'40-കാരൻ രൺവീറിന് 20-കാരി നായിക, ബോളിവുഡിന് എന്തുപറ്റി'; 'ധുരന്ധർ' ഫസ്റ്റ്‌ലുക്കിന് പിന്നാലെ വിമർശനം

സാറാ അര്‍ജുന്‍ 'ആന്‍ മരിയ കലിപ്പിലാണ്' പോസ്റ്ററില്‍, 'ധുരന്ധര്‍' ഫസ്റ്റ് ലുക്കില്‍നിന്ന്‌ | Photo: X/ AB George, YouTube/ JioStudios
സാറാ അര്‍ജുന്‍ 'ആന്‍ മരിയ കലിപ്പിലാണ്' പോസ്റ്ററില്‍, 'ധുരന്ധര്‍' ഫസ്റ്റ് ലുക്കില്‍നിന്ന്‌ | Photo: X/ AB George, YouTube/ JioStudios

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന രൺവീർ സിങ് ചിത്രം 'ധുരന്ധറി'ന്റെ ഫസ്റ്റ് ലുക്ക് ടീസർ താരത്തിന്റെ പിറന്നാൾ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആദിത്യ ധർ സംവിധാനംചെയ്യുന്ന ചിത്രം ഈ വർഷം ഡിസംബർ അഞ്ചിന് തീയേറ്ററിൽ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ രൺവീർ ചെയ്ത കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായിരിക്കും 'ധുരന്ധറി'ലേത് എന്നാണ് ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ ആരാധകർ അഭിപ്രായപ്പെടുന്നത്.

സഞ്ജയ് ദത്ത്, ആർ. മാധവൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സാറാ അർജുൻ ആണ് ചിത്രത്തിൽ രൺവീറിന്റെ നായികയായി എത്തുന്നത്. 2.39 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിന്റെ പ്രത്യേകത മലയാളിയായ ഹനുമാൻകൈൻഡിന്റെ റാപ്പാണ്.

ടീസർ റിലീസിന് പിന്നാലെ പതിവുപോലെ ചിത്രത്തിലെ നായികാ- നായകന്മാരുടെ പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ച് വിമർശനവുമായി പലരും രംഗത്തെത്തി. 20-കാരിയായ സാറാ അർജുൻ ആണ് ചിത്രത്തിലെ നായിക. നടൻ രാജ് അർജുന്റെ മകളായ സാറാ അർജുൻ, 'ആൻ മരിയ കലിപ്പിലാണ്' എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയാണ്. മണിരത്‌നം ചിത്രം 'പൊന്നിയിൻ സെൽവന്റെ' രണ്ടുഭാഗങ്ങളിൽ ഐശ്വര്യ റായ്‌യുടെ ചെറുപ്പകാലം അവതരിപ്പിച്ചത് സാറാ അർജുൻ ആയിരുന്നു. തമിഴ് ചിത്രം 'ദൈവതിരുമകളി'ലൂടെയാണ് സാറ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

നായികാ- നായകന്മാരുടെ 20 വയസ്സ് പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി, 'ബോളിവുഡിന് ഇതെന്ത് പറ്റി' എന്ന ചോദ്യമാണ് നെറ്റിസൺസ് ചോദിക്കുന്നത്. 'ആൻമരിയയിലെ ആ കൊച്ച് ആണ് ഇതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ', എന്ന ചോദ്യവുമായി മലയാളി സിനിമാപ്രേക്ഷകരും രംഗത്തെത്തി. 'സാറ ഈ വർഷം 20 പൂർത്തിയാക്കും. രൺവീറിന് ഇന്ന് 40 വയസ്സായി. എന്നുവെച്ചാൽ, ചിത്രം ഷൂട്ട് ചെയ്യുമ്പോൾ സാറയ്ക്ക് വെറും 18 വയസ്സുമാത്രം. രൺവീർ എങ്ങനെയാണ് ഇതിന് സമ്മതിച്ചത്‌. കുറച്ചുകൂടെ പ്രായം ഉള്ള ഒരു നടിയെ ആവശ്യപ്പെടാമായിരുന്നില്ലേ', എന്നാണ് ഒരു ആരാധകന്റെ ചോദ്യം. '40-കാരൻ രൺവീർ, 18-കാരി സാറ അർജുനെ പ്രണയിക്കുന്നു. ബോളിവുഡിന് എന്തുപറ്റി', എന്നാണ് മറ്റൊരു കമന്റ്.

നേരത്തെ, മണിരത്‌നത്തിന്റെ കമൽഹാസൻ ചിത്രം 'തഗ് ലൈഫി'നെതിരേയും സമാനവിമർശനം ഉയർന്നിരുന്നു. ചിത്രത്തിലെ നായികമാരായ തൃഷയ്ക്കും അഭിരാമിക്കും കമൽഹാസനുമായുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇതിൽ പ്രതികരണവുമായി തൃഷയും അഭിരാമിയും എത്തിയിരുന്നു.

Content Highlights: Ranveer Singh`s `Dhurandhar` first look teaser is out!