വിവാദമായി രംഭയുടെ തുറന്നുപറച്ചിൽ, വിശദീകരിച്ചിട്ടും വിടാതെ രജനി ഫാൻസ്

രജനികാന്ത്, രംഭ | ഫോട്ടോ: പി.ടി.ഐ, എസ്.എൽ. ആനന്ദ് \ മാതൃഭൂമി
രജനികാന്ത്, രംഭ | ഫോട്ടോ: പി.ടി.ഐ, എസ്.എൽ. ആനന്ദ് \ മാതൃഭൂമി

രു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി രംഭ രജനികാന്തിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ വിവാദമാവുന്നു. അരുണാചലം എന്ന സിനിമയുടെ സെറ്റിൽ രജനികാന്ത് ചെയ്ത തമാശകൾ എന്ന രീതിയിൽ പറഞ്ഞ കാര്യങ്ങളാണ് രംഭയെ പുലിവാൽ പിടിപ്പിച്ചത്. അരുണാചലം സിനിമയുടെ സെറ്റിൽ രംഭയോട് രജനികാന്ത് മോശമായി പെരുമാറിയെന്ന രീതിയിൽ വാർത്ത പ്രചരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.

‘‘ഞാൻ ഹൈദരാബാദിൽ രാവിലെ 7 മണിക്ക് ഷൂട്ടിങിനു തയ്യാറായിനിൽക്കുന്നു. എന്നാൽ അന്ന് എനിക്ക് ഷൂട്ട് ഇല്ല എന്ന് സുന്ദർ സി എന്നോട് പറഞ്ഞു. മൂന്ന് ദിവസം ഷൂട്ടില്ലാതെ ഞാൻ അവിടെ തങ്ങി. മുഴുവൻ വിശ്രമം. രജനിസാറിനൊപ്പം അഭിനയിക്കാൻ വിളിച്ചിട്ട് ഷൂട്ടില്ലാതെ ഹോട്ടൽ മുറിയിലിരിക്കുകയാണ്. എനിക്ക് വല്ലാതെ ദേഷ്യം വന്നു. നാലാം ദിവസം ഞാൻ സുന്ദർ സിയോട് കാര്യം ചോദിച്ചു. ഈ സിനിമയിൽ ഞാൻ ഉണ്ടോ ഇല്ലയോ എന്നും ഞാനിത് രജനി സാറിനോട് ചോദിക്കാമെന്നും പറഞ്ഞു.  രജനി സാറിനോട് ചോദിച്ചപ്പോൾ ഈ സിനിമയിൽ ഉറപ്പായും ഉണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു." രംഭ ഓർമിച്ചു.

അടുത്ത ദിവസം രാവിലെ ഏഴു മണിക്ക് ഷൂട്ടിങ് ഉണ്ട്, ഞാൻ 6: 55ന് എന്റെ ഷോട്ടിന് റെഡിയായി പോയി, പക്ഷേ രജനി സാർ അവിടെ ഫുൾ മേക്കപ്പിൽ വെയിറ്റ് ചെയ്യുകയായിരുന്നു.  ഞാൻ പോയി 'ഗുഡ് മോർണിങ് സർ' എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ഈ വേഷം വലറെ മനോഹരമായ ഒന്നാണെന്നും സുസ്മിത സെന്നിനു വേണ്ടി എഴുതിയതാണ് അവർക്ക് അസൗകര്യം ഉള്ളതുകൊണ്ടാണ് എന്നെ വിളിച്ചതെന്നും. ഇത്രയും വലിയ ഒരു നടി ചെയ്യേണ്ട വേഷമാണോ എന്നെ  തേടിയെത്തിയത് എന്നായിരുന്നു ഞാൻ അതിശയിച്ചത്.  രജനികാന്തിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.  അങ്ങനെ രജനി സാർ, കമൽ സാർ എന്നിവരോടൊപ്പം  സിനിമചെയ്യുകയെന്ന സ്വപ്നം പൂർത്തിയായെന്നും രംഭ പറഞ്ഞു.

അരുണാചലം ചെയ്യുമ്പോൾത്തന്നെ ഹൈദരാബാദിൽ സൽമാൻ ഖാനൊപ്പം ബന്ധൻ എന്ന ചിത്രത്തിലും രംഭ അഭിനയിക്കുന്നുണ്ടായിരുന്നു. ഇതേക്കുറിച്ചും അവർ മനസുതുറന്നു. രജനികാന്തിനൊപ്പം ഹൈദരാബാദിൽ ഷൂട്ടിങ്ങിലായിരുന്നതിനാൽ ബന്ധൻ ടീമും ഹൈദരാബാദിൽ തന്നെ തുടർന്നു. രാവിലെ രജനി സാറിനൊപ്പവും ഉച്ച മുതൽ സൽമാൻ ഖാനൊപ്പം ബന്ധനിലും അഭിനയിക്കും. ഒരു ദിവസം സൽമാൻ ഖാനും ജാക്കി ഷ്റോഫും രജനി സാറിനൊപ്പം അരുണാചലം സെറ്റിൽ എത്തി. അവരെ കണ്ടപ്പോൾ ഞാൻ ഓടിപ്പോയി കെട്ടിപ്പിടിച്ചു. ബോംബെയിലൊക്കെ അങ്ങനെയാണ്.  രജനി സാർ ഇത് ശ്രദ്ധിച്ചു. അവർ പോയതിനുശേഷം രജനി സാറും സുന്ദറും തമ്മിൽ ഗൗരവതരമായ ചർച്ച നടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. രജനി സാർ ദേഷ്യത്തിൽ കഴുത്തിൽ നിന്ന് തൂവാല താഴേക്ക് എറിയുന്നത് കാണാനിടയായി. സുന്ദർ സി. രജനി സാറിനോട് അപേക്ഷിക്കുകയും  തന്റെനേരെ നോക്കുകയും ചെയ്യന്നുണ്ടായിരുന്നു. ആകെ ആശയക്കുഴപ്പത്തിലായിനിന്ന എന്റെ അടുത്തേക്ക് ക്യാമറമാൻ യു.കെ. സെന്തിൽ കുമാർ വരികയും ‘‘ഇതെന്താ രംഭ, നീ എന്താണ് ചെയ്തുവച്ചിരിക്കുന്നത്?’’ എന്ന് ചോദിക്കുകയും ചെയ്തു. അതുകേട്ട് തനിക്കൊന്നും മനസ്സിലായില്ലെന്നും രംഭ പറഞ്ഞു.

ഞാൻ കൃത്യസമയത്ത് വന്ന് എല്ലാ ഡയലോഗുകളും കൃത്യമായി പഠിച്ച്  അധികം ടേക്കുകൾ വരാതെ ജോലി ചെയ്തുപോവുകയാണ്. ഞാൻ എന്ത് തെറ്റാണു ചെയ്തത്?  ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ എന്ന് പോലും എന്റെ മമ്മ ചോദിച്ചു.  എന്റെ കൂടെ അഭിനയിക്കില്ലെന്ന് രജനികാന്ത് പറഞ്ഞു എന്നാണ് സെറ്റിലുള്ളവർ എന്നോട് പറഞ്ഞത്.  ഞാൻ ആകെ ആശയക്കുഴപ്പത്തിലായി കരയാൻ തുടങ്ങി. അപ്പോൾ രജനികാന്ത് ഓടിവന്ന് നിങ്ങൾ എന്തിനാണ് ഈ കുട്ടിയെ കരയിപ്പിക്കുന്നത് എന്നുചോദിച്ച് എല്ലാവരേയും ശാസിച്ചു. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു.

രജനി സാർ യൂണിറ്റിലെ എല്ലാവരെയും വിളിച്ച് അണിനിരത്തി. അദ്ദേഹം പറഞ്ഞു ‘‘രാവിലെ സൽമാൻ ഖാനും എല്ലാവരും വന്നപ്പോൾ രംഭ പോയി അവരെ കെട്ടിപ്പിടിച്ചു? പക്ഷേ സാധാരണ ഞങ്ങളുടെ സെറ്റിൽ വരുമ്പോൾ അവൾ ഗുഡ് മോർണിങ് പറഞ്ഞുപോകാറാണ് പതിവ്. വടക്കേ ഇന്ത്യയിൽ നിന്ന് വന്നവർ ആയതുകൊണ്ടാണോ അവരോടു അങ്ങനെ ചെയുന്നത്. ഞങ്ങൾ ദക്ഷിണേന്ത്യക്കാരായതിനാൽ എന്തെങ്കിലും കുറവുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഗുഡ് മോണിങ് സർ എന്നു പറഞ്ഞ് നേരെ പോയി പുസ്തകം വായിക്കാൻ ഇരിക്കും. അദ്ദേഹം അവിടെ വലിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അങ്ങനെയൊരു രജനി സാറിനെ ഞാൻ കണ്ടിട്ടേ ഇല്ല. നാളെ മുതൽ എല്ലാ ലൈറ്റ് ബോയ്‌സും നിൽക്കട്ടെ, രംഭ എല്ലാവരേയും ഒരേ രീതിയിൽ ആലിംഗനം ചെയ്യണം. അതിനുശേഷം മാത്രമേ ഷൂട്ടിങ് ഉണ്ടാകൂ. ഇല്ലെങ്കിൽ ഷൂട്ട് ഇല്ല എന്ന് അദ്ദേഹം പറയുന്നത് കേട്ട് ഞാൻ ഭയന്നുപോയി. പക്ഷേ അദ്ദേഹം കളി പറഞ്ഞതാണെന്ന് പിന്നെയാണ് മനസ്സിലായത്. രജനി സാർ ഒരു ​ഗംഭീര നടനാണ്.

അരുണാചലത്തിന്റെ സെറ്റിൽ മറ്റൊരു സംഭവം കൂടി നടന്നു. ചിത്രീകരണത്തിനിടയിൽ ഞങ്ങളെല്ലാം ഒരു കുടുംബംപോലെയാണ് കഴിയുന്നത്. ലൈറ്റ്മാനും ഡാൻസേഴ്സും എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നതും ഇരിക്കുന്നും. ഒരു ദിവസം ഉച്ച കഴിഞ്ഞൊരു സമയത്ത് സെറ്റിലെ ലൈറ്റുകളെല്ലാം ഓഫ് ആയി. പെട്ടന്ന് ആരോ എന്റെ തോളിൽ കയറി പിടിച്ചു. ഞാൻ പേടിച്ച് അലറിവിളിച്ചു.  ലൈറ്റ് ഓൺ ചെയ്തതിന് ശേഷം ആരാണ് എന്നെ തൊട്ടത് എന്ന ചർച്ചയുണ്ടായി. പിന്നീടാണ് രജനി സാറാണ് എന്നെ പ്രാങ്ക് ചെയ്തത് എന്ന് അറിയുന്നത്.’’–രംഭ പറഞ്ഞു.

രംഭയുടെ ഈ വാക്കുകളാണ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടത്. രജനികാന്തിനെ രംഭ മോശമായി ചിത്രീകരിച്ചെന്നാണ് ഉയർന്നിരിക്കുന്ന രജനി ആരാധകർ ഉൾപ്പെടെ ഉന്നയിക്കുന്ന പ്രധാന വിമർശനം. ഒരിക്കൽ തെന്നിന്ത്യ അടക്കി വാണ ഗ്ലാമർ താരമാണ് രംഭ.  സിനിമയിൽ അരങ്ങേറിയപ്പോൾ അമൃത എന്നായിരുന്നു പേര് പിന്നീട് പേര് രംഭ എന്ന് മാറ്റുകയായിരുന്നു. ബോളിവുഡ് സിനിമയിലും സൗത്ത് ഇന്ത്യൻ സിനിമയിലും രംഭ  അഭിനയിച്ചിട്ടുണ്ട്. സർ​ഗം, ചമ്പക്കുളം തച്ചൻ, ക്രോണിക് ബാച്ചിലർ, കൊച്ചി രാജാവ്, പായുംപുലി തുടങ്ങിയ മലയാളചിത്രങ്ങളിലും അവർ നായികയായിട്ടുണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിടപറഞ്ഞ രംഭ കുടുംബത്തോടൊപ്പം വിദേശത്താണ് താമസം.

Content Highlights: rambha about rajinikanth, rambha interview controversy