'ജീവിതത്തിന് ഇടയ്ക്ക് അല്പം വേഗം കുറയ്ക്കുന്നത് അത്ര മോശമല്ല'; ആരോഗ്യവിവരം പങ്കുവെച്ച് രശ്മിക മന്ദാന

#മൂവി ഡെസ്ക്
രശ്മിക മന്ദാന | ഫോട്ടോ: www.instagram.com/rashmika_mandanna/
രശ്മിക മന്ദാന | ഫോട്ടോ: www.instagram.com/rashmika_mandanna/

മൈസ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഇടുപ്പിന് പരിക്കേറ്റതിനുശേഷമുള്ള വിശ്രമജീവിതത്തെക്കുറിച്ച് വിശദമാക്കി നടി രശ്മിക മന്ദാന. പരിക്ക് മൂലം സിനിമയുടെ സെറ്റിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കേണ്ടി വന്നെങ്കിലും, ഈ വിശ്രമകാലത്തെ വളരെ പോസിറ്റീവായ രീതിയിലാണ് രശ്മിക സമീപിക്കുന്നത്. ജീവിതത്തിന്റെ വേഗത കുറച്ച്, വീട്ടിൽ വിശ്രമിക്കുന്നതിന്റെയും സുഖം പ്രാപിക്കുന്നതിന്റെയും വിശേഷങ്ങൾ അവർ സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവെച്ചത്.

ഇൻസ്റ്റാഗ്രാമിൽ ഡിയർ ഡയറി എന്ന തലക്കെട്ടിലാണ് രശ്മിക തന്റെ ആരോഗ്യവിവരം പങ്കുവെച്ചത്. എവിടെനിന്ന് തുടങ്ങണമെന്നുപോലും അറിയില്ലെന്ന് അവർ കുറിച്ചു. ധാരാളം ഉറങ്ങുകയും വിശ്രമിക്കുകയുംചെയ്യുന്നുണ്ടെന്ന് അവർ പറഞ്ഞു. വായന, പസിലുകൾ, ഷോകൾ കാണുക, മുടിയും ചർമ്മവും സംരക്ഷിക്കുക, മീറ്റിംഗുകളിൽ പങ്കെടുക്കുക, കുടുംബത്തോടൊപ്പമിരിക്കുക എന്നിവയും തന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നുവെന്നും അവർ പറഞ്ഞു. തൻ്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും കാണാൻ ഇതിനിടെ സമയം കണ്ടെത്തിയതായും അവർ വെളിപ്പെടുത്തി.

"ഇപ്പോൾ അലാറം ഇല്ലാതെ സ്വാഭാവികമായി ഉണരുന്നു. ദിവസത്തിൽ രണ്ട് നേരം മാത്രം ഭക്ഷണം കഴിക്കുന്നു. വർക്ക് മീറ്റിംഗുകളിൽ പങ്കെടുക്കുന്നു. സാധിക്കുമെങ്കിൽ ഔറയോടൊപ്പം വായിക്കാനോ പസിലുകൾ പരിഹരിക്കാനോ സമയം കണ്ടെത്തുന്നു. ഒരു ഷോ കാണുന്നു, പിന്നെ ഉറങ്ങാൻ പോകുന്നു. ജീവിതത്തിന് ഇടയ്ക്ക് അല്പം വേഗത കുറയ്ക്കുന്നത് അത്ര മോശമല്ല," രശ്മിക കൂട്ടിച്ചേർത്തു.

രശ്മികയുടെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറി

മൈസ എന്ന ചിത്രത്തിലെ ഒരു നൃത്തരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് രശ്മികയുടെ വലത് ഇടുപ്പിലെ ഒരു ടെൻഡൻ (tendon) പൊട്ടിയത്. വലത് ഇടുപ്പിനെ കാലുമായി ബന്ധിപ്പിക്കുന്ന നാല് ടെൻഡനുകളിൽ ഒന്നാണ് വേർപെട്ടതെന്നും, കാൽ ശരിയായി ഉയർത്തണമെങ്കിൽ ഇത് വീണ്ടും യോജിക്കുന്നതുവരെ പൂർണ്ണ വിശ്രമം ആവശ്യമാണെന്നും താരം വ്യക്തമാക്കി. പരിക്ക് കഠിനമായ വേദന ഉണ്ടാക്കുന്നുണ്ടെങ്കിലും അത് സഹിക്കാവുന്നതേയുള്ളൂവെന്നും, താൻ അഭിനയിച്ചതിൽ വെച്ച് ഏറ്റവും കൂടുതൽ ശാരീരിക അധ്വാനം ആവശ്യപ്പെടുന്ന ചിത്രമാണ് 'മൈസ' എന്നും രശ്മിക പറഞ്ഞിരുന്നു.

നവാഗതനായ രവീന്ദ്ര പുല്ലൈ ആണ് 'മൈസ'യുടെ സംവിധാനം. 'രണബാലി' (Ranabaali), 'പുഷ്പ 3' (Pushpa 3), 'ആനിമൽ പാർക്ക്' (Animal Park), 'രാക്ക' (Rakka) തുടങ്ങിയവയാണ് രശ്മികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

Content Highlights: Actor Rashmika Mandanna shared a glimpse into her daily recovery routine after tearing a hip tendon while shooting a demanding dance sequence for her upcoming film Mysaa.