എങ്ങനെ ആകരുത് എന്നതിന് ഉദാഹരണമാണ് താങ്കളുടെ പ്രതികരണം; മന്യയെ വിമർശിച്ച് രേവതി

കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലെ വില്ലനായ വാസുവിനെയും നായിക ലക്ഷ്മിയെയും ചേർത്ത് പ്രചരിക്കുന്ന ട്രോളുകൾ തികച്ചും അസംബന്ധമാണെന്ന് നടിയും സാമൂഹ്യപ്രവർത്തകയുമായ രേവതി സമ്പത്ത്. കുറച്ച് ദിവസം മുൻപാണ് വാസു അണ്ണൻ എന്ന പേരിൽ ട്രോളുകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ചിത്രത്തിൽ മന്യ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രം വാസു ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെടുന്നത്. ഇതേ വാസുവിനെ തമാശയാക്കി മന്യയുടെ ഭർത്താവായി അവതരിപ്പിക്കുന്നത് തികച്ചും മനുഷ്യ വിരുദ്ധമാണെന്ന് രേവതി സമ്പത്ത് പറയുന്നു. വിഷയത്തെ ലാഘവത്തോടെ കെെകാര്യം ചെയ്ത മന്യയുടെ നടപടിയെയും രേവതി രൂക്ഷമായി വിമർശിച്ചു.
രേവതി സമ്പത്തിന്റെ കുറിപ്പ് വായിക്കാം
സിനിമയിൽ ഒത്തിരി കഥാപാത്രങ്ങൾ അഭിനയിച്ച അനുഭവസമ്പത്തുള്ള നടിയാണ് മന്യ.
പക്ഷേ ഇത്രയും അഭിനയസമ്പത്തുള്ള താങ്കൾ നടത്തിയ പ്രതികരണം ഒരു പ്രതികരണം എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണം ആണ്.
എൻ്റെ വ്യക്തിപരമായ ജീവിതത്തെയും കുടുംബത്തെയും ബാധിക്കാത്തതുകൊണ്ടും എനിക്കൊന്നും അതിൽ ചെയ്യാനില്ലാത്തതുകൊണ്ടും ഞാനിതിനെ സിംപിൾ ആയി എടുക്കുന്നു എന്നാണ് താങ്കൾ പറയുന്നത്. ഇതിലൊരു പ്രശ്നമുണ്ടെന്നും ഞാൻ അതിൽ നിസ്സഹായയാണെന്നും താങ്കൾ പറയാതെ പറയുന്നുണ്ട്.
താങ്കളുടെ വ്യക്തി ജീവിതത്തിൽ മാത്രമല്ല താങ്കളുടെ സിനിമകൾ ഒതുങ്ങുന്നത്. സിനിമ എത്രയോ മനുഷ്യരുടെ ഭൗതിക-വൈകാരിക ഇടങ്ങളെ സ്വാധീനിക്കുന്ന കലയാണ്. താങ്കൾക്ക് ഒന്നും ചെയ്യാനില്ല എന്നതു തന്നെ എസ്കേപിസം മാത്രമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാതിരുന്നെങ്കിൽ തന്നെ ഒരു കലാകാരി എന്ന നിലയിൽ താങ്കളുടെ കടമ നിർവ്വഹിക്കപ്പെട്ടേനെ.
പീഡിപ്പിക്കപ്പെട്ട ആ പെൺകുട്ടിയുടെ ഹൃദയം നിങ്ങളിലൂടെയാണ് ആവിഷ്കരിക്കപ്പെട്ടത്. അതുകൊണ്ട് താങ്കൾക്ക് ഇതിൽ കൃത്യമായി പ്രതികരിക്കുക എന്ന ഉത്തരവാദിത്തമുണ്ട്. റേപ്പ് എന്നത് റേപ്പ് തന്നെയാണ്. അതിന് തീവ്രതയുടെ വ്യത്യാസമൊന്നുമില്ല. അതിനെ പ്രോത്സാഹിപ്പിക്കുക എന്നത് അത്ര ലൈറ്റല്ല. ഹാഷ് ടാഗിൽ troll , comedy എന്നൊക്കെ വെച്ചാലും അത് കോമഡിയാകില്ല.
രണ്ടാമത്തെ പടത്തിൽ Me and My Hubby watching Vasu Anna's scary love story എന്നാണ് ക്യാപ്ഷൻ. പീഢനത്തെ പ്രണയമാക്കാൻ ശ്രമിക്കുന്നതും Scary Love Story ആക്കി മാറ്റാനും ശ്രമിക്കുന്നത് എത്രമാത്രം മനുഷ്യവിരുദ്ധമാണ്. ശെരിക്കും ഞെട്ടിപ്പോയി. 'Love Story' എന്ന് കേട്ടിട്ടും നിങ്ങൾക്ക് ഇപ്പോഴും ഇതിനെ ന്യായീകരിക്കാൻ തോന്നുന്നുണ്ടോ?
സിനിമയിൽ ഒത്തിരി കഥാപാത്രങ്ങൾ അഭിനയിച്ച അനുഭവസമ്പത്തുള്ള നടിയാണ് മന്യ. പക്ഷേ ഇത്രയും അഭിനയസമ്പത്തുള്ള താങ്കൾ നടത്തിയ...
Posted by Revathy Sampath on Sunday, 13 September 2020
ഇത് പറയുമ്പോൾ നടിയെ പറഞ്ഞു, ട്രോളിനെ സീരിയസാക്കി എന്നൊക്കെ പറയുന്നതിനു മുമ്പേ ആലോചിക്കുക നിങ്ങളുടെ ഓരോ തമാശയും എത്രമാത്രം സമൂഹത്തിൻ്റെ റേപ്പ് കൾച്ചറിലേക്ക് സംഭാവന ചെയ്യുന്നുണ്ടെന്ന്. തൻ്റെ സൃഷ്ടി ഉദ്ദേശ്യത്തിൽ നിന്ന് വ്യതിചലിച്ചു പോകുമ്പോൾ അതിനെ ലൈറ്റാക്കി പോട്ടേന്ന് ന്യായീകരിക്കലാണ് കലാകാരൻ്റെ ഭൗത്യമെങ്കിൽ അത്തരം വിഡ്ഢിത്തങ്ങളെ താങ്ങാൻ സാധിക്കുകയില്ല. നടിക്കില്ലാത്ത എന്തു കുരുവാണ് നിങ്ങൾക്ക് എന്ന് ചോദിക്കുന്നവരോടാണ്,
നടിക്കില്ലെങ്കിലും ആർക്കില്ലെങ്കിലും സ്വന്തം നിലപാട് പറയുകയെന്നത് ഒരു പൗരൻ്റെ അവകാശമാണ്. അതിന് ഞാൻ എന്ത് ചെയ്യുന്നു എന്നതു പോലും ആരുടെയും കാര്യമല്ല. ഒരു സിനിമ എന്നത് അത് സൃഷ്ടിക്കുന്നവരും എഴുതുന്നവരും സംവിധാനം ചെയ്യുന്നവരും അഭിനയിക്കുന്നവരും ഉൾപ്പടെ എല്ലാവരും ചേരുന്നതാണ്. ആ കഥാപാത്രത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എല്ലാവരും ബാധ്യസ്ഥര്യമാണ്. ഒരു പൗരനെന്ന നിലയിൽ അതിനോട് പ്രതികരിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ട്. അതൊന്നും ആരുടെയും ഔദാര്യമല്ല.
Content Highlights: Revathy Sampath against Vasu Annan Troll, Manya Naidu actress, Kunjikoonan Movie
Content Highlights: