റോക്കി ഭായിക്ക് മാസ് കൂട്ടിയ സംഗീതസംവിധായകൻ, കാളിയന് സംഗീതമൊരുക്കാൻ രവി ബസ്രുർ

കെ.ജി.എഫ് എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയെമ്പാടും തരംഗമായ സംഗീതസംവിധായകനാണ് രവി ബസ്രുർ. ഇടയ്ക്ക് മഡ്ഡി എന്ന ചിത്രത്തിലൂടെ മലയാളത്തിലും അദ്ദേഹം എത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹം മലയാളത്തിലേക്ക് വീണ്ടുമെത്തുകയാണ്.
പൃഥ്വിരാജ് നായകനാവുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കാളിയനിലൂടെയാണ് രവി ബസ്രുറിന്റെ മലയാളത്തിലേക്കുള്ള രണ്ടാം വരവ്. പൃഥ്വിരാജാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചത്. രവി ബസ്രുറിനും കാളിയന്റെ അണിയറപ്രവർത്തകർക്കുമൊപ്പം നിൽക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തു. കാളിയനിലേക്ക് രവി ബസ്രുറിന് സ്വാഗതം എന്നാണ് പൃഥ്വി ചിത്രത്തിനൊപ്പം കുറിച്ചത്.
മാധ്യമപ്രവര്‍ത്തകനായ എസ് മഹേഷാണ് കാളിയന്റെ സംവിധായകന്‍. വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കുഞ്ചിറക്കോട്ട് കാളിയുടെയും കഥയണ് ചിത്രം പറയുന്നത്. കാളി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.
സത്യരാജും മറ്റൊരു ശക്തമായ കഥാപാത്രവുമായി ചിത്രത്തിലുണ്ട്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ടീസർ നേരത്തേ പുറത്തുവന്നിരുന്നു.
Content Highlights: Ravi Basrur to Malayalam, Kaaliyan Movie, Prithviraj Sukumaran, S Mahesh