ജീവയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് വിജയ്; ആർ.ബി ചൗധരിക്ക് വിടനൽകി സിനിമാലോകം

ചെന്നൈ: വാഹനാപകടത്തിൽ മരിച്ച പ്രശസ്ത സിനിമാനിർമാതാവ് ആർ.ബി. ചൗധരിക്ക് തമിഴ് സിനിമാലോകം വിടനൽകി. ബുധനാഴ്ച മൈലാപ്പുരിലെ വസതിയിലെത്തിച്ച മൃതദേഹത്തിൽ ടി.വി.കെ. നേതാവ് വിജയ് ഉൾപ്പെടെയുള്ളവർ ആദരാഞ്ജലികളർപ്പിച്ചു.
രാജസ്ഥാനിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തുമടങ്ങുമ്പോഴാണ് ചൗധരിയുടെ വാഹനം അപകടത്തിൽപ്പെട്ടത്. രജനീകാന്തും ചിരഞ്ജീവിയുമുൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചിരുന്നു. ബുധനാഴ്ച അദ്ദേഹത്തിന്റെ വീട്ടിലെത്തിയ വിജയ്, മകനും സിനിമാതാരവുമായ ജീവയെ ആശ്വസിപ്പിച്ചു.
തമിഴ്, തെലുഗു, മലയാളം ഭാഷകളിലായി വൻവിജയംനേടിയ ഒട്ടേറെ ചിത്രങ്ങൾ നിർമിച്ച സൂപ്പർ ഗുഡ് ഫിലിംസിന്റെ ഉടമയായ രത്തൻലാൽ ഭഗത് റാം ചൗധരി(72)1998-ൽ സൂപ്പർ എന്ന ബ്രാൻഡുമായാണ് സിനിമാ നിർമാണരംഗത്തുവരുന്നത്. ഗുഡ്‌നൈറ്റ് ഉടമയായ ആർ. മോഹനുമായി സഹകരിച്ച് മലയാളത്തിലായിരുന്നു തുടക്കം. ഇരുവരും വേർപിരിഞ്ഞപ്പോൾ അദ്ദേഹം ഗുഡ്‌നൈറ്റിലെ ഗുഡ് ചേർത്ത് സൂപ്പർ ഗുഡ് ഫിലിംസിന് തുടക്കമിട്ടു.
തമിഴ്നാട്ടുകാരിയായ മെഹ്ജബനാണ് ഭാര്യ. ജീവയ്ക്കുപുറമേ ജിത്തൻ രമേശ്, സുരേഷ് ചൗധരി, ജീവൻ ചൗധരി എന്നിവർ മക്കളാണ്.
Content Highlights: Renowned producer RB Choudary passed away in a car accident at age 72. TVK leader Vijay visited the family to console actor Jiiva. Choudary founded Super Good Films, producing hits in Tamil, Telugu, and Malayalam. Tributes poured in from superstars like Rajinikanth and Chiranjeevi