കാഴ്ചക്കാരെ കൂട്ടാനുള്ള തിരക്കിൽ യഥാർത്ഥ മനുഷ്യത്വം നഷ്ടപ്പെട്ടു; വിമർശനവുമായി രജിഷ വിജയൻ

#മൂവി ഡെസ്ക്
ചന്തു സലിം കുമാർ, രജിഷ വിജയൻ | സ്ക്രീൻ​ഗ്രാബ്, Instagram
ചന്തു സലിം കുമാർ, രജിഷ വിജയൻ | സ്ക്രീൻ​ഗ്രാബ്, Instagram

ടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ തിക്കും തിരക്കുമുണ്ടാക്കിയ യുട്യൂബ് ചാനലുകളെ വിമർശിച്ച് നടി രജിഷ വിജയൻ. കാഴ്ചക്കാരെ കൂട്ടാനുള്ള തിരക്കിൽ യഥാർത്ഥ മനുഷ്യത്വം നഷ്ടമായെന്ന് അവർ പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അവരുടെ പ്രതികരണം.

“ഒരു ഇതിഹാസത്തിന്റെ വിയോഗത്തിൽ അങ്ങേയറ്റം ദുഃഖിതയാണ്. ദുഃഖിതരായ ആ കുടുംബത്തോട് മാധ്യമങ്ങളും ക്യാമറകളും കാണിക്കുന്ന അനാദരവും സഹാനുഭൂതിയില്ലായ്മയുമാണ് കൂടുതൽ വേദനിപ്പിക്കുന്നത്! കാഴ്ചക്കാരെയും ടി.ആർ.പി.യും കൂട്ടാനുള്ള തിരക്കിൽ, യഥാർത്ഥ മനുഷ്യത്വം നഷ്ടപ്പെട്ടു,” രജിഷയുടെ വാക്കുകൾ.

പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങുകൾ. പോലീസിന്റെ നടപടികൾക്ക് മുന്നോടിയായി സ്ഥലത്തെ തിരക്ക് നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു മകനും നടനുമായ ചന്തു സലിം കുമാർ. മൊബൈൽഫോൺ ക്യാമറയുമായി എത്തിയവർ ഒരു പരിധി കഴിഞ്ഞിട്ടും പോലീസിന്റേത് ഉൾപ്പെടെ നിർദേശങ്ങൾ അനുസരിക്കാതെ വന്നതോടെ ചന്തുവിന് അല്പം പരുഷമായി തന്നെ പ്രതികരിക്കേണ്ടിവന്നു.

ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമർശനമാണ് ഓൺലൈൻ മാധ്യമങ്ങൾക്കെതിരേ ഉയർന്നത്. മരണവീട്ടിൽ പരിസരബോധമില്ലാതെ പെരുമാറുന്ന ഇത്തരക്കാർക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ കടുത്ത വിമർശനമുയർന്നു.

സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു സലിംകുമാറിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

Content Highlights: Joining the massive chorus of public and industry anger against aggressive online reporting, prominent actress Rajisha Vijayan has strictly condemned YouTube channels and digital media portals. Expressing deep disappointment, the state-award-winning actress called out the complete erosion of basic empathy at the funeral venue of legendary actor Salim Kumar.