'നാണക്കേട്, തെറ്റായ മാതൃക'; പൂനത്തിനെ വിമർശിച്ച് താരങ്ങൾ, പിന്തുണച്ച് രാം ഗോപാൽ വർമ

വ്യാജ മരണവാർത്ത പ്രചരിപ്പിച്ച നടി പൂനം പാണ്ഡെയ്ക്കെതിരെ വിമർശനവുമായി സിനിമാലോകം. നടിയുടെ പ്രവർത്തി തെറ്റായ മാതൃകയാണ് നൽകുന്നതെന്ന് താരങ്ങൾ ചൂണ്ടിക്കാട്ടി. അതേസമയം, പൂനത്തിന് പിന്തുണയുമായി സംവിധായകൻ രാംഗോപാൽ വർമ ഉൾപ്പടെ ചിലരും രംഗത്തെത്തി.
കഴിഞ്ഞ ദിവസം സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്ന് പൂനം ഒരുദിവസത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.
സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനുള്ള തീരുമാനം മികച്ചതാണെങ്കിലും സ്വീകരിച്ച രീതി തെറ്റാണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. സ്വന്തം മരണത്തെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് വെറുപ്പുളവാക്കുന്നതും നാണക്കേടും അപമാനകരവുമാണെന്ന് നടി പിയ ബാജ്പേയ് പറഞ്ഞു. താരത്തിന്റെ പ്രവർത്തി തെറ്റായ മാതൃകയാണെന്നും നടി കൂട്ടിച്ചേർത്തു.
മരണം തമാശയല്ലെന്ന് നടി സോനാൽ ചൗഹാൻ പ്രതികരിച്ചു. പൂനത്തിന്റെ പ്രവർത്തി വെറുപ്പുളവാക്കുന്നതാണെന്ന് നടി ശ്രേയ ധന്വന്തരി കുറിച്ചു. സോഷ്യൽ മീഡിയയിൽ ഉടനീളം പൂനത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുകയാണ്.
അതേസമയം, സ്വീകരിച്ച രീതി തെറ്റായെങ്കിലും പൂനത്തിന്റെ ഉദ്ദേശ ശുദ്ധിയെ അഭിനന്ദിക്കുന്നുവെന്ന് സംവിധായകൻ രാംഗോപാൽ വർമ പറഞ്ഞു. പൂനം കാരണം സെർവിക്കൽ കാൻസറിനെ കുറിച്ചുള്ള ചർച്ച എല്ലായിടത്തും ട്രെൻഡിങ് ആണെന്നും നടിക്ക് ദീർഘായുസ്സും സന്തുഷ്ടകരമായ ജീവിതവും ആശംസിക്കുന്നുവെന്നും സംവിധായകൻ എക്സിൽ കുറിച്ചു.
Content Highlights: ram gopal varma supports poonam pandey