എന്റെ എല്ലാ സിനിമകളുടേയും പ്രചോദനം ശ്രീരാമനെക്കുറിച്ചുള്ള ഇതിഹാസ കഥകൾ- രൗജമൗലി

മഗധീര, ബാഹുബലി, ആർആർആർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങൾ വെള്ളിത്തിരയിൽ എത്തിച്ചിട്ടുള്ള സംവിധായകനാണ് എസ്.എസ്.രാജമൗലി. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരണാസി. പൃഥ്വിരാജ് സുകുമാരൻ, മഹേഷ് ബാബു, പ്രിയങ്ക ചോപ്ര തുടങ്ങിയ താരനിരകൾ അണിനിരക്കുന്ന ചിത്രം 2027-ൽ തിയേറ്ററിലെത്തും. ഇപ്പോഴിതാ, തന്റെ എല്ലാ ചിത്രങ്ങളും ശ്രീരാമനെക്കുറിച്ചുള്ള ഇതിഹാസ കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പറയുകയാണ് രാജമൗലി. പോളിഗണിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഈ സിനിമയിൽ രാമായണത്തിലെ ഒരു സംഭവത്തെ നേരിട്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ചു. എന്റെ സിനിമകളെല്ലാം രാമനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളതാണ്'. പ്രേക്ഷകർക്ക് പുരാണങ്ങളെക്കുറിച്ച് നേരത്തെ അറിയേണ്ടതുണ്ടോ എന്ന ചോദ്യത്തിന് കഥ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് രാജമൗലി പറഞ്ഞു.
'പ്രേക്ഷകർക്ക് മനസ്സിലാകുന്ന രീതിയിൽ സിനിമ നിർമിക്കുക എന്നതാണ് എന്റെ ജോലി. സിനിമ കാണുന്നവർക്ക് വലിയ ഭാരം തോന്നരുത്. ശ്രീരാമന്റെ കഥ മുഴുവനായി നിങ്ങൾക്ക് മനസ്സിലാകില്ലായിരിക്കാം. എന്നാൽ, അതിന്റെ ആവശ്യമില്ല. കഥാപാത്രങ്ങളുടെ വികാരങ്ങൾ തിരിച്ചറിയാൻ സാധിച്ചാൽ സിനിമയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും', രാജമൗലി പറഞ്ഞു.
2027 ഏപ്രിൽ ഏഴിന് വാരണാസി ലോകവ്യാപകമായി റിലീസ് ചെയ്യും. ശ്രീ ദുർഗ ആർട്‌സ്, ഷോയിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണനും എസ്.എസ്. കാർത്തികേയയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മഹേഷ് ബാബു ആദ്യമായി ഒരു പുരാണ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വാരണസി’. രുദ്ര എന്നാണ് കഥാപാത്രത്തിന്റെ പേര്. മന്ദാകിനി എന്ന കഥാപാത്രമായാണ് 'വാരണാസി'യിൽ പ്രിയങ്ക ചോപ്രയെത്തുന്നത്. പ്രതിനായക കഥാപാത്രമായ കുംഭയായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.
Content Highlights: Acclaimed director SS Rajamouli revealed that all his films draw inspiration from the epic tales of Lord Rama.