'ഗോഡ്ഫാദർ' ഹിന്ദി റീമേക്ക് മോശമെന്ന് നടൻ; പ്രതികരിച്ച് സംവിധായകൻ പ്രിയദർശൻ

#Movies Desk
പ്രിയദര്‍ശന്‍, 'ഹല്‍ചല്‍' പോസ്റ്റര്‍, അര്‍ഷാദ് വാര്‍സി | Photo: Mathrubhumi, WhoDebi, ANI
പ്രിയദര്‍ശന്‍, 'ഹല്‍ചല്‍' പോസ്റ്റര്‍, അര്‍ഷാദ് വാര്‍സി | Photo: Mathrubhumi, WhoDebi, ANI

'ഗോഡ്ഫാദർ' ഹിന്ദി റീമേക്കായ 'ഹൽചൽ' മോശം അനുഭവം നൽകിയ ചിത്രമായിരുന്നുവെന്ന നടൻ അർഷാദ് വാർസിയുടെ വാക്കുകളോട് പ്രതികരിച്ച് സംവിധായകൻ പ്രിയദർശൻ. അർഷാദിന്റെ വാക്കുകൾ തന്നെ വേദനിപ്പിച്ചുവെന്ന് പ്രിയദർശൻ പറഞ്ഞു. തന്റെ ഹിറ്റുചിത്രങ്ങളിൽ ഒന്നായിട്ടുപോലും എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പ്രതികരിച്ചു.

'അർഷാദിന്റെ വാക്കുകളിൽ എനിക്ക് വിഷമം തോന്നി. ഞാൻ തെറ്റിദ്ധരിക്കപ്പെട്ടതോ, വാക്കുകൾ തെറ്റായി വ്യാഖാനിക്കപ്പെട്ടതോ ആവാം. എന്നാൽ, അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ, എന്നെയത് ശരിക്കും ഞെട്ടിച്ചു', പ്രിയദർശൻ പറഞ്ഞു.

'ചിത്രം റിലീസായ ശേഷം അദ്ദേഹം എന്നെ വിളിച്ചു, 'പ്രിയൻ സർ, ഇത്രയും മികച്ച സ്വീകരണം എനിക്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ല', എന്ന് പറഞ്ഞു. 'ഹൽചൽ' വലിയ ഹിറ്റായിരുന്നു. എന്നാൽ. അർഷാദ് അത് ഫ്‌ളോപ് ആണെന്നാണ് പറഞ്ഞത്. അതെന്നെ വേദനിപ്പിച്ചു. എന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിട്ടുപോലും എന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. 'ഹൽചല്ലി'ലെ അദ്ദേഹത്തിന്റെ പ്രകടനം ആളുകൾ ഇഷ്ടപ്പെടുകയും പ്രശംസിക്കുകയും ചെയ്തു. അർഷാദിന്റെ ആരോപണങ്ങളിൽ അതീവദുഃഖിതനാണ്. പരാതി പറയാൻ അദ്ദേഹത്തിന് ഒരു കാരണവുമുണ്ടായിരുന്നില്ല'- പ്രിയദർശൻ കൂട്ടിച്ചേർത്തു.

'ഹേരാ ഫേരി'യിൽ അക്ഷയ് കുമാറിന്റേതിന് സമാനമായ വേഷമാണ് 'ഹൽചല്ലി'ൽ തനിക്ക് വാഗ്ദാനംചെയ്യപ്പെട്ടതെന്ന അർഷാദിന്റെ വാക്കുകൾ വലിയ ചർച്ചയായിരുന്നു. തിരക്കഥാകൃത്ത് നീരജ് വോറയ്‌ക്കെതിരേയായിരുന്നു അർഷാദിന്റെ ആരോപണം. പ്രിയദർശനെ നേരിട്ട് അർഷാദ് കുറ്റപ്പെടുത്തിയിരുന്നില്ല. ചിത്രം 'ഫ്‌ളോപ്പ്' ആണെന്ന് പറഞ്ഞില്ലെങ്കിലും മോശം അനുഭവമായിരുന്നുവെന്ന് ഒരു ഹിന്ദി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അർഷാദ് പറഞ്ഞിരുന്നു.

'പ്രിയദർശൻ സംവിധാനംചെയ്യുന്ന ഒരു ചിത്രമുണ്ടെന്ന് നീരജ് വോറ പറഞ്ഞു. ഞാൻ എന്റെ വേഷത്തെക്കുറിച്ച് ചോദിച്ചു. ഞാൻ നല്ല വേഷങ്ങൾ ചെയ്യുന്ന കാലമായിരുന്നു അത്. 'ഹേരാ ഫേരി'യിൽ അക്ഷയ് കുമാറിന്റേതിന് സമാനമായ വേഷമെന്നായിരുന്നു നീരജ് എന്നോട് പറഞ്ഞത്. നായകന്മാരിൽ ഒരാൾ എന്നും പറഞ്ഞു. അതുകേട്ടാണ് ഞാൻ ചിത്രത്തിന് 'യെസ്' പറഞ്ഞത്', അർഷാദ് വാർസി പറഞ്ഞു.

അക്ഷയ് ഖന്ന, കരീന കപൂർ, സുനിൽ ഷെട്ടി, ജാക്കി ഷറോഫ്, അർഷാദ് വാർസി, പരേഷ് റാവൽ, അമരീഷ് പുരി, അസ്രാണി എന്നിവർ പ്രധാനവേഷത്തിലെത്തി 2004-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഹൽചൽ'. നീരജ് വോറയുടെ തിരക്കഥയ്ക്ക് സംഭാഷണം ഒരുക്കിയത് കെ.പി. സക്‌സേനയായിരുന്നു. പത്തുകോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം 32 കോടിയോളം തിയേറ്ററിൽ നേടി. 1991-ൽ സിദ്ധിഖ് ലാലിന്റെ സംവിധാനത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയ 'ഗോഡ് ഫാദറി'ന്റെ ബോളിവുഡ് റീമേക്കായിരുന്നു ചിത്രം.

Content Highlights: Director Priyadarshan reacts to actor Arshad Warsi`s negative experience with the Hindi remake of `Godfather`, `Hulchul`