ചടുലമായ ചുവടുകളുമായി റംസാനും നവനിയും; 'റൈഫിള്‍ ക്ലബി'ലെ ആദ്യ ഗാനം പുറത്ത്

.
.

ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ 'റൈഫിള്‍ ക്ലബി'ലെ ആദ്യ ഗാനം പുറത്ത്. റംസാന്‍ മുഹമ്മദും നവനി ദേവാനന്ദും പരിമള്‍ ഷെയിസും ഒന്നിച്ചെത്തിയിരിക്കുന്ന 'ഗന്ധര്‍വ്വ ഗാനം' എന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചടുലമായ ചുവടുകളുമായാണ് മൂവരും ഗാനരംഗത്തിലുള്ളത്. 

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് റെക്‌സ് വിജയന്‍ സംഗീതം നല്‍കി ശ്വേത മോഹനും സൂരജ് സന്തോഷും ചേര്‍ന്നാണ് 'ഗന്ധര്‍വ്വ ഗാനം' ആലപിച്ചിരിക്കുന്നത്. ശ്രീജിത്ത് ഡാന്‍സിറ്റിയാണ് കോറിയോഗ്രാഫര്‍. ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായെത്തുന്ന വാണി വിശ്വനാഥിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇട്ടിയാനം എന്ന ഈ കഥാപാത്രമായാണ് വാണി ചിത്രത്തില്‍ എത്തുന്നത്. 

പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അനുരാഗ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയാണ് 'റൈഫിള്‍ ക്ലബ്'. കൂടാതെ സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ഡോ. ലാസര്‍, സുരഭി ലക്ഷ്മിയുടെ സൂസന്‍, ദിലീഷ് പോത്തന്റെ സെക്രട്ടറി അവറാന്‍, വിഷ്ണു ആഗസ്ത്യയുടെ ഗോഡ്‌ജോ, വിനീത് കുമാറിന്റെ ഷാജഹാന്‍ എന്നീ കഥാപാത്രങ്ങളുടേയും ക്യാരക്ടര്‍ പോസ്റ്ററുകളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. 

ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വൈകാതെ റിലീസിനെത്തുമെന്നാണ് സൂചന. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്‌സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്.  'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മേക്കപ്പ്: റോണക്‌സ് സേവ്യര്‍,  വസ്ത്രാലങ്കാരം: മഷര്‍ ഹംസ, എഡിറ്റര്‍: വി സാജന്‍, സ്റ്റണ്ട്: സുപ്രീം സുന്ദര്‍, സംഗീതം: റെക്‌സ് വിജയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Rifle Club Song Out malayalam movies