സുശാന്ത് സിങ്ങിന്റെ മരണം: റിയ ചക്രവർത്തിക്ക് ആശ്വാസം, മരവിപ്പിച്ച അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു

#Movies Desk
റിയാ ചക്രവർത്തി, സുശാന്ത് സിങ് രാജ്പുത് | Photos: PTI, ANI
റിയാ ചക്രവർത്തി, സുശാന്ത് സിങ് രാജ്പുത് | Photos: PTI, ANI

നടി റിയാ ചക്രവർത്തി, അമ്മ സന്ധ്യ ചക്രവർത്തി, സഹോദരൻ ഷോവിക് ചക്രവർത്തി എന്നിവരുടെ ഉടമസ്ഥതയിലുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി മുംബൈ പ്രത്യേക കോടതി റദ്ദാക്കി. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർചെയ്ത കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് മൂന്നുപേരുടേയും അക്കൗണ്ടുകൾ മരവിപ്പിച്ചത്.

ഏതാനും അക്കൗണ്ടുകൾ 2021-ഓടെ തന്നെ ഉപയോഗക്ഷമമാക്കിയിരുന്നു. ഐസിഐസിഐ, ആക്‌സിസ്, കൊടക് ബാങ്കുകളിലെ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിരുന്നു.

അക്കൗണ്ടുകൾ മരവിപ്പിച്ചത് എൻഡിപിഎസ് ആക്ടിലെ വ്യവസ്ഥകൾക്ക് വിപരീതമായാണ് എന്നായിരുന്നു നടിയുടേയും കുടുംബത്തിന്റേയും വാദം. മരവിപ്പിച്ച നടപടി നിയമവിരുദ്ധമാണെന്നും ഇവർ വാദിച്ചു.

എന്നാൽ, ഈ വാദങ്ങളെ പ്രൊസിക്യൂഷൻ എതിർത്തു. അന്വേഷണത്തിനിടെ രേഖപ്പെടുത്തിയ മൊഴികളുടെ അടിസ്ഥാനത്തിൽ റിയാ ചക്രവർത്തി ലഹരി ശൃംഖലയുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നുവെന്ന് എൻസിബിക്കുവേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഗീത നയ്യാർ വാദിച്ചു. ലഹരി ഇടപാടുകാരുമായി നടി ബന്ധം പുലർത്തിയിരുന്നു. ഇത് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് കാരണമായെന്നും അവർ വാദിച്ചു.

എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെയാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. സ്‌പെഷ്യൽ ജഡ്ജി യു.സി. ദേശ്മുഖ് ആണ് നടിക്കും കുടുംബത്തിനും അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

Content Highlights: Mumbai special court orders defreezing of Rhea Chakraborty's family bank accounts. The court ruled that the initial freezing procedure violated NDPS Act provisions. NCB argued that the accounts were linked to a drug network, but the court rejected the procedural validity. Accounts in ICICI, Axis, and Kotak banks are affected by this restoration