'ഒരുമിച്ച് അഭിനയിച്ചത് ബഹുമതി, 50 വർഷത്തെ വ്യക്തിപ്രഭാവം'; രജനിയോട് മമ്മൂട്ടിയും മോഹൻലാലും

മോഹ​ൻലാൽ, കൂലി എന്ന ചിത്രത്തിന്റെ പോസ്റ്റർ, മമ്മൂട്ടി | ഫോട്ടോ: എൻ.എം. പ്രദീപ്, Facebook, ആർക്കൈവ്സ് \ മാതൃഭൂമി
മോഹ​ൻലാൽ, കൂലി എന്ന ചിത്രത്തിന്റെ പോസ്റ്റർ, മമ്മൂട്ടി | ഫോട്ടോ: എൻ.എം. പ്രദീപ്, Facebook, ആർക്കൈവ്സ് \ മാതൃഭൂമി

ലച്ചിത്രരം​ഗത്ത് 50 വർഷം പൂർത്തിയാക്കുന്ന രജനീകാന്തിന് ആശംസകളുമായി മലയാളികളുടെ പ്രിയ താരങ്ങൾ. രജനീകാന്തിനും വ്യാഴാഴ്ച അദ്ദേഹം നായകനായി പുറത്തിറങ്ങുന്ന കൂലി എന്ന ചിത്രത്തിനും ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടിയും മോഹൻലാലും. രജനിക്കൊപ്പം സ്ക്രീൻ പങ്കിടാൻ സാധിച്ചത് ബഹുമതിയാണെന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ പകരം വെയ്ക്കാനാകാത്ത വ്യക്തിപ്രഭാവം എന്നാണ് മോഹൻലാൽ വിശേഷിപ്പിച്ചത്.

"സിനിമയിൽ 50 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കിയ പ്രിയ രജനീകാന്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. താങ്കളോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് യഥാർഥത്തിൽ ഒരു ബഹുമതിയായിരുന്നു. ‘കൂലി’ എന്ന ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നു. എന്നും പ്രചോദിപ്പിച്ചുകൊണ്ടും ശോഭിച്ചുകൊണ്ടും ഇരിക്കുക." മമ്മൂട്ടിയുടെ വാക്കുകൾ.

"സ്ക്രീനിൽ അമ്പതുവർഷത്തെ വ്യക്തിപ്രഭാവവും സമർപ്പണവും മാജിക്കും. ഒരേയൊരു രജനീകാന്ത് സാറിന് അഭിനന്ദനങ്ങൾ. കൂലിയും മറ്റ് നിരവധി ഐതിഹാസിക നിമിഷങ്ങളും വരാനിരിക്കുന്നു." മോഹൻലാൽ പറഞ്ഞു.

വ്യാഴാഴ്ചയാണ് ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന കൂലി റിലീസ് ചെയ്യുന്നത്. നാഗാർജുന, സത്യരാജ്, ആമിർ ഖാൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ നാലാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിംഗ് ഫിലോമിൻ രാജുമാണ് നിർവഹിക്കുന്നത്. 

Content Highlights: Mammootty & Mohanlal congratulate Rajinikanth on 50 years in cinema