നൂറാമത്തെ സിനിമയിൽ നായകനാവുക മോഹൻലാൽ, നിർമാതാവായി സുരേഷ് കുമാർ എത്തിയാൽ സന്തോഷം -പ്രിയദർശൻ

#Movie Desk
പ്രിയദർശനും മോഹൻലാലും | ചിത്രം: മാതൃഭൂമി
പ്രിയദർശനും മോഹൻലാലും | ചിത്രം: മാതൃഭൂമി

താൻ സംവിധാനം ചെയ്യുന്ന നൂറാമത്തെ സിനിമയിൽ മോഹൻലാലാകും നായകനാവുകയെന്ന് പ്രിയദർശൻ. ചിത്രത്തിന്റെ നിർമാതാവായി ജി. സുരേഷ് കുമാർ എത്തിയാൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ടീം ട്രിവാൻഡ്രം' എന്ന സെഷനിൽ മോഡറേറ്ററായ ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Also Read: 'ജോർജ് സാർ' എന്ന വിളി ഇപ്പോൾ അസ്വസ്ഥതയുണ്ടാക്കുന്നു, അടുത്ത സിനിമയിൽ വില്ലൻ വേഷമല്ല -പ്രകാശ് വർമ

മോഹൻലാൽ എന്ന നടനെ ലഭിച്ചതും കാണികളെ രസിപ്പിക്കാൻ പറ്റുന്നവിധത്തിലേ സിനിമയെടുക്കൂ എന്ന തന്റെ തീരുമാനവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയും ഭാഗ്യവുമെന്ന് നേരത്തേ പ്രിയദർശൻ മറ്റൊരു സെഷനിൽ പറഞ്ഞിരുന്നു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ലോകപ്രിയങ്കരം' എന്ന സെഷനിലാണ് അദ്ദേഹം ഇത് പറഞ്ഞത്. സത്യൻ അന്തിക്കാടും ശ്രീനിവാസനും ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം സിനിമാപ്രവർത്തകരും പ്രതിഭാശേഷിയുള്ള മികച്ച നടന്മാരും ഉണ്ടായിരുന്ന ആ കാലമാണ് തന്നെ സൃഷ്ടിച്ചതെന്നും പ്രിയദർശൻ അനുസ്മരിച്ചു.

തങ്ങളുടെ റോളുകൾ സ്വന്തം കഴിവുകൊണ്ട് കൂടുതൽ പൊലിപ്പിക്കുന്നവരായിരുന്നു അന്നത്തെ നടന്മാർ. തെലുങ്കും തമിഴും കന്നഡയും ഹിന്ദിയും ഉൾപ്പെടെ പല ഇന്ത്യൻ ഭാഷകളിലെയും നടന്മാരെ വെച്ച് സിനിമ എടുത്തിട്ടുണ്ടെങ്കിലും മലയാളനടന്മാരാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: At the Mathrubhumi International Festival of Letters (MBIFL 2026), legendary director Priyadarshan confirmed that his landmark 100th film will feature Mohanlal in the lead. He expressed a personal wish for G. Suresh Kumar to produce the venture, reuniting the iconic trio from their early days in Trivandrum.