ബച്ചൻ-രേഖ-ഭൻസാലി ടീമിൽ ഒരു പടം വന്നാൽ ആദ്യദിനം ആദ്യ ഷോ കാണും-പൃഥ്വിരാജ് സുകുമാരൻ

അമിതാഭ് ബച്ചൻ, രേഖ താരജോഡികളോടും സംവിധായകൻ സഞ്ജയ് ലീല ഭൻസാലിയോടുമുള്ള ആരാധന തുറന്നുപറഞ്ഞ് നടൻ പൃഥ്വിരാജ് സുകുമാരൻ. ഇവർ മൂന്നുപേരുമൊന്നിക്കുന്ന ഒരു ചിത്രം കാണാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദായ്റ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനിടെ യുവ എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിലെ താരങ്ങളെക്കുറിച്ചും നിർമ്മാതാക്കളുടെ പരമ്പരാഗത ചിന്താഗതികളെക്കുറിച്ചും 'ദായ്റ'യിലെ നായികയായ കരീന കപൂർ, സംവിധായിക മേഘ്ന ഗുൽസാർ എന്നിവരും ഈ ചർച്ചയിൽ സംസാരിച്ചു.
സഞ്ജയ് ലീലാ ഭൻസാലി സംവിധാനം ചെയ്ത് അമിതാഭ് ബച്ചനും രേഖയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഒരു ചിത്രം വരികയാണെങ്കിൽ, അതിന്റെ ആദ്യ ദിനത്തിലെ ആദ്യ ഷോ തന്നെ താൻ തിയേറ്ററിൽ പോയി കാണുമെന്ന് പൃഥ്വിരാജ് സുകുമാരൻ വ്യക്തമാക്കി. ശക്തമായ കഥപറച്ചിലിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്നത്തെ പ്രേക്ഷകർ യുവതാരങ്ങളെ മാത്രം തേടിപ്പോകുന്നവരല്ല എന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
Also Read: 'തിലകനും നെടുമുടിക്കും ജഗതി ശ്രീകുമാറിനുമൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു'; ബോളിവുഡിൽ പൃഥ്വിരാജ്
ഹിന്ദി സിനിമയിലെ എക്കാലത്തെയും ജനപ്രിയവും ചർച്ച ചെയ്യപ്പെട്ടതുമായ ഒന്നാണ് അമിതാഭ് ബച്ചൻ-രേഖ ജോഡി. 'ദോ അൻജാനെ' (1976), 'ആലാപ്' (1977), 'മുഖദ്ദർ കാ സികന്ദർ' (1978), 'മിസ്റ്റർ നട്‌വർലാൽ' (1979), 'സുഹാഗ്' (1979), 'റാം ബൽറാം' (1980), 'സിൽസില' (1981), 'നമക് ഹലാൽ' (1982) തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 'മുഖദ്ദർ കാ സികന്ദർ', 'സിൽസില' എന്നീ ചിത്രങ്ങളിലെ ഇവരുടെ പ്രണയരംഗങ്ങളും ഓൺ-സ്ക്രീൻ കെമിസ്ട്രിയും പ്രേക്ഷകർക്കിടയിൽ ഏറെ തരംഗം സൃഷ്ടിച്ചു. തിരശ്ശീലയ്ക്ക് പുറത്തെ ഇവരുടെ ബന്ധവും വലിയ പൊതുശ്രദ്ധയും മാധ്യമ ശ്രദ്ധയും നേടിയിരുന്നു.
സിനിമയിലെ താരങ്ങളെക്കുറിച്ചും നിർമ്മാതാക്കളുടെ പരമ്പരാഗത ചിന്താഗതികളെക്കുറിച്ചുമാണ് കരീന കപൂർ ഈ ചർച്ചയിൽ സംസാരിച്ചത്. വിജയം നേടണമെങ്കിൽ സിനിമയിൽ പ്രായം കുറഞ്ഞ നായകനും നായികയും വേണമെന്ന നിർമാതാക്കളുടെ പഴയ സങ്കൽപ്പങ്ങൾക്ക് ഇന്നത്തെ കാലത്ത് പ്രസക്തിയില്ലെന്ന് കരീന ചൂണ്ടിക്കാട്ടി. ഇന്നത്തെ പ്രേക്ഷകർ കൂടുതൽ വിവേകമുള്ളവരാണെന്നും കഥയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും അവർ പറഞ്ഞു. എഴുത്തുകാർ പുതിയ പരീക്ഷണങ്ങളുമായി മുന്നോട്ട് വരുമ്പോൾ നടന്മാരിൽ നിന്നും നിർമാതാക്കളിൽ നിന്നും ശക്തമായ പിന്തുണ ആവശ്യമാണെന്ന് സംവിധായിക മേഘ്‌ന ഗുൽസാറും വ്യക്തമാക്കി.
'ദായ്റ' സെപ്റ്റംബർ 18-ന്
സെപ്റ്റംബർ 18-ന് തിയേറ്ററുകളിൽ റിലീസിനൊരുങ്ങുന്ന ദായ്റ എന്ന ചിത്രത്തിൽ പൃഥ്വിരാജും കരീന കപൂറുമാണ് പ്രധാനവേഷങ്ങളിൽ. ചിത്രത്തിൽ ഡിസിപി അജൂണി കോഹ്‌ലിയായി കരീനയും ഡിസിപി രമൺ കുമാറായി പൃഥ്വിരാജും രണ്ട് വ്യത്യസ്ത നിലപാടുകളുള്ള പോലീസ് ഉദ്യോഗസ്ഥരെ അവതരിപ്പിക്കുന്നു. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ചിത്രമെത്തുന്നത്.
യഷ് കേസ്വാനി, സീമാ അഗർവാൾ, മേഘ്‌ന ഗുൽസാർ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ 'ദായ്ര' നിർമ്മിച്ചിരിക്കുന്നത് ജംഗ്ലി പിക്ചേഴ്സും ഡോ. ജയന്തിലാൽ ഗാഡയുടെ പെൻ സ്റ്റുഡിയോസും ചേർന്നാണ്. പെൻ മരുധാർ ആണ് ചിത്രം തിയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്. ജിതേന്ദ്ര ജോഷി, ക്ഷിതീ ജോഗ്, കൻവൽജീത്ത് സിംഗ്, സന്ദീപ് കുൽക്കർണി, തൃപ്തി ഖാംകർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
Content Highlights: Ahead of the theatrical release of their crime drama Daayra, actors Prithviraj Sukumaran and Kareena Kapoor Khan, along with director Meghna Gulzar, discussed the importance of strong screenwriting, with Prithviraj noting he would watch a Sanjay Leela Bhansali film starring Amitabh Bachchan and Rekha "first day first show" to highlight the enduring appeal of legendary actors and powerful stories.