തുടക്കത്തിന്റെ പതർച്ചയില്ല, മേളകുലപതിയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങി റിമ; ഉത്സവഛായയിൽ അരങ്ങേറ്റം

തൃശ്ശൂർ: വലംകയ്യിലെ കോലും ഇടംകയ്യിലെ വിരലുകളും ചെണ്ടയിൽ പഞ്ചാരി തീർക്കുമ്പോൾ ചലച്ചിത്ര നടി റിമ കല്ലിങ്കലിന് താനൊരു താരമാണെന്ന ഭാവമില്ലായിരുന്നു. കൂടെയുള്ളവരോട് തമാശ പറഞ്ഞും മേള കുലപതികളുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയുമായിരുന്നു അവർ ഒരുങ്ങിയത്. റിമ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പഞ്ചാരിമേളം അരങ്ങേറ്റമായിരുന്നു ഞായറാഴ്ച രാത്രി കേരള സംഗീത നാടക അക്കാദമി ബ്ലാക്ക് ബോക്സിൽ നടന്നത്.
ഇരുണ്ട ചുവരുകളുള്ള ബ്ലാക്ക് ബോക്സിൽ തൂക്കിയിട്ട പൂമാലകളും മനോഹരമായ ദീപവിതാനങ്ങളും ഉത്സവഛായ പകർന്നു. ഇവിടെ പഞ്ചാരി കൊട്ടിക്കയറിയപ്പോൾ മേളകുലപതികൾക്കൊപ്പം ആസ്വാദകരും താളമിട്ടു. തുടക്കത്തിന്റെ പതർച്ചയില്ലാതെ പത്തോളം പേരടങ്ങുന്ന പുതിയ മേളക്കാർ കൈവഴക്കം തെളിയിച്ചു.
മാമാങ്കം ഡാൻസ് കമ്പനിയുടെ രണ്ടാമത്തെ നൃത്ത പരിപാടിയായ 'വട്ട'ത്തിന്റെ ഭാഗമായാണ് ഇവർ പഞ്ചാരിമേളം അഭ്യസിച്ചത്. നൃത്താവിഷ്‌കാരത്തിൽ പങ്കെടുക്കുന്നവർ തന്നെയാണ് മേളം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചത്. മാമാങ്കം ആദ്യം അവതരിപ്പിച്ചത് നെയ്ത്ത് എന്ന നൃത്ത പരിപാടിയായിരുന്നു.
ചെണ്ട വട്ടം ആണ് ഇതിന്റെ തീം. ചെണ്ട അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയത്. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന 'വട്ടം' ഈ മാസം ഇരുപത്തിരണ്ടാം തീയതി മോസ്‌കോയിൽ ഇൻസ്പിരേഷൻ ഫെസ്റ്റിവലിൽ അവതരിപ്പിക്കും.
വട്ടത്തിൽ അവതരിപ്പിക്കാൻ വേണ്ടിയാണ് ചെണ്ട അഭ്യസിച്ചത്. 20 മിനിറ്റ് നേരത്തേക്കുവേണ്ടിയുള്ള ഭാഗം അവതരിപ്പിക്കാൻ പത്തു ദിവസത്തെ പരിശീലനമാണ് ഉദ്ദേശിച്ചത്. അഭ്യസിച്ച് തുടങ്ങിയപ്പോൾ എല്ലാവർക്കും ആവേശമായി. പത്തു ദിവസം എന്നത് ഒരുമാസമായി. പിന്നെ അരങ്ങേറ്റത്തിലുമെത്തി. വിവേക് കണിമംഗലത്തിന്റെ കീഴിലായിരുന്നു അഭ്യസനം.
ALSO READ: പഞ്ചാരിമേളം കൊട്ടിക്കയറി റിമാ കല്ലിങ്കൽ; ചെണ്ടയിൽ അരങ്ങേറ്റം കുറിച്ച് താരം | വീഡിയോ
പെരുവനം കുട്ടൻമാരാർ, പെരുവനം സതീശൻ മാരാർ, ചെറുശേരി കുട്ടൻ മാരാർ, ചെങ്ങളം രാധാകൃഷ്ണൻ, ഏഷ്യാഡ് ശശി, ആഷിക് അബു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അരങ്ങേറ്റം.