രാവണപ്രഭുവിന്റെ റീ റിലീസ് വിജയം; കൂടുതൽ സിനിമകൾ റീ റിലീസിന്, ട്വന്റി 20യും, ഗുരുവും ഒരുങ്ങുന്നു

രാവണപ്രഭുവിന്റെ റീ റിലീസ് വിജയം മലയാളത്തിൽ കൂടുതൽ സിനിമകൾ റീ റിലീസ് ചെയ്യാൻ ആത്മവിശ്വാസമാകുന്നു. ട്വന്റി 20, ഗുരു എന്നീ മോഹൻലാൽ ചിത്രങ്ങളുടെ റീ മാസ്റ്ററിങ് ജോലികൾ നടക്കുന്നുണ്ട്. രണ്ടിൽ ഒരു ചിത്രം ഈ വർഷം തന്നെ റീ റിലീസ് ചെയ്യാൻ സാധിക്കുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. രാവണപ്രഭുവിന്റെ വിജയം ഇപ്പോൾ പഴയ ചിത്രങ്ങൾ റീമാസ്റ്റർചെയ്ത് റീ റിലീസ് ചെയ്യുന്നവർക്ക് കൂടുതൽ പ്രചോദനമായിട്ടുണ്ട്. സിനിമ കളക്ഷൻ ട്രാക്ക് ചെയ്യുന്നവരിൽനിന്ന് ലഭിക്കുന്ന കണക്കുകൾപ്രകാരം രാവണപ്രഭു ആദ്യ ആറ് ദിവസംകൊണ്ട് 3.05 കോടി തിയേറ്റർ കളക്ഷൻ നേടി. ആദ്യ ദിവസം മാത്രം 70 ലക്ഷം രൂപയാണ് നേടിയത്. രാവണപ്രഭു ഉൾപ്പെടെ ഒൻപത് ചിത്രങ്ങളാണ് രണ്ട് വർഷത്തിനിടെ മലയാളത്തിൽ റീ റിലീസ് ചെയ്തത്.
ഇതിൽ ദേവദൂതൻ (5.20), മണിച്ചിത്രത്താഴ് (4.40), ഛോട്ടാമുംബൈ (3.40), സ്ഫടികം (3.10), ഒരു വടക്കൻ വീരഗാഥ (1.50) എന്നീ ചിത്രങ്ങൾ നേട്ടമുണ്ടാക്കി. മണിച്ചിത്രത്താഴ്, വല്യേട്ടൻ, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളുടെ റീ റിലീസിന് പിന്നിൽ പ്രവർത്തിച്ച മാറ്റിനി നൗ കമ്പനി തന്നെയാണ് രാവണപ്രഭു തിയേറ്ററിലെത്തിക്കാനും നേതൃത്വം നൽകിയത്. ഇതേ കമ്പനി തന്നെയാണ് ട്വന്റി 20യും, ഗുരുവും റീ റിലീസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. ചിത്രങ്ങൾ മികച്ച ക്വാളിറ്റിയിൽ റീമാസ്റ്റർ ചെയ്താണ് തങ്ങൾ റീ റിലീസ് ചെയ്യുന്നതെന്ന് മാറ്റിനി നൗ ഉടമ സോമദത്തൻപിള്ള പറഞ്ഞു. പഴയ ഫിലിമിലുള്ള ചിത്രങ്ങൾ ഫോർ കെ റീമാസ്റ്റർ ചെയ്യുന്നത് വലിയ ചെലവേറിയ ജോലിയാണ്. ശരാശരി ഒരു കോടി രൂപയൊക്കെയാണ് ഒരു സിനിമ ഫോർ കെ റീമാസ്റ്റർചെയ്ത് തിയേറ്റർ പതിപ്പ് ഇറക്കണമെങ്കിൽ ഉണ്ടാകുന്ന ചെലവ്. റീ റിലീസ് സിനിമകൾക്ക് വലിയ തിയേറ്റർ കളക്ഷൻ സാധ്യത ഉണ്ടെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
Content Highlights: Raavanaprabhu's re-release success inspires remasters of more Malayalam classics like 'Twenty 20' and 'Guru'.