ആരതിക്ക് തിരിച്ചടി, രവി മോഹന് ആശ്വാസം; ജീവനാംശം 40 ലക്ഷം വേണ്ട, 3 ലക്ഷം മതിയെന്ന് കോടതി

നടൻ രവി മോഹനും വേർപിരിഞ്ഞു കഴിയുന്ന ഭാര്യ ആരതി രവിയും തമ്മിലുള്ള വിവാഹമോചനക്കേസിൽ നിർണായക വിധി. പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശം ആവശ്യപ്പെട്ടുള്ള ആരതിയുടെ ഹർജി കുടുംബ കോടതി തള്ളി. പകരം പ്രതിമാസം മൂന്നു ലക്ഷം രൂപ താത്കാലിക ജീവനാംശമായി നൽകാൻ കോടതി ഉത്തരവിട്ടു.
കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ, ദൈനംദിന ജീവിതച്ചെലവുകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് വിവാഹമോചന നടപടികൾ പൂർത്തിയാകുന്നത് വരെ മാസം തോറും 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് ആരതി ചെന്നൈ കുടുംബ കോടതിയെ സമീപിച്ചത്. 2025 ഏപ്രിൽ മുതൽ രവി മോഹൻ ജീവനാംശമോ കുട്ടികളുടെ സ്‌കൂൾ ഫീസോ നൽകിയിട്ടില്ലെന്നും ആരതി ഹർജിയിൽ ആരോപിച്ചിരുന്നു.
എന്നാൽ ആരതി ആവശ്യപ്പെട്ട തുക അമിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. ഇടക്കാല ആശ്വാസമെന്ന നിലയിൽ പ്രതിമാസം മൂന്നു ലക്ഷം രവി മോഹൻ നൽകണമെന്ന് നിർദേശിച്ച കുടുംബ കോടതി, രവിക്ക് മക്കളെ സന്ദർശിക്കാനുള്ള അനുമതിയും നൽകി.
2009 ജൂണിൽ വിവാഹിതരായ ഇരുവരും 15 വർഷത്തോളം ഒന്നിച്ചുജീവിച്ച ശേഷമാണ് വേർപിരിയുന്നത്. അഭിപ്രായവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി 2024 സെപ്റ്റംബറിലാണ് രവി മോഹൻ വിവാഹമോചന തീരുമാനം പരസ്യമായി പ്രഖ്യാപിച്ചത്. എന്നാൽ തന്നോട് ആലോചിക്കാതെയും തന്റെ സമ്മതമില്ലാതെയുമാണ് പ്രഖ്യാപനം നടത്തിയതെന്ന് ആരതി ആരോപിച്ചു.
Content Highlights: Chennai Family Court has issued a crucial verdict in the ongoing divorce case between actor Ravi Mohan and his estranged wife, Aarti Ravi. The court rejected Aarti's petition demanding a monthly interim alimony of ₹40 lakh for living and educational expenses. Deeming the requested amount excessive, the court ordered Ravi Mohan to pay a revised temporary alimony of ₹3 lakh per month instead. Additionally, the court granted Ravi Mohan official permission to visit and meet his children. Married in June 2009, the couple separated after 15 years, following Ravi's unilateral divorce announcement in September 2024.