‘താലി ധരിക്കണോയെന്ന് സ്ത്രീകൾക്ക് തീരുമാനിക്കാം’; ഭർത്താവിന്റെ പരാമർശത്തിൽ ചിന്മയിക്കെതിരെ സൈബർ ആക്രമണം

വിവാഹത്തിന് ശേഷം സ്ത്രീകള്‍ താലി ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന പരാമര്‍ശത്തിന്റെ പേരില്‍ ഗായിക ചിന്മയി ശ്രീപദയ്ക്കും ഭര്‍ത്താവും നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രനുമെതിരേ സൈബര്‍ ആക്രമണം. താലി ധരിക്കുന്നത് സ്ത്രീകളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരേയാണ് ആക്രമണം. ആക്രമണം പരിധിവിട്ടതോടെ ഹൈദരാബാദ് പോലീസ് കേസെടുക്കുമെന്ന സൂചന നല്‍കി. തങ്ങള്‍ക്കെതിരായ ആക്രമണം ചിന്മയി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
'വിവാഹത്തിന് ശേഷം താലി ധരിക്കണോ എന്ന് സ്വയം തീരുമാനിക്കാമെന്ന് ഞാന്‍ ചിന്മയിയോട് പറഞ്ഞു. അത് ധരിക്കാന്‍ ഞാന്‍ ഒരിക്കലും ചിന്മയിയോട് ആവശ്യപ്പെടില്ല. പുരുഷന്മാര്‍ വിവാഹിതരാണ് എന്നത് കാണിക്കാന്‍ പ്രത്യക്ഷത്തില്‍ ഒന്നുമില്ല. എന്നിട്ടും സ്ത്രീകള്‍ മാത്രം അതിന്റെ അടയാളം ധരിക്കണമെന്ന് പറയുന്നത് തെറ്റാണ്', എന്നായിരുന്നു രാഹുല്‍ രവീന്ദ്രന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
പിന്നാലെ, താലി ധരിക്കുന്നത് തിരഞ്ഞെടുപ്പാണോ അതോ സാംസ്‌കാരിക പാരമ്പര്യമാണോ എന്ന ചോദ്യം സാമൂഹികമാധ്യമങ്ങളില്‍ ഉയര്‍ന്നു. ഇതാണ് പരിധിവിട്ട് രാഹുലിനും ചിന്മയ്ക്കുമെതിരായ സൈബര്‍ ആക്രമണമായി മാറിയത്. ചിന്മയിയെ പോലുള്ളവര്‍ക്ക് കുട്ടികള്‍ ഉണ്ടാവാന്‍ പാടില്ലെന്നും, ഉണ്ടായാല്‍ തന്നെ ഉടനേ മരിക്കണമെന്നുംവരെ ആളുകള്‍ പ്രതികരിച്ചു. ഇരുവര്‍ക്കുമെതിരേ അസഭ്യപരാമര്‍ശങ്ങളും ഉയര്‍ന്നു.
പിന്നാലെ, ഹൈദരാബാദ് കമ്മിഷണര്‍ വി.സി. സജ്ജനാരിനെ ടാഗ് ചെയ്ത് തനിക്കെതിരായ ആക്രമണങ്ങള്‍ ചിന്മയി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
കേസ് നല്‍കാന്‍ തയ്യാറാണെന്നും 15 വര്‍ഷമെടുത്താലും നിയമം അതിന്റെ വഴിക്ക് പോവട്ടെ എന്നുമായിരുന്നു കമ്മീഷണറെ ടാഗ് ചെയ്തുകൊണ്ട് ചിന്മയിയുടെ എക്‌സ് പോസ്റ്റ്. അദ്ദേഹം ഇത് ഹൈദരാബാദ് സിറ്റി പോലീസിന്റേയും സൈബര്‍ ക്രൈം ഡിപ്പാര്‍ട്‌മെന്റിന്റേയും ശ്രദ്ധയില്‍പ്പെടുത്തി. ഇതിന് ഗായിക നന്ദിയും പറഞ്ഞു.
Content Highlights: Singer Chinmayi Sripada Faces Cyber Abuse Over Husband's Thali Remark