'ഞങ്ങൾ വിവാഹം ചെയ്തില്ല, കുടുംബം പോലെ കഴിയുന്നു'; ലിസിക്കൊപ്പം ഒന്നിച്ചെന്ന വാർത്തയിൽ പ്രിയദർശൻ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനാണ് പ്രിയദർശൻ. നടി ലിസിയെ അദ്ദേഹം വിവാഹം ചെയ്യുന്നത് 1990-ലാണ്. പിന്നീട് 2016-ൽ ഇരുവരും വിവാഹമോചിതരായി. ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിച്ച് ജീവിക്കുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ ഇരുവരും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ലിസി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയനും ലിസിയും വീണ്ടും ഒന്നിച്ച് ജീവിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നത്.
ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് പ്രിയദർശനും ലിസിയും ഒന്നിച്ചെത്തിയത് മുതൽ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു എന്നാണ് മിഡ് ഡേ റിപ്പോർട്ട് ചെയ്തത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം കൂടിയെത്തിയതോടെ അഭ്യൂഹം ശക്തിപ്പെട്ടു. ഒടുവിൽ ഇരുവരും ഒന്നിച്ചുജീവിക്കുന്നുവെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു എന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോർട്ട് ചെയ്തു.
തങ്ങൾ വിവാഹിതരല്ല എന്നും എന്നാൽ ഒരു കുടുംബം പോലെയാണ് തങ്ങൾ കഴിയുന്നത് എന്നുമാണ് ഇതിനോടുള്ള പ്രതികരണമായി പ്രിയദർശൻ മാതൃഭൂമിയോട് പറഞ്ഞത്. വിവാഹ സർട്ടിഫിക്കറ്റ് ഇല്ല എന്നേയുള്ളൂ, പക്ഷേ തങ്ങൾ ഒന്നിച്ചാണ് ജീവിക്കുന്നത് എന്ന് പ്രിയദർശൻ തന്നെ പറഞ്ഞതായും മിഡ് ഡേയുടെ റിപ്പോർട്ടിലുണ്ടായിരുന്നു.
Content Highlights: Renowned director Priyadarshan has addressed the ongoing rumors about his reunion with former wife and actress Lissy. Following their 2016 divorce, the duo has recently been spotted together at public events, including filmmaker Sibi Malayil's son's wedding and in photos with Mammootty. Priyadarshan clarified that while they haven't officially remarried, they are living together as a family, prioritizing their bond over legal certificates.