സെൻസർഷിപ്പ് പ്രേക്ഷകരെ അപമാനിക്കുന്നു, സെൻസർ ബോർഡ് കാലഹരണപ്പെട്ടു- രാം ഗോപാൽ വർമ

സെൻസർ ബോർഡ് കാലഹരണപ്പെട്ട സംവിധാനമാണെന്ന് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. വിജയ് ചിത്രം 'ജനനായകനു'മായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാത്രമല്ല, ആകെ നോക്കുമ്പോൾ ഇന്നത്തെക്കാലത്ത് സെൻസർ ബോർഡിന് എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് കരുതുന്നത് തീർത്തും വിഡ്ഢിത്തമാണെന്നും ആർജിവി അഭിപ്രായപ്പെട്ടു.
സെൻസർ ബോർഡിന്റെ ഉദ്ദേശം വളരേക്കാലം മുമ്പേ കാലഹരണപ്പെട്ടതാണ്. പ്രസക്തിയെ ചോദ്യംചെയ്യാനുള്ള മടി കാരണം മാത്രമാണ് ഇപ്പോഴും അത് നിലനിൽക്കുന്നത്. അതിന് ഉത്തരവാദി മൊത്തം സിനിമാ വ്യവസായമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്‌സിൽ പങ്കുവെച്ച നീണ്ട കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ലോകത്ത് എവിടേ നിന്നും എഡിറ്റ് ചെയ്യാത്ത, സെൻസർ ചെയ്യപ്പെടാത്ത ഉള്ളടക്കങ്ങൾ അൽഗോരിതങ്ങൾ നമുക്ക് മുന്നിലേക്ക് എത്തിക്കുന്നു. സാമൂഹികമാധ്യമങ്ങൾക്ക് സിനിമയേക്കാൾ കൂടുതൽ പ്രചാരമുണ്ടെന്ന വസ്തുത അവഗണിക്കരുത്. ചിത്രങ്ങളിലെ വാക്കുകൾ നീക്കം ചെയ്യുന്നതും ഷോട്ട് വെട്ടിക്കുറയ്ക്കുന്നതും സിഗരറ്റ് മങ്ങിയതായി കാണിക്കുന്നതും സമൂഹത്തെ സംരക്ഷിക്കും എന്ന് സെൻസർ ബോർഡ് വിശ്വസിക്കുന്നുണ്ടെങ്കിൽ അതൊരു തമാശയാണ്. ചിത്രങ്ങൾ അപൂർവ്വമായിരുന്ന, അവയുടെ ലഭ്യത പരിമിതമായിരുന്ന, മാധ്യമങ്ങളെ ഭരണകൂടങ്ങൾ നിയന്ത്രിച്ചിരുന്ന കാലത്താണ് സെൻസർ ബോർഡ് ജനിച്ചതെന്നും ആർജിവി അഭിപ്രായപ്പെട്ടു.
പത്രങ്ങൾക്ക് എഡിറ്ററും ടെലിവിഷനുകൾക്ക് ഷെഡ്യൂളും ഉണ്ടായിരുന്ന കാലത്ത് നിയന്ത്രണങ്ങൾക്ക് അർഥമുണ്ടായിരുന്നു. എന്നാൽ, ഇന്ന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ അസാധ്യമാണ്. ആളുകൾ എന്തുകാണണമെന്നോ കാണരുതെന്നോ തീരുമാനിക്കാൻ ആർക്കും തീരുമാനിക്കാൻ കഴിയില്ല. ഇന്നത്തെ കാലത്ത് സെൻസർഷിപ്പ് ആളുകളെ എന്തെങ്കിലും കാണുന്നതിൽനിന്ന് വിലക്കുന്നില്ല, പ്രേക്ഷകരെ അപമാനിക്കുക മാത്രമാണ് ചെയ്യുന്നത്. ആര് ഭരിക്കണമെന്ന് തീരുമാനിക്കാൻ ബുദ്ധിയുള്ള നമുക്ക് എന്താണ് കാണേണ്ടതെന്നും കേൾക്കേണ്ടതെന്നും തീരുമാനിക്കാൻ കഴിയില്ലേ? സെൻസർ ബോർഡ് ഇപ്പോൾ ചെയ്യുന്നത് സംരക്ഷിക്കലല്ല, വെറും നാടകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാമൂഹികമാധ്യമങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ നിയന്ത്രണങ്ങൾ ഇല്ലാതെ കാണുന്ന അതേ സമൂഹം, ഒരു സംവിധായകൻ തിയേറ്ററിൽ എന്തെങ്കിലും കാണിക്കുമ്പോൾ പെട്ടെന്ന് ആശങ്കാകുലരാകുന്നു. ഈ കാപട്യം അപകടകരമാണ്. സെൻസർഷിപ്പ് ആളുകൾ എപ്പോഴും കുട്ടികളാണെന്ന് കരുതുന്നു. സിനിമ പാഠങ്ങൾ പഠിപ്പിക്കുന്ന ക്ലാസ്മുറിയാവാൻ ഉദ്ദേശിച്ചുള്ളതല്ല. അവ കണ്ണാടികളും കാഴ്ചപ്പാടുകളും ആവിഷ്‌കാരങ്ങളും വിനോദം ലക്ഷ്യമിട്ടുള്ള അഭിപ്രായപ്രകടനങ്ങളുമാണ്. അധികാരികളുടെ ജോലി അവയെ എഡിറ്റ് ചെയ്യുകയോ വെട്ടിമാറ്റുകയോ ചെയ്യുക എന്നതല്ല. മറിച്ച് പൗരന്മാർക്ക് സ്വയം തീരുമാനിക്കാൻ കഴിയുംവിധം വിശ്വസിക്കുക എന്നതാണ്. ഇത് ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പ്രധാന ലക്ഷ്യമാണെന്നും ആർജിവി അഭിപ്രായപ്പെട്ടു.
പ്രായത്തിന് അനുസരിച്ച് ചിത്രങ്ങൾ തരംതിരിക്കുന്നത് മനസിലാക്കാം. ഉള്ളടക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും നല്ലതാണ്. എന്നാൽ, സെൻസർഷിപ്പ് അങ്ങനെയല്ല. ഓരോ സിനിമയും സെൻസർ ചെയ്യപ്പെടുമ്പോൾ ശബ്ദമുയർത്തുന്നതിന് പകരം സെൻസർ ബോർഡിനെ സൃഷ്ടിച്ച ചിന്താഗതിക്കെതിരേയാണ് പോരാടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Filmmaker Ram Gopal Varma slams the Censor Board, calling it an outdated system that insults audiences and is no longer relevant in the digital age