ഇറങ്ങിയത് രാമായണത്തിന്റെ ടീസർ, ട്രോൾ മുഴുവൻ ആദിപുരുഷിന്‌

#മൂവി ഡെസ്ക്
രാമായണയിലേയും ആദിപുരുഷിലേയും രം​ഗങ്ങൾ | സ്ക്രീൻ​ഗ്രാബ്
രാമായണയിലേയും ആദിപുരുഷിലേയും രം​ഗങ്ങൾ | സ്ക്രീൻ​ഗ്രാബ്

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതോടെ, സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി പ്രഭാസ് നായകനായ ആദിപുരുഷ്. വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയാകുകയാണ് ആദിപുരുഷ്. രാമായണയിലെ രൺബീർ കപൂറിന്റെ പ്രകടനവും ദൃശ്യമികവും പ്രശംസിക്കപ്പെടുമ്പോൾ, ആദിപുരുഷിലെ മോശം വിഎഫ്എക്സും കഥാപാത്ര ചിത്രീകരണങ്ങളെയും പരിഹസിച്ചുകൊണ്ടുള്ള ട്രോളുകൾ ഇന്റർനെറ്റിൽ നിറയുകയാണ്.

രാമായണ ടീസർ തരംഗമാകുന്നതിനിടെയാണ് രണ്ടുവർഷം മുൻപ് പുറത്തിറങ്ങിയ ആദിപുരുഷിന് അതിരൂക്ഷമായ പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നത്. ആദിപുരുഷിന്റെ നിലവാരം വളരെ കുറവാണെന്നും രൺബീർ ചിത്രം അതിനേക്കാൾ മികച്ചതാണെന്നും പലരും അഭിപ്രായപ്പെടുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മീമുകളിൽ പ്രധാനമായും ആദിപുരുഷിലെ മോശം വിഷ്വൽ ഇഫക്റ്റുകളെയും (VFX) സിനിമാറ്റോഗ്രഫിയെയുമാണ് ആരാധകർ ലക്ഷ്യം വെക്കുന്നത്.

രണ്ട് ചിത്രങ്ങളിലെയും നായകന്മാരുടെ ശ്രീരാമനായുള്ള ലുക്കുമായി ബന്ധപ്പെട്ടും താരതമ്യം ഉയരുന്നുണ്ട്. ആദിപുരുഷിൽ രാവണനായെത്തുന്നത് സെയ്ഫ് അലി ഖാനാണ്. ഈ കഥാപാത്രത്തിനുനേരെയും ട്രോളുകളുണ്ട്. രാമായണയിൽ യഷ് ആണ് രാവണനായെത്തുന്നത്. ഈ കഥാപാത്രത്തിന്റെ മുഖം ടീസറിൽ കാണിച്ചിട്ടില്ല.

നമിത് മൽഹോത്ര നിർമ്മിച്ച് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ഇതിഹാസ ചിത്രം വലിയ സ്കെയിലിലാണ് ഒരുങ്ങുന്നത്. സായ് പല്ലവി സീതയായി അഭിനയിക്കുമ്പോൾ രവി ദുബെയാണ് ലക്ഷ്മണന്റെ വേഷം കൈകാര്യം ചെയ്യുന്നത്. സണ്ണി ഡിയോൾ ഹനുമാനായും എത്തുന്നു. ചിത്രത്തിന്റെ ആദ്യഭാഗം 2026 ദീപാവലിക്ക് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്, രണ്ടാം ഭാഗം 2027-ൽ പുറത്തിറങ്ങും.

Content Highlights: The teaser for Ramayana has not only generated excitement but also revived debates about Adipurush's cinematic treatment of the Ramayana story. Fans have flooded X with parody memes and comparisons.