സിനിമയിലെ സംഭാഷണം; ഖേദപ്രകടനം നടത്തി പൃഥ്വിരാജ്

പൃഥ്വിരാജ്
പൃഥ്വിരാജ്

ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയില്‍ ഒരു സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ ചിത്രത്തിലെ നായകനായ പൃഥിരാജ് മാപ്പ് പറഞ്ഞു. സ്ഥാപനത്തെക്കുറിച്ചുള്ള മോശം പരാമര്‍ശം സിനിമയില്‍നിന്ന് നീക്കം ചെയ്തുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. സിനിമയില്‍ സ്ഥാപനത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി മുമ്പാകെയാണ് നടന്‍ ഖേദപ്രകടനം നടത്തിയത്.

സിനിമയില്‍ പൃഥ്വിരാജിന്റെ ഹരീന്ദ്രന്‍ എന്ന കഥാപാത്രം സിനിമാതാരമാണ്. സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഹരീന്ദ്രന്‍ സ്ഥാപനത്തെ പുകഴ്ത്തി പറയുന്ന സംഭാഷണം താന്‍ പറയില്ലെന്നും തിരക്കഥയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ ഇതേ സ്ഥാപനത്തെക്കുറിച്ച് മോശം പരാമര്‍ശവും നടത്തുന്നുമുണ്ട്. ഇതേത്തുടര്‍ന്നാണ് അവര്‍ കോടതിയെ സമീപിച്ചത്. 

പരാതിയില്‍ പൃഥ്വിരാജിന് കോടതി നോട്ടിസ് അയച്ചിരുന്നു. ആക്ഷേപമുയര്‍ന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയയെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഉത്തരവ് പാലിക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വീഴ്ച വരുത്തിയതായി അഭിഭാഷകന്‍ ജയശങ്കര്‍ വി നായര്‍ ചൂണ്ടിക്കാട്ടി.

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസന്‍സ് വിജയകരമായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സുരാജ് വെഞ്ഞാറമൂട്, മിയ, സൈജു കുറുപ്പ്, ലാലു അലക്‌സ്, ദീപ്തി സതി എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Content Highlights: Prithviraj sukumaran apologies for Driving Licence dialogue, case against Jean Paul Lal Movie  

Content Highlights: