ആളുകൾ നമ്മളെ വലിച്ചുതാഴെയിടാൻ നോക്കിയേക്കാം, നേരിടുന്നതിലാണ് കാര്യം; ആസിഫിന് പിന്തുണയുമായി അമല

#സ്വന്തം ലേഖകൻ
അമല പോളും ആസിഫ് അലിയും എറണാകുളം സെന്റ് ആൽബർട്സ് കോളേജിലെ പരിപാടിയ്ക്കിടെ | ഫോട്ടോ: ശിഹാബുദ്ദീൻ തങ്ങൾ
അമല പോളും ആസിഫ് അലിയും എറണാകുളം സെന്റ് ആൽബർട്സ് കോളേജിലെ പരിപാടിയ്ക്കിടെ | ഫോട്ടോ: ശിഹാബുദ്ദീൻ തങ്ങൾ

ആസിഫ് അലി-രമേഷ് നാരായണൻ വിവാദത്തിൽ ആസിഫ് അലിക്ക് പിന്തുണയേറുന്നു. ആസിഫിന് പിന്തുണയുമായി നടി അമലാ പോൾ എത്തിയിരിക്കുകയാണ് ഇപ്പോൾ. അദ്ദേഹം ആ സാഹചര്യം കൈകാര്യംചെയ്ത രീതിയാണ് ശ്രദ്ധിക്കേണ്ടതെന്ന് അമല പറഞ്ഞു. 

പുതിയ ചിത്രമായ ലെവൽ ക്രോസിന്റെ പ്രചരണാർത്ഥം എറണാകുളത്തെ സെന്റ് ആൽബർട്ട്സ് കോളേജിൽ എത്തിയതായിരുന്നു ആസിഫ് അലിയും അമലാ പോളും സംവിധായകൻ അർഫാസും. വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് അമലാ പോൾ ആസിഫ് അലിക്ക് പിന്തുണയർപ്പിച്ച് സംസാരിച്ചത്.

ആ സംഭവത്തെ ആസിഫ് അലി നേരിട്ടതിനേക്കുറിച്ചോർക്കുമ്പോൾ അഭിമാനംതോന്നുന്നു. നമുക്ക് ജീവിതത്തിൽ അപ്രതീക്ഷിതമായി പല സാഹചര്യങ്ങളേയും അഭിമുഖീകരിക്കേണ്ടിവരാം. ആളുകൾ ചിലപ്പോൾ നമ്മളെ വലിച്ചുതാഴെയിടാൻ നോക്കിയേക്കാം. പക്ഷേ എങ്ങനെ അതിനെ നേരിടുന്നു എന്നതിലാണ് കാര്യം. അങ്ങനെ നോക്കുമ്പോൾ ആസിഫിനെക്കുറിച്ചോർത്ത് വളരെ അഭിമാനമുണ്ട്.  അദ്ദേഹം തന്റെ ഇഷ്ടപ്പെട്ട സഹതാരങ്ങളിലൊരാളാണെന്നും അമല പറഞ്ഞു. 

സെന്റ് ആൽബർട്സിലെ പരിപാടിയിൽ ആസിഫ് അലി | ഫോട്ടോ: ശിഹാബുദ്ദീൻ തങ്ങൾ

തുടർന്ന് ആസിഫ് അലിയെ വേദിയിലേക്ക് വിളിച്ചുവരുത്തി ആലിം​ഗനംചെയ്യുകയും ചെയ്തു അവർ. വേദിയിൽ തന്റെ കരിയറിന്റെ തുടക്കകാലത്തെ അനുഭവങ്ങൾ പങ്കുവെച്ച ആസിഫ് അലി വിവാദത്തേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞു.

Content Highlights: Amala Paul on Ramesh Narayanan Asif Ali Controversy, level cross movie