നടി രാകുൽ പ്രീതിന്റെയും ഭർതൃപിതാവിന്റെയും ഓഫീസുകളിൽ ആദായനികുതി റെയ്ഡ്, നടപടി 12 ഇടങ്ങളിൽ

#മൂവി ഡെസ്ക്
രാകുൽ പ്രീത് സിം​ഗ് | ഫോട്ടോ: Getty Images
രാകുൽ പ്രീത് സിം​ഗ് | ഫോട്ടോ: Getty Images

മുംബൈ: ബോളിവുഡ് നടി രാകുൽ പ്രീത് സിംഗ്, ഭർതൃപിതാവും ചലച്ചിത്ര നിർമാതാവുമായ വഷു ഭഗ്നാനി, പനോരമ സ്റ്റുഡിയോ എന്നിവരുമായി ബന്ധപ്പെട്ട മുംബൈയിലെ വിവിധ കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഫണ്ട് ക്രമക്കേടുണ്ടെന്ന സംശയത്തിൽ 12 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.

ചലച്ചിത്ര നിർമാണ പദ്ധതികൾക്ക് സാമ്പത്തികസഹായം നൽകുന്നതിന്റെ മറവിൽ ഫണ്ട് വിദേശത്തേക്ക് കടത്തുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. മുംബൈ ആദായനികുതി വകുപ്പിന്റെ വിവിധ ടീമുകൾ നിലവിൽ രേഖകളും സാമ്പത്തിക ഇടപാടുകളും വിദേശത്തേക്ക് നടത്തിയെന്ന് പറയപ്പെടുന്ന ഇടപാടുകളുടെ വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്.

പരിശോധനകളുടെ കണ്ടെത്തലുകളെക്കുറിച്ചോ നികുതി നിയമലംഘനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചോ ആദായനികുതി വകുപ്പ് ഇതുവരെ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല. നിലവിൽ പരിശോധനകൾ തുടരുകയാണെന്നും സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിർമാതാവ് വഷു ഭഗ്നാനിയുടെ മകനും നിർമാതാവുമായ ജാക്കി ഭഗ്നാനിയെയാണ് രാകുൽ പ്രീത് സിംഗ് വിവാഹം കഴിച്ചിരിക്കുന്നത്. ഭഗ്നാനി കുടുംബത്തിന്റെ സിനിമാ നിർമാണ കമ്പനിയാണ് പൂജ എന്റർടൈൻമെന്റ്. കഴിഞ്ഞ വർഷം ഡിസംബറിൽ, രാകുൽ പ്രീത് സിംഗിന്റെ സഹോദരൻ അമൻ പ്രീത് സിംഗിനായി മുംബൈ പോലീസ് ഒരു മയക്കുമരുന്ന് കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു.

Also Read: മയക്കുമരുന്നു കേസിൽ നടി രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അമൻ പ്രീത് അറസ്റ്റിൽ

എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്സ്മെന്റ് (EAGLE) ഫോഴ്സും വെസ്റ്റ് സോൺ പോലീസും ചേർന്ന് 2025 ഡിസംബർ 19-ന് നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് വിറ്റതുമായി ബന്ധപ്പെട്ട് രണ്ട് വ്യവസായികളെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് 43 ഗ്രാം കൊക്കെയ്നും 11.5 ഗ്രാം എംഡിഎംഎയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ രണ്ട് വ്യാപാരികളിൽ നിന്ന് അമൻ അഞ്ച് തവണ മയക്കുമരുന്ന് വാങ്ങിയിട്ടുണ്ടെന്നാണ് അധികൃതരുടെ സംശയം.

Content Highlights: The Income Tax Department conducted searches across 12 locations in Mumbai linked to actor Rakul Preet Singh, film producer Vashu Bhagnani, and Panorama Studios over alleged financial irregularities and routing funds overseas under the guise of film projects.