സിൽവർ ജൂബിലി തിളക്കത്തിൽ മലയാള സിനിമയുടെ ഷാജി പട്ടിക്കര

ഷാജി പട്ടിക്കര | Photo: special arrangements
ഷാജി പട്ടിക്കര | Photo: special arrangements

സിനിമ ഷാജിയുടെ രക്തത്തിൽ അലിഞ്ഞുചേർന്ന വികാരമായിരുന്നു. വെള്ളിത്തിരയിൽ ഇപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര എന്നും സംവിധാനം ഷാജി പട്ടിക്കര എന്നുമെല്ലാം തെളിഞ്ഞു കാണുമ്പോൾ തന്റെ സ്വപ്‌നദൂരങ്ങളെ വെറുതെ ഓർത്തുപോവും ഷാജി. താരങ്ങളെ അടുത്ത് കാണാനും അവരുടെ വിശേഷങ്ങൾ അറിയാനും ഫിലിം മാഗസിനുകൾ മുടങ്ങാതെ വായിക്കും. നല്ല കൈപ്പടയിൽ അവ കുറിച്ചുവെക്കും. വാർഷികാവലോകനങ്ങളിൾ ആ വർഷത്തെ സിനിമയുടെ വിശേഷങ്ങൾ കൃത്യമായി എത്തിക്കും. സിനിമാരംഗത്തെ സംവിധായകരുടെയും നടീനടൻമാരുടെയും നമ്പറുകളുള്ള ഡയറക്ടറി തയ്യാറാക്കും. അതിലെല്ലാം കൃത്യമായ ഒരു ആസൂത്രണത്തിന്റെ മികവ് കാണാമായിരുന്നു. അതു തന്നെയാവും ഷാജിയെ പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ മലയാള സിനിമ സ്വീകരിക്കാനും കാരണം. നവംബർ 17-ന് മലയാള സിനിമാരംഗത്ത് നിർമാണനിയന്ത്രണത്തിന്റെ ഇരുപത്ത് അഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്ന ഷാജിയുടെ സിനിമാജീവിതത്തിലൂടെ...

നാട്ടിൻപുറത്തെ വീഡിയോ സിനികൾക്കൊപ്പം സഹായി ചേർന്നാണ് സിനിമാ നിർമാണത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കുന്നത്. പ്രകാശ് കുഞ്ഞൻ എന്നിവർ സംവിധാനം ചെയ്ത മോഹക്കൂടാരം എന്ന ചിത്രത്തിൽ സഹായിയായി. അവരാ ചിത്രങ്ങളിൽ നിർമാണ നിയന്ത്രണം ഷാജി പട്ടിക്കര എന്നു പേരും നൽകി.

'പിന്നീട് പി.ടി.കുഞ്ഞുമുഹമ്മദ് ഗർഷോം സംവിധാനം ചെയ്യുമ്പോൾ അതിന്റെ പ്രൊഡക്ഷൻ കൺട്രോളർ ആരിഫ് പൊന്നാനിയായിരുന്നു. സ്റ്റിൽ ഫോട്ടോഗാഫർ ഖാദർ കൊച്ചന്നൂരാണ് ആരിഫിൻറെ അടുക്കൽ എത്തിക്കുന്നത്. അങ്ങനെയാണ് സിനിമാരംഗത്ത് തുടങ്ങുന്നത്. അതൊരു നവംബർ 17-ന് ആയിരുന്നു. പിന്നീട് നീലാകാശം നിറയെ എന്ന ചിത്രത്തിന് വേണ്ടി ലൊക്കേഷൻ നോക്കാനായി വന്ന അതിന്റെ സംവിധായകനും നിർമാതാവും ലൊക്കേഷൻ അറിയാവുന്ന ഒരാളെ തേടുമ്പോൾ ആന്റോ ജോസഫ് എന്നെ നിയോഗിച്ചു. ഗർഷോം ഷൂട്ട് ചെയ്ത വളയംകുളത്തെ മാനംകണ്ടത്തെ വീടും പരിസര പ്രദേശവുമായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. അങ്ങിനെ ആ സിനിമയ്ക്ക് വേണ്ടിയും ജോലി ചെയ്തു'. സ്വതന്ത്രമായി നിർമാണ നിയന്ത്രണം ഏറ്റെടുക്കുന്നത് ടി. വി.ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിനു വേണ്ടിയാണ്. നിസാർ സംവിധാനം ചെയ്ത ടൂമെൻ ആർമി വരെയായി 103 സിനിമകൾ പൂർത്തിയാക്കി.

ചിത്രത്തിൻ്റെ പോസ്റ്റർ | photo: special arrangements

ആദ്യ ചിത്രത്തിന് തന്നെ ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയതും ഷാജിക്ക് അഭിമാന നിമിഷങ്ങളായി. തുടർന്ന് ടി.വി.ചന്ദ്രന്റെ തന്നെ ഏഴ് ചിത്രങ്ങൾക്കാണ് നിർമാണ നിയന്ത്രണം ഏറ്റെടുത്തത്. അതുകൊണ്ട് കൂടിയാവാം പലനിർമാതാക്കളും തന്നെ തേടി വന്നതെന്നും ഷാജി കരുതുന്നു. ഹരികുമാറിന്റെ അഞ്ച് ചിത്രങ്ങൾ, പ്രിയനന്ദന്റെ മൂന്നു ചിത്രങ്ങൾ എന്നിങ്ങനെ ഒരേ സംവിധായകരുടെ വിവിധ ചിത്രങ്ങൾ ചെയ്യാൻ കഴിഞ്ഞതും ഭാഗ്യം. എം.ജി.ശശിയുടെ അടയാളങ്ങൾ, പ്രിയനന്ദന്റെ പുലിജൻമം, മധു കൈതപ്രത്തിന്റെ ഏകാന്തം... അങ്ങിനെ അംഗീകാരങ്ങൾ തേടിയെത്തിയ പല ചിത്രങ്ങൾക്കൊപ്പവും ഷാജിയുണ്ടായിരുന്നു. ''ചന്ദ്രേട്ടന്റെ പടങ്ങളിൽ ജോലി ചെയ്യാൻ സുഖമാണ്. താരങ്ങളും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമൊന്നും കാശിനു വേണ്ടി കടുംപിടിത്തം നടത്തില്ല. നല്ല സിനിമയുടെ കൂടെ പങ്കാളിയാവുന്ന സന്തോഷത്തോടെ സ്വീകരിക്കും. അദ്ദേഹവുമായുള്ള ഊഷ്മളബന്ധവും മറക്കാൻ കഴിയില്ല.'' ഷാജി പറയുന്നു.

ഷാജി പട്ടിക്കര സുരാജിനൊപ്പം | photo: special arrangements

37 നവാഗത സംവിധായകർക്ക് വേണ്ടിയാണ് ഷാജി നിർമാണ നിയന്ത്രണം നിർവഹിച്ചത്. എം.ജി. ശശി, കെ. ഗോപിനാഥൻ, മധു കൈതപ്രം, ജയൻ ശിവപുരം. ജി.ആർ. ഇന്ദുഗോപൻ, ലിജീഷ് മുല്ലേഴത്ത് തുടങ്ങിയവരെല്ലാം അതിൽ ഉൾപ്പെടുന്നു. എം.ടി. വാസുദേവൻനായർ, അക്കിത്തം, ഓ.എൻ.വി, സി.എൻ. കരുണാകരൻ എന്നിവരെ പറ്റിയുള്ള ഡോക്യുമെന്ററിക്കും നിർമാണ നിയന്ത്രകനായിരുന്നു. താരങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെയും കഴിവ് കണ്ടെത്തി പിന്തുണ നൽകാനും ഷാജി എപ്പോഴും കൂടെയുണ്ടാവും. കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പുവിനെ ഗുണ്ട എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചു. 

കോവിഡ് സമയത്ത് സിനിമാ പ്രവർത്തനങ്ങൾ നിലച്ചപ്പോൾ ഇരുൾ വീണ വെള്ളിത്തിര എന്ന പേരിൽ അടച്ചുപൂട്ടികൊണ്ടിരിക്കുന്ന തിയേറ്ററുകളെ പറ്റി ഒരു ഡോക്യുമെന്ററി ഫിലിം സംവിധാനം ചെയ്തു. വിവിധ മേളകളിലായി നിരവധി പുരസ്‌കാരം നേടിയ ഈ ചിത്രം മലയാള സിനിമചരിത്രത്തിൽ ഒരു അടയാളപ്പെടുത്തൽ കൂടിയാണ്. ജോൺ എബ്രഹാം പുരസ്‌കാരം, പി.ജെ ആന്റണി പുരസ്‌കാരം, സത്യജിത്റായ് പുരസ്‌കാരം, ഭരതൻ പുരസ്‌കാരം, സൗത്ത് ഇന്ത്യൻ സിനിമാ ടെലിവിഷൻ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ഇതിനു ലഭിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ ജെ.സി ദാനിയൽ അവാർഡ്, ഇൻസ്‌പെയർ അവാർഡ് തുടങ്ങി 12 അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മംഗളത്തിൽ പ്രസിദ്ധീകരിച്ച വേറിട്ട മനുഷ്യർ എന്ന പരമ്പരയും ശ്രദ്ധേയമായിരുന്നു. സ്വീകരണമുറിയിലെ ലോകജാലകം എന്ന ലേഖനത്തിന് മികച്ച ടെലിവിഷൻ ലേഖനത്തിനുള്ള കേരളാവിഷൻ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഒരു മിനിറ്റിൽ ഒറ്റഷോട്ടിൽ ഒരു സിനിമ ഒരുക്കാൻ മാക്ട നടത്തിയ മത്സരത്തിൽ മികച്ച സംവിധായകരായി തിരഞ്ഞെടുത്ത മൂന്നു പേരിൽ ഒരാളായിരുന്നു ഷാജി.

ഷാജി പട്ടിക്കര, എം.ടിക്കൊപ്പം ഷാജി പട്ടിക്കര | photo: special arrangements

രാജ്ബാബുവിന്റെ പുതിയ ചിത്രത്തിന് പ്രൊഡക്ഷൻ കൺട്രോളർക്ക് പുറമെ കഥയെഴുത്തുകാരനായും ഷാജിയുണ്ട്. നേരത്തെ പ്രതാപ് പോത്തൻ നായകനായ പച്ചമാങ്ങ എന്ന ചിത്രത്തിനും കഥയെഴുതിയിട്ടുണ്ടായിരുന്നു. ലാൽബിജോ സംവിധാനം ചെയ്യുന്ന വമ്പത്തി, വിനയന്റെ മകൻ വിഷ്ണുവിനയ് സംവിധാനം ചെയ്യുന്ന ചിത്രം, പ്രിയനന്ദന്റെ പുതിയ ചിത്രം എന്നിവയാണ് ഷാജിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ. തന്നെ ഈ ജോലി ഏൽപ്പിച്ച, സഹകരണങ്ങൾ തന്ന, സിനിമാലോകത്തെ എല്ലാവരോടും കടപ്പാട് സൂക്ഷിക്കുന്ന ഷാജി നിർമാതാവ് കെ.വി അബ്ദുൾ നാസർ(ബോസ്), ആരിഫ് പൊന്നാനി, ആന്റോ ജോസഫ്, ഷിബു ജി. സുശീലൻ എന്നിവരെ പ്രത്യേകം ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഇരുപത്തഞ്ച് വർഷം 103 ചിത്രങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ കാലം ഇവർക്ക് കൂടിയുള്ളതാണെന്നും വിശ്വസിക്കുന്നു. പുതിയ ചിത്രങ്ങളിലൂടെയും സിനിമയുടെ മറ്റ് മേഖലകളിലുമായി എന്നും സിനിമയ്‌ക്കൊപ്പം എന്നതാണ് ഷാജിയുടെ പോളിസി.

പുഴങ്ങര എല്ലാത്ത് മുഹമ്മദിന്റെയും ഹാജറുവിന്റെയും മകനാണ്. ഭാര്യ: ജെഷീദ ഷാജി, മകൻ: മുഹമ്മദ് ഷാൻ. തൃശ്ശൂരിലെ പട്ടിക്കരയിലാണ് ജനനം. എറണാകുളത്തെ ഷംസു ടൂറിസ്റ്റ് ഹോമിന്റെ ഒരു കൊച്ചുമുറിയിലായിരുന്നു സിനിമാസംബന്ധമായ ജോലികൾക്ക് തുടക്കം. അവസരങ്ങൾ കൈവന്ന് ജോലിയിൽ ഉയരങ്ങളിൽ എത്തിയിട്ടും ആ കൊച്ചുമുറി ഷാജി വിട്ടിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ കോഴിക്കോട് നടക്കാവിൽ ഹൈഡ് പാർക്ക് ഫ്‌ളാറ്റിലാണ് താമസം.
 

Content Highlights: production controller director shaji pattikkara life story