രവീണ ടണ്ഠന്റെ സഹോദരന്റെ വീട്ടിലെ മോഷണം: ഹോം നഴ്സ് അറസ്റ്റിൽ, പിടിയിലായത് വീട്ടിലെ വിശ്വസ്ത

ബോളിവുഡ് താരം രവീണ ടണ്ഠന്റെ കുടുംബത്തിൽ നടന്ന വൻ സ്വർണ മോഷണക്കേസിൽ ഹോം നഴ്സ് അറസ്റ്റിൽ. രവീണയുടെ മാതാവ് വീണാ ടണ്ഠന്റെ ആഭരണങ്ങളും സഹോദരൻ രാജീവ് ടണ്ഠന്റെ ആഡംബര വാച്ചുകളും ഉൾപ്പെടെ 25 ലക്ഷം രൂപയുടെ വസ്തുവകകളാണ് മോഷണം പോയത്. 47 വയസ്സുകാരിയായ പ്രതിയെ മുംബൈ പോലീസിന്റെ ജുഹു യൂണിറ്റാണ് പിടികൂടിയത്.
രവീണ ടണ്ഠന്റെ സഹോദരനും ചലച്ചിത്ര നിർമാതാവുമായ രാജീവ് ടണ്ഠന്റെ മുംബൈ ജുഹുവിലെ വീട്ടിലാണ് സംഭവം നടന്നത്. വീട്ടിലെ ലോക്കർ തകർത്ത് വീണാ ടണ്ഠന്റെ സ്വർണ്ണ-ഡയമണ്ട് ആഭരണങ്ങളും രാജീവിന്റെ രണ്ട് വിലപിടിപ്പുള്ള ആഡംബര വാച്ചുകളുമാണ് പ്രതി കവർന്നത്. കുടുംബത്തിലെ വിശ്വസ്തയായ ജോലിക്കാരിയായിരുന്നു പിടിയിലായ സ്ത്രീ.
2025 ഒക്ടോബർ 2-ന് ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായി ആഭരണങ്ങൾ പരിശോധിക്കാനായി ലോക്കർ തുറന്നപ്പോഴാണ് മോഷണവിവരം കുടുംബം തിരിച്ചറിയുന്നത്. സ്വർണ വളകൾ, മാലകൾ, മോതിരങ്ങൾ, കമ്മലുകൾ, വജ്രം പതിപ്പിച്ച മംഗല്യസൂത്രം എന്നിവയുൾപ്പെടെയുള്ള വിലപിടിപ്പുള്ള വജ്രാഭരണങ്ങളാണ് ലോക്കറിൽ നിന്ന് കാണാതായത്. ലോക്കർ തകർത്ത നിലയിലായിരുന്നുവെന്ന് രാജീവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പിടിയിലായ സ്ത്രീ 2020 മുതൽ രവീണയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു. രവീണയുടെ 86 വയസ്സുള്ള അമ്മയെ ശുശ്രൂഷിക്കാനായി സ്ഥിരമായി വീട്ടിലെത്താറുള്ള ഇവർക്ക് കുടുംബവുമായുള്ള അടുപ്പം കാരണം വീടിന്റെ വിവിധ ഭാഗങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നു. ഈ സ്വാതന്ത്ര്യം മുതലെടുത്താണ് ഇവർ മോഷണം നടത്തിയത് എന്ന് പോലീസ് കരുതുന്നു.
മോഷണത്തെക്കുറിച്ച് വീട്ടുകാർ ചോദിച്ചപ്പോൾ ആഭരണങ്ങൾ മറ്റൊരു വ്യക്തിക്ക് നൽകിയെന്നും അവ ഉടൻ തിരികെ നൽകാമെന്നും ഇവർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആഭരണങ്ങൾ തിരികെ ലഭിക്കാത്തതിനെ തുടർന്ന് രാജീവ് ടണ്ഠൻ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിനിടയിൽ വാച്ചുകൾ കണ്ടെടുത്തിട്ടുണ്ട്. ബാക്കി ആഭരണങ്ങൾ കണ്ടെത്താനായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.
Content Highlights: In a shocking breach of trust within Bollywood circles, the Juhu Unit of the Mumbai Police has arrested a 47-year-old home nurse for orchestrating a massive jewelry and luxury watch heist worth ₹25 Lakhs from the family residence of veteran Bollywood actress Raveena Tandon.