cyber Crime Police arrested three men for spreading AI-generated deepfake bikini images of actress Rukmini Vasanth. The suspects, identified as Ravikumar, Chandrakanth, and Ranjith, were remanded after their mobile phones were confiscated.