'കാവാലയ്യ'ക്ക് ചുവടുവെച്ച് രമ്യ കൃഷ്ണൻ; പ്രകടനത്തിന് കെെയടിച്ച് സോഷ്യൽ മീഡിയ

'കാവാലയ്യ' ​ഗാനത്തിൽ തമന്ന, രമ്യ കൃഷ്ണൻ | photo: screen grab
'കാവാലയ്യ' ​ഗാനത്തിൽ തമന്ന, രമ്യ കൃഷ്ണൻ | photo: screen grab

നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറിലെ 'കാവാലയ്യ' എന്ന ​ഗാനം ചുരുങ്ങിയ സമയം കൊണ്ട് വെെറലായിരുന്നു. രജനീകാന്ത് ചിത്രത്തിലെ ​ഗാനത്തിന് ചുവടുവെച്ച് ഹിറ്റാക്കിയത് തമന്നയായിരുന്നു. ​ഗാനം ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ നിരവധിയാളുകൾ ​ഗാനത്തിന് റീലുകൾ ചെയ്യാൻ ആരംഭിച്ചു.

ഇപ്പോഴിതാ കാവാലയ്യക്ക് ചുവടുവെച്ചിരിക്കുകയാണ് നടി രമ്യ കൃഷ്ണൻ. നടിയുടെ മനോഹരമായ നൃത്തച്ചുവടുകൾ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടി. താരത്തിന്റെ ഡാൻസിനെ അഭിനന്ദിച്ച് എത്തുകയാണ് ആരാധകർ. മേക്കപ്പ് ആർട്ടിസ്റ്റ് പ്രകൃതി അനന്തിനൊപ്പമാണ് രമ്യ കൃഷ്ണൻ ചുവടുവെച്ചത്.

'കാവാലയ്യ' എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം പകർന്നിരിക്കുന്നത് അനിരുദ്ധാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ എത്തുന്നത്. തമന്ന നായികയായി എത്തുന്ന ചിത്രത്തിൽ രമ്യ കൃഷ്ണനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ആദ്യമായി മോഹൻലാൽ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രമ്യ കൃഷ്ണൻ, വിനായകൻ, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. പി.ആർ.ഒ - ശബരി. 
 

Content Highlights: ramya krishnan dance tamannah song kavalayya jailer song