ഗൾഫിലും ഹൗസ് ഫുൾ ആയി നിവിന്റെ പ്രവാസി ഹെയ്സ്റ്റ്; ആഘോഷമായി രാമചന്ദ്ര ബോസ് & കോ

ദുബായ് : ഓണക്കാലത്ത് ഗൾഫിലെ തിയേറ്ററുകളിലും ആഘോഷ തിരയിളക്കമായി പുത്തൻ റിലീസുകൾ. ആർ. ഡി. എക്സ്, രാമചന്ദ്ര ബോസ് & കോ എന്നീ ചിത്രങ്ങൾ ഓണക്കാലത്ത് ഗൾഫ് തിയേറ്ററുകളിൽ ആളുകളെ എത്തിക്കുകയാണ്. നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ് & കോ പൂർണമായും ഒരു പ്രവാസ സിനിമയാണ് എന്ന പ്രത്യേകതയുണ്ട്. എ പ്രവാസി ഹെയ്‌സ്‌റ്റ് എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തിയിരിക്കുന്നത്.
ഷാർജ, റാസൽ ഖൈമ, ദുബായ് തുടങ്ങിയ ഇടങ്ങളിലാണ് രാമചന്ദ്ര ബോസ് & കോ ചിത്രീകരിച്ചത്. ഒരു വലിയ മോഷണത്തിനായി ഗൾഫിൽ എത്തുന്ന സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, വിജിലേഷ്, ശ്രീനാഥ്, മമത ബൈജു, ആർഷ ബൈജു എന്നിവർ നിവിൻ പോളിയുടെ കൊള്ള സംഘത്തിലെ അംഗങ്ങളാണ്. പൊതുവെ ഹെയ്സ്റ്റ് സീരിസിൽ വരുന്ന സിനിമകൾ ത്രില്ലിങ് അനുഭവമാണെങ്കിൽ ബോസ് & കോ ആക്ഷനൊപ്പം തന്നെ തമാശയ്ക്ക് കൂടി പ്രാധാന്യം നൽകുന്നു.
ഒന്നാം പകുതിയിൽ തമാശ ട്രാക്കിലോടുന്ന ചിത്രം രണ്ടാം പകുതിയാകുമ്പോഴേക്കും ത്രില്ലർ സ്വഭാവത്തിലേക്ക് മാറുന്നു . ഗൾഫിലെ റോഡുകളിൽ ചിത്രീകരിച്ച കാർ ചെയ്സിങ് സീനുകൾ പ്രേക്ഷകർക്ക് ആവേശം പകരുന്നതാണ്. മികച്ച സാങ്കേതിക പെർഫെക്ഷനുകളോടെയാണ് ഈ ഹനീഫ് അദേനി ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. ഓണത്തിന് പ്രത്യേകിച്ച് അവധി ഇല്ലെങ്കിലും ഗൾഫിലെ തിയറ്ററുകളിൽ എല്ലാം ചിത്രത്തിന് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
Content Highlights: ramachandra boss and co nivin pauly movie running successfully in gulf