‘ധുരന്ധർ കണ്ടവരൊക്കെ വിഡ്ഢികളാണോ?’ ശിഷ്യൻ ആദിത്യ ധറിന് പിന്തുണയുമായി പ്രിയദർശൻ

സംവിധായകൻ ആദിത്യ ധറിന്റെ ‘ധുരന്ധർ: ദ റിവഞ്ച്’ എന്ന ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ റെക്കോർഡുകൾ സൃഷ്ടിക്കുമ്പോഴും ഒരു വിഭാഗം പ്രേക്ഷകരിൽ നിന്ന് വലിയ വിമർശനങ്ങളും നേരിടുന്നുണ്ട്. ചിത്രം പ്രൊപ്പഗണ്ട ആണെന്ന ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ തന്റെ മുൻ അസിസ്റ്റന്റ് ഡയറക്ടർ കൂടിയായ ആദിത്യ ധറിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രിയദർശൻ. സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ആദിത്യ ധർ തന്റെ കീഴിൽ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന കാലത്തെക്കുറിച്ച് പ്രിയദർശൻ വൈകാരികമായാണ് സംസാരിച്ചത്. സ്വന്തം തിരക്കഥകൾക്ക് അർഹിച്ച അംഗീകാരമോ ക്രെഡിറ്റോ ലഭിക്കാതെ ആദിത്യ ഏറെ നിരാശനായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് പ്രിയദർശൻ വെളിപ്പെടുത്തി. ശിഷ്യന്മാർ ജീവിതത്തിൽ വലിയ നിലകളിൽ എത്തുന്നതു കാണുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും ആദിത്യയുടെ നേട്ടത്തിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രൊപ്പഗണ്ട ആരോപണങ്ങളെ പാടെ തള്ളിക്കളഞ്ഞ പ്രിയദർശൻ, ജനങ്ങൾ സിനിമയെ ഏറ്റെടുത്തതിനെയാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. സത്യം ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിനെ പ്രൊപ്പഗണ്ട എന്ന് വിളിക്കാനാവില്ലെന്നും ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഈ ചിത്രം കണ്ടുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ‘സിനിമ കണ്ട ലക്ഷക്കണക്കിന് ആളുകൾ വിഡ്ഢികളാണോ?’ എന്ന് ചോദിച്ച പ്രിയദർശൻ, ഭൂരിപക്ഷം ആളുകളും ഒരു സിനിമയെ അംഗീകരിച്ചാൽ അത് നല്ല സിനിമയാണെന്ന് തന്നെ കരുതണമെന്നും കൂട്ടിച്ചേർത്തു. സംവിധായകൻ വെട്രിമാരൻ അടുത്തിടെ നടത്തിയ 'വെറുപ്പിന്റെ പ്രൊപ്പഗണ്ട' എന്ന പരാമർശം ആദിത്യയുടെ ചിത്രങ്ങളെ ഉദ്ദേശിച്ചാണെന്ന ചർച്ചകൾക്കിടയിലാണ് പ്രിയദർശന്റെ ഈ പ്രതികരണം.
രൺവീർ സിങ് നായകനായ ധുരന്ധർ ഇതിനോടകം ആഗോളതലത്തിൽ 1,200 കോടി രൂപയിലധികം കളക്ഷൻ നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. പാകിസ്ഥാനിലെ ഭീകരവാദ ശൃംഖലകൾ തകർക്കുന്ന ഇന്ത്യൻ ചാരന്റെ കഥ പറയുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
അക്ഷയ് കുമാർ നായകനാകുന്ന പ്രിയദർശൻ ചിത്രം ഭൂത് ബംഗ്ല എന്ന ഹൊറർ കോമഡി ചിത്രം ഏപ്രിൽ 10-ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. കൂടാതെ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന 'ഹൈവാൻ' എന്ന ചിത്രവും അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Content Highlights: Priyadarshan supports former assistant Aditya Dhar amid propaganda allegations.