എന്റെ പ്രകടനം കാണാൻ രജനീകാന്ത് കാത്തുനിന്നു, പ്രശംസ ദേശീയ പുരസ്കാരത്തേക്കാൾ വലുത്-സുരാജ് വെ‍ഞ്ഞാറമ്മൂട്

#മൂവി ഡെസ്ക്
ജയിലർ 2 എന്ന ചിത്രത്തിൽ രജനീകാന്ത്, സുരാജ് വെഞ്ഞാറമ്മൂട് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, റിച്ചാർഡ് ആന്റണി \ മാതൃഭൂമി
ജയിലർ 2 എന്ന ചിത്രത്തിൽ രജനീകാന്ത്, സുരാജ് വെഞ്ഞാറമ്മൂട് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, റിച്ചാർഡ് ആന്റണി \ മാതൃഭൂമി

പ്രേക്ഷകർ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ജയിലർ 2'. ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് തിരിച്ചെത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ സൂപ്പർതാരവും മറ്റ് അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു. തന്റെ അഭിനയത്തിന് രജനികാന്തിന്റെ പ്രശംസ ലഭിച്ച ആ ദിവസത്തെക്കുറിച്ചുള്ള ഓർമ്മകൾ ചടങ്ങിൽ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിൽ ദിലീപ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ സുരാജ് വെഞ്ഞാറമൂട്.

"രജനി സാർ തന്റെ ഷൂട്ട് കഴിഞ്ഞ് മടങ്ങാൻ തയ്യാറെടുക്കുകയായിരുന്നു, എന്നാൽ എന്റെ പ്രകടനം കാണാൻ അദ്ദേഹം അവിടെത്തന്നെ നിന്നു. ഞാൻ എന്റെ കഥാപാത്രമായി നിന്ന് ആ രംഗം ചെയ്തു, സംവിധായകൻ 'കട്ട്' എന്ന് പറഞ്ഞ നിമിഷം ആരോ കൈയടിക്കുന്നത് ഞാൻ കേട്ടു. ഞാൻ നോക്കിയപ്പോൾ അത് മറ്റാരുമായിരുന്നില്ല, സാക്ഷാൽ രജനികാന്ത് സാർ തന്നെ." സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

"അദ്ദേഹം എഴുന്നേറ്റു കൈയടിക്കുന്നത് കണ്ട് സെറ്റിലുണ്ടായിരുന്ന എല്ലാവരും കൈയടിക്കാൻ തുടങ്ങി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നു അത്. അഭിനയത്തിന് എനിക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്, എന്നാൽ അദ്ദേഹത്തിന്റെ ഈ അഭിനന്ദനം ആ അവാർഡിനേക്കാൾ വിലമതിക്കുന്നതാണ്. എത്ര വലിയ സൂപ്പർസ്റ്റാറാണെങ്കിലും സിനിമകളെക്കുറിച്ചും സഹതാരങ്ങളെക്കുറിച്ചും അവരുടെ അഭിനയരീതികളെക്കുറിച്ചും അറിയാൻ അദ്ദേഹം കാണിക്കുന്ന താൽപ്പര്യം എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹം ശരിക്കും ഒരു പ്രചോദനമാണ്," സുരാജ് വെഞ്ഞാറമൂട് കൂട്ടിച്ചേർത്തു.

Also Read: വെറും രണ്ട് സെക്കൻഡ്, Jailer 2 ട്രെയിലർ തൂക്കി മോഹൻലാൽ, മാത്യുവിനെ ആഘോഷമാക്കി ആരാധകർ

ബ്ലോക്ക്ബസ്റ്റർ വിജയമായ 'ജയിലറി'നുശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടുമെത്തുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് 'ജയിലർ 2' പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്. നെൽസണാണ് തിരക്കഥയും സംവിധാനവും. ആദ്യഭാഗത്തിലെ കഥാപാത്രങ്ങൾക്കൊപ്പം പുതിയ താരങ്ങളെയും അണിനിരത്തിയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തിയ മോഹൻലാലും ശിവ രാജ്കുമാറും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്.

എസ്.ജെ. സൂര്യ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ, കോട്ടയം നസീർ, ജാക്കി ഷ്രോഫ് തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. നിർമാണം സൺ പിക്ചേഴ്സ്.

Content Highlights: At the pre-release event for Jailer 2, National Award-winning actor Suraj Venjaramoodu shared a heartwarming experience from the sets, describing how superstar Rajinikanth stayed back after his own shot to watch Suraj perform and gave him a standing ovation.