കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പുമായി 'പുള്ള്'; ഓഗസ്റ്റ് നാലിന് തീയേറ്ററുകളിലെത്തും

ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS
ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS

ഫസ്റ്റ് ക്ലാപ്പിന്റെ  ബാനറിൽ നിർമ്മിച്ച്  റിയാസ് റാസ്, പ്രവീൺ കേളിക്കോടൻ,എന്നിവർ ചേർന്ന് സംവിധാനം ചെയ്ത പുള്ള് ആഗസ്റ്റ് 4 ന് തിയേറ്ററുകളിലെത്തുന്നു. കാലാവസ്ഥാ വ്യതിയാനം എന്ന മഹാവിപത്തിനെ കുറിച്ചുള്ള മുന്നറിയിപ്പാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഫസ്റ്റ്ക്ലാപ് കൂട്ടായ്മയിലൂടെ സിനിമയുടെ സമസ്ത മേഖലയിലും  പരിശീലനം നേടിയ കലാകാരൻമാർ മാത്രമാണ് ചിത്രത്തിന്റെ അരങ്ങിലും, അണിയറയിലും അണിനിരന്നിരിക്കുന്നത്. 

സിനിമാ മോഹികളായ ഒരു കൂട്ടം ചെറുപ്പക്കാർ സിനിമ പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയ 'പുള്ള്'  ദേശീയ, അന്തർദേശീയ ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.  ഷബിതയുടെ കഥയ്ക്ക്  വിധു ശങ്കർ, വിജീഷ് ഉണ്ണി, ശാന്തകുമാർ.ഷബിത എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു. 

വടക്കൻ കേരളത്തിലെ അനുഷ്ഠാന കലാരൂപമായ തെയ്യവും കാലാവസ്ഥ മാറുന്നതിനനുസരിച്ച് ആ ഗ്രാമത്തിലെത്താറുള്ള 'പുള്ള്' എന്ന ദേശാടന പക്ഷിയിലൂടെയുമാണ് ഗൗരവമേറിയ ഈ പ്രമേയം പ്രേക്ഷകരോട് സംവദിക്കുന്നത്. മുന്നൂറോളം വരുന്ന ഫസ്റ്റ് ക്ലാപ്പ് അംഗങ്ങൾ പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളുപയോഗിച്ചാണ്, അരങ്ങിലും, അണിയറയിലും ഫസ്റ്റ് ക്ലാപ്പ് അംഗങ്ങൾ മാത്രം അണിനിരന്ന പുള്ള് യാഥാർഥ്യമാക്കിയിരിക്കുന്നത്. 

റീന മരിയ, സന്തോഷ് സരസ്, ലത സതീഷ്, ധനിൽ കൃഷ്ണ, ആനന്ദ് ബാൽ, ജൗഹർ കാനേഷ്, സതീഷ് അമ്പാടി, ഹാഷിം കോർമത്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രാഹണം -അജി വാവച്ചൻ, എഡിറ്റിങ് -സുമേഷ് , സംഗീതം -രാജേഷ് ബാബു & ഷിജിത് ശിവൻ, ഗാനരചന -ശ്രീജിത് രാജേന്ദ്രൻ, രേണുക ലാൽ, നന്ദിനി രാജീവ്, അലാപനം -പ്രയാൺ വി. പി, സുമ സ്റ്റാലിൻ, രസിക രാജൻ, ആർട് -ജയലാൽ മങ്ങാട്, കോസ്റ്റ്യൂം -രശ്മി ഷാജൂൺ, പ്രൊഡക്ഷൻ കൺട്രോളർ -ദീപക് ജയപ്രകാശൻ, മേക്കപ്പ് -പ്രബീഷ് കോഴിക്കോട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ -പ്രമോദ് കൃഷ്ണൻ, പി. ആർ. ഒ. - സുജീഷ് കുന്നുമ്മക്കര, ഫിനാൻസ് കൺട്രോളർ -അഭിജിത് രാജൻ, സ്റ്റിൽസ്  -പ്രയാൺ വി. പി.

Content Highlights: pullu malayalam movie release date announced