ജോലിയോടുള്ള ആത്മാർഥത, ഞാൻ നരേന്ദ്രമോദിയുടെ കടുത്ത ആരാധകൻ- പ്രിയദർശൻ

#Movies Desk
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ പ്രേംനസീർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ സംവിധായകൻ പ്രിയദർശൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി സൗഹൃദ സംഭാഷണത്തിൽ. ജി.സുരേഷ് കുമാർ സമീപം | Photo: Mathrubhumi
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ പ്രേംനസീർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ സംവിധായകൻ പ്രിയദർശൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി സൗഹൃദ സംഭാഷണത്തിൽ. ജി.സുരേഷ് കുമാർ സമീപം | Photo: Mathrubhumi

തിരുവനന്തപുരം: താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധകനാണെന്ന് സംവിധായകൻ പ്രിയദർശൻ. ജോലിയോടുള്ള പ്രധാനമന്ത്രിയുടെ ആത്മാർഥതയാണ് തന്റെ ആരാധനക്ക് കാരണം. ഇതുപോലെ ഭ്രാന്തമായ ആരാധനയാണ് പ്രേംനസീറിനോടും ഉണ്ടായിരുന്നതെന്നും പ്രിയദർശൻ പറഞ്ഞു. പ്രേംനസീർ ഫൗണ്ടേഷൻ നൽകുന്ന സിനിമാരംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രേംനസീർ പുരസ്‌കാരം ഗവർണർ രാജേന്ദ്ര ആർലേക്കറിൽനിന്ന് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയിലെ മഹാനായ നടനായിരുന്നു പ്രേംനസീർ. ഇപ്പോഴത്തെ ചില നടൻമാരുമായി ഇടപെടുമ്പോഴാണ് പ്രേംനസീറിന്റെ മഹത്വം മനസ്സിലാകുന്നത്. നസീറിനെപ്പോലുള്ള നടൻ ഇനി മലയാള സിനിമയിൽ ഉണ്ടാകില്ല. അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് ലഭിച്ചതിൽ അഭിമാനമുണ്ടെന്നും പ്രിയദർശൻ പറഞ്ഞു.

'സിനിമ വിനോദോപാധി മാത്രമല്ല'

സിനിമ കേവലം വിനോദോപാധി എന്നതിലുപരി സമൂഹത്തിന് ചില ഗുണപാഠങ്ങൾ കൂടി നൽകുന്നതാണെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ അഭിപ്രായപ്പെട്ടു. എല്ലാ കലാരൂപങ്ങൾക്കും അതിന്റേതായ സന്ദേശമുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.

സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമ. ഇന്ന് സിനിമ ആസ്വദിക്കാൻ ഒടിടി പ്ലാറ്റ്ഫോമുകളുൾപ്പെടെ നിരവധി സംവിധാനങ്ങളുണ്ട്. എന്നാൽ തിയേറ്ററിൽ വലിയ സ്‌ക്രീനിൽ ആസ്വദിക്കുന്ന അനുഭവം ഒടിടികൾക്കോ ഹോം തിയേറ്ററിനോ നൽകാനാകില്ലെന്നും ഗവർണർ പറഞ്ഞു. മലയാള സിനിമക്കും ഇന്ത്യൻ സിനിമക്കും മികച്ച സംഭാവനകൾ നൽകിയ വ്യക്തിയാണ് പ്രേംനസീർ. പ്രിയദർശനും നസീറിന്റെ അതേ പാത പിന്തുടരുന്ന വ്യക്തിയാണെന്നും ഗവർണർ പറഞ്ഞു. നിർമാതാവും പ്രേംനസീർ ഫൗണ്ടേഷൻ ചെയർമാനുമായ ജി.സുരേഷ്‌കുമാർ, പ്രേംനസീർ ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ട്രസ്റ്റി ഫൈസൽ മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Director Priyadarshan expresses admiration for PM Narendra Modi`s dedication to work, drawing parallels to his own devotion to Prem Nazir