വാരാണസിയുടെ ഹോളിവുഡ് അഭിമുഖത്തിൽ കേരളവും; പൃഥ്വിരാജിനോട് തന്റെ ‘കേരളാ കണക്ഷൻ’ പറഞ്ഞ് പ്രിയങ്കാ ചോപ്ര

എസ്.എസ്. രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം വാരാണസിയുടെ ഹോളിവുഡ് പ്രൊമോ അഭിമുഖവേദിയിൽ ചർച്ചയായി കേരളം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഹേഷ് ബാബു, പ്രിയങ്കാ ചോപ്ര എന്നിവരും വില്ലൻ വേഷത്തിലെത്തുന്ന പൃഥ്വിരാജും ഒന്നിച്ചുള്ള അഭിമുഖത്തിലാണ് കേരളം പരാമർശിക്കപ്പെട്ടത്. കളരിയെ കുറിച്ച് സംസാരിച്ചുകൊണ്ട് മഹേഷ് ബാബുവാണ് കേരളത്തെ 'ഹോളിവുഡിൽ എത്തിച്ചത്.'
ഹോളിവുഡ് മാധ്യമം സ്‌ക്രീൻ റാന്റ് പ്ലസിലെ അഭിമുഖത്തിനിടെയായിരുന്നു സംഭവം. ആയോധനകലകളെ കുറിച്ച് സംസാരിക്കുകയായിരുന്നു മഹേഷ് ബാബു. വാരാണസിയിലെ ആക്ഷൻ രംഗങ്ങൾക്കായി മാസങ്ങളോളം താൻ കളരിപ്പയറ്റ് അഭ്യസിച്ചുവെന്ന് മഹേഷ് പറഞ്ഞു. കളരിയെ കുറിച്ച് കൂടുതൽ സംസാരിക്കാൻ പൃഥ്വിരാജിനാകും കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് തനിക്ക് കേരളവുമായുള്ള ബന്ധത്തെ കുറിച്ച് പ്രിയങ്കയും മനസ് തുറന്നത്.
'കഴിഞ്ഞവർഷം മുഴുവൻ ഞാൻ തയ്യാറെടുപ്പിലായിരുന്നു. രണ്ടോ മൂന്നോ മാസം കളരി പരിശീലിച്ചു. കളരിയെന്നത് തീവ്രമായ ആയോധനകലയാണ്. ഇദ്ദേഹത്തിന് (പൃഥ്വിരാജിന്) അറിയാമായിരിക്കും. അത് കേരളത്തിൽ നിന്നുള്ള ആയോധനകലയാണ്.' -മഹേഷ് ബാബു പറഞ്ഞു. ഇതിനിടെ തനിക്കും കളരിയെ കുറിച്ച് അറിയാമെന്ന് പ്രിയങ്കാ ചോപ്ര ഇടയ്ക്ക് കയറി പറഞ്ഞു.
ഇതോടെ പൃഥ്വിരാജും സംസാരത്തിൽ ഇടപെട്ടു. 'അത് എന്റെ നാട്ടിൽ നിന്നുള്ളതാണ്' എന്ന് പ്രത്യേക ആക്ഷനോടെ പ്രത്യേക ശബ്ദത്തിൽ പൃഥ്വിരാജ് പറഞ്ഞപ്പോൾ അത് എല്ലാവരിലും പൊട്ടിച്ചിരി വിടർത്തി. പൃഥ്വിക്ക് മറുപടിയായി 'അതെ, അതെ, അത് നിങ്ങളുടെ നാടാണ്' എന്ന് പ്രിയങ്ക പറഞ്ഞു. അതിന് ശേഷമാണ് തനിക്ക് കേരളവുമായുള്ള ബന്ധം പ്രിയങ്ക പറഞ്ഞത്.
തന്റെ മുത്തശ്ശി കേരളത്തിൽ നിന്നാണെന്ന് പ്രിയങ്ക പറഞ്ഞു. തുടർന്ന് പൃഥ്വിയോട് രഹസ്യമെന്ന പോലെ മുത്തശ്ശിയുടെ സ്ഥലം കോട്ടയമാണെന്നും പ്രിയങ്ക പറഞ്ഞു. 'ഓഹ്, വൗ' എന്ന് പറഞ്ഞ് പൃഥ്വിരാജ് ആശ്ചര്യപ്പെടുന്നതും ഹോളിവുഡ് അഭിമുഖത്തിൽ കേൾക്കാമായിരുന്നു.
കുമരകത്തെ കവളപ്പാറ കുടുംബത്തിലാണ് പ്രിയങ്കാ ചോപ്രയുടെ മാതാവ് മധു ചോപ്രയുടെ അമ്മയായ മധു അഖൗരി ജ്യോത്സ്‌ന (മേരി) ജനിച്ചത്. പിന്നീട് നഴ്‌സായി ബിഹാറിലേക്ക് പോകുകയും ഡോ. അഖൗരിയെ വിവാഹം ചെയ്യുകയുമായിരുന്നു.
2016 ജൂണിലാണ് മധു അഖൗരി ജ്യോത്സ്‌ന അന്തരിച്ചത്. മുത്തശ്ശിയെ അവസാനമായി കാണാൻ പ്രിയങ്കാ ചോപ്ര കേരളത്തിലെത്തിയിരുന്നു. തന്റെ സംസ്‌കാരം ജന്മനാടായ കേരളത്തിൽ നടത്തണമെന്ന് നേരത്തേ മധു അഖൗരി ജ്യോത്സ്‌ന ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതുപ്രകാരം കോട്ടയത്തെ പള്ളിയിലാണ് അവരുടെ മൃതദേഹം അടക്കിയത്.
Content Highlights: During a Hollywood interview for S.S. Rajamouli’s upcoming film Varanasi, Priyanka Chopra Jonas surprised co-star Prithviraj Sukumaran by revealing her deep roots in Kerala. While Mahesh Babu discussed his Kalaripayattu training, Priyanka shared that her grandmother was from Kottayam. Her maternal grandmother, Mary (Madhu Akhouri Jyotsna), hailed from the Kavallappara family in Kumarakom before moving to Bihar.