ഹോട്ടൽമുറിയിൽ ലൈംഗികാതിക്രമം; സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കേസ്

#Movie Desk
സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് | ചിത്രം: മാതൃഭൂമി
സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് | ചിത്രം: മാതൃഭൂമി

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തു. ഹോട്ടല്‍ മുറിയില്‍ വെച്ച് കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. സിപിഎം സഹയാത്രികനും മുന്‍ ഇടത് എംഎല്‍എയുമാണ് പി.ടി. കുഞ്ഞുമുഹമ്മദ്.

ഒരുമാസംമുമ്പാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തുടർന്ന് ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് കൈമാറി. തുടര്‍ന്ന് പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. പരാതിയില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് പോലീസിനോടും ചലച്ചിത്ര പ്രവര്‍ത്തക പറഞ്ഞത്.

ഐഎഫ്എഫ്‌കെയിലേക്കുള്ള മലയാള സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള സമിതിയുടെ അധ്യക്ഷനാണ് പി.ടി. കുഞ്ഞുമുഹമ്മദ്. സമിതി അംഗമാണ് പരാതിക്കാരി. തിരുവനന്തപുരത്താണ് സിനിമകളുടെ സ്‌ക്രീനിങ് നടന്നത്. ഇരുവരും താമസിച്ചിരുന്ന നഗരമധ്യത്തിലെ ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു. ലൈംഗികാതിക്രമത്തിനെതിരെ യുവതി ശക്തമായി പ്രതികരിച്ചശേഷം ഹോട്ടൽമുറിയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. 

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പി.ടി. കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലിലുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതോടെയാണ് കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 74, 75 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Content Highlights: Sexual Assault Allegation During IFFK Screening: Case Filed Against Director and Former MLA P.T. Kunju Muhammed