ജനനായകൻ ചോർച്ചയിൽ സസ്പെൻഷൻ നേരിട്ടയാൾ രജനീകാന്ത് ചിത്രത്തിൽ എഡിറ്റർ; നടപടി പിൻവലിച്ചെന്ന് വിശദീകരണം

#Movies Desk
പ്രദീപ് ഇ. രാഘവ് വിജയ്‌ക്കൊപ്പം, ധര്‍മന്‍ പോസ്റ്ററില്‍ രജനീകാന്ത്‌ | Photo: X/ Pradeep E Ragav, Raaj Kamal Films International
പ്രദീപ് ഇ. രാഘവ് വിജയ്‌ക്കൊപ്പം, ധര്‍മന്‍ പോസ്റ്ററില്‍ രജനീകാന്ത്‌ | Photo: X/ Pradeep E Ragav, Raaj Kamal Films International

രജനീകാന്തിനെ നായകനാക്കി കമൽഹാസൻ നിർമിക്കുന്ന ചിത്രത്തിന്റെ എഡിറ്ററായി വിജയ്‌യുടെ 'ജനനായകൻ' ചോർച്ചയിൽ നടപടി നേരിട്ട സാങ്കേതിക പ്രവർത്തകൻ. രണ്ട് മാസം മുമ്പ് സൗത്ത് ഇന്ത്യൻ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷൻ സസ്‌പെൻഡ് ചെയ്ത എഡിറ്റർ പ്രദീപ് ഇ. രാഘവാണ് 'ധർമൻ' ചിത്രസംയോജനം നിർവഹിക്കുക. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുമ്പുള്ള അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് 'ജനനായകൻ' ഒരുങ്ങിയത്. സെൻസർ ബോർഡിന്റെ പ്രദർശനാനുമതി കാത്തിരിക്കവെയാണ് 'ജനനായകൻ' വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിച്ചത്. ഇത് വലിയ വിവാദമായിരുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് 'ജനനായകൻ' വ്യാജപതിപ്പ് ചോർന്നത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സൈബർ ക്രൈം വിങ് 16 പേരെ അറസ്റ്റ് ചെയ്തു. എഡിറ്റിങ് സ്റ്റുഡിയോയിൽ വെച്ച് ഫ്രീലാൻസ് അസിസ്റ്റന്റ് എഡിറ്റർ അനധികൃതമായി ദൃശ്യങ്ങൾ കൈക്കലാക്കി ഓൺലൈനിൽ പ്രചരിപ്പിക്കുകയായിരുന്നു എന്ന് അന്വേഷണസംഘം കണ്ടെത്തി. സിനിമ ചോർന്നതിൽ പ്രദീപിന് പങ്കില്ലെന്ന് ചിത്രസംയോജകരുടെ സംഘടന വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രദീപിന് ജാഗ്രതക്കുറവുണ്ടായെന്ന് കാണിച്ചായിരുന്നു നടപടി.

'ജനനായകൻ' പോലുള്ള സിനിമകളിൽ യൂണിയനിൽ അംഗങ്ങളല്ലാത്തവരെ അസിസ്റ്റന്റ് എഡിറ്റർമാരായി നിയമിച്ചതിൽ ചട്ടലംഘനമുണ്ടായെന്ന് സംഘടന കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഏപ്രിൽ 17-ന് അദ്ദേഹത്തിന്റെ അംഗത്വം സസ്പെൻഡ് ചെയ്തു. പിന്നാലെയാണ് തമിഴിലെ വമ്പൻ പ്രൊജക്ടായ 'ധർമന്റെ' ഭാഗമായി പ്രദീപ് എത്തിയത്.

നടപടിയിൽ പ്രദീപ് ഇ. രാഘവ് മാപ്പപേക്ഷ നൽകിയതായി 'ധർമൻ' അണിയറപ്രവർത്തകർ വ്യക്തമാക്കി. മാപ്പപേക്ഷ സ്വീകരിച്ച അസോസിയേഷൻ അദ്ദേഹത്തോട് എഡിറ്ററായി ജോലി തുടരാൻ നിർദേശം നൽകിയതായും ചിത്രത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

കമൽഹാസന്റെ രാജ്കമൽ ഫിലിംസ് നിർമിക്കുന്ന രജനീകാന്തിന്റെ 173-ാമത് ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് അശ്വത് മാരിമുത്തുവാണ്. ഡോക്ടറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ എത്തുന്നത്.

'ഓ മൈ കടവുളേ', 'ഡ്രാഗൺ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അശ്വത് മാരിമുത്തു. അനിരുധ് സംഗീതമൊരുക്കുന്ന ചിത്രത്തിൽ സിമ്രാൻ, റാഷി ഖന്ന, യോഗി ബാബു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. അൻപറിവ് ആണ് സംഘട്ടനം.

സുന്ദർ സിയുടെ സംവിധാനത്തിലായിരുന്നു ചിത്രം ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, അദ്ദേഹം അപ്രതീക്ഷിതമായി പിന്മാറി. പിന്നാലെ സിബി ചക്രവർത്തി സംവിധായകനായെത്തി. പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് പിന്നാലെ അദ്ദേഹവും പിന്മാറിയതോടെയാണ് അശ്വത് മാരിമുത്തു സംവിധായകനായി എത്തുന്നത്.

Content Highlights: Editor Pradeep E. Raghav, who was suspended by the South Indian Film Editor's Association over the 'Jananayakan' movie leak controversy, has been roped in for Rajinikanth's upcoming movie 'Dharmman'. He was suspended two months ago following a lack of vigilance when a freelance assistant editor illegally leaked footage of Vijay's 'Jananayakan' from the editing studio. The makers of 'Dharmman' revealed that Pradeep has submitted an official apology to the association, which was subsequently accepted. Following the acceptance of his apology, the association has cleared him to resume his professional editing duties for the mega project. 'Dharmman', directed by Ashwath Marimuthu and produced by Kamal Haasan's Raaj Kamal Films International, features Rajinikanth in the role of a doctor