ബ്രോഡാഡിയിലെ ജോണ്‍ കാറ്റാടിയാവാന്‍ സമീപിച്ചത് മമ്മൂക്കയെ, പിന്നീട് സംഭവിച്ചത്- പൃഥ്വിരാജ്

1. ബ്രോ ഡാഡിയില്‍ നിന്ന് 2. മമ്മൂട്ടി/Image 2. https://www.instagram.com/mammootty/
1. ബ്രോ ഡാഡിയില്‍ നിന്ന് 2. മമ്മൂട്ടി/Image 2. https://www.instagram.com/mammootty/

പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു പൃഥ്വിരാജും മോഹന്‍ലാലും ഒരുമിച്ചെത്തിയ ബ്രോ ഡാഡി. പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിലെ അച്ഛന്‍ കഥാപാത്രമായിരുന്ന ജോണ്‍ കാറ്റാടിയെ അവതരിപ്പിക്കാനായി ആദ്യം നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നുവെന്ന് പറയുകയാണ് പൃഥ്വിരാജ്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്

'ബ്രോ ഡാഡിയുടെ തിരക്കഥ വായിച്ചപ്പോള്‍ ആ കഥാപാത്രത്തിനായി ആദ്യം ഓര്‍മ വന്നത് മമ്മൂട്ടിയെയായിരുന്നു. ഒരു കോട്ടയം കുഞ്ഞച്ചന്‍ സ്‌റ്റൈലിലുള്ള കഥാപാത്രമായിട്ടായിരുന്നു അതിനെ ആദ്യം ആവിഷ്‌കരിച്ചിരുന്നത്. ആ കഥാപാത്രം മമ്മൂട്ടി ചെയ്താല്‍ വളരെ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. ഈ സ്‌ക്രിപ്റ്റുമായി അദ്ദേഹത്തെ സമീപിക്കുകയും ചെയ്തിരുന്നു. മമ്മൂക്കയ്ക്ക് ഈ കഥാപാത്രം ഇഷ്ടമാവുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്ത് അദ്ദേഹത്തിന് വേറെ കമ്മിറ്റ്‌മെന്റുകളുണ്ടായിരുന്നു. അദ്ദേഹത്തിന് അഭിനയിക്കാന്‍ ഈ വര്‍ക്ക് അല്‍പ്പം നീക്കി വെയ്ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ അന്ന് കോവിഡിന്റെ സമയമായതിനാലും 50 പേരെ വെച്ച് മാത്രം ചെയ്യേണ്ട ഷൂട്ട് ആയതിനാലും ഒരുപാട് നാള്‍ കാത്തിരിക്കാനാവില്ലായിരുന്നു. അങ്ങനെയാണ് ഈ കഥാപാത്രം ലാലേട്ടനിലേക്ക് എത്തുന്നത്. മമ്മൂക്കയോടാണ് കഥ ആദ്യം പറഞ്ഞതെന്ന് ലാലേട്ടന് അറിയാമായിരുന്നു. മമ്മൂട്ടിയാണ് ഈ കഥാപാത്രം ചെയ്യുന്നതെങ്കില്‍ പാലായിലെ സാധാരണ കര്‍ഷകന്‍ എന്ന രീതിയിലായിരിക്കും ആവിഷ്‌കരിച്ചിട്ടുണ്ടാവുക. കോവിഡ് നിയന്ത്രണങ്ങളില്ലെങ്കില്‍ മമ്മൂട്ടിയെ വെച്ച് വലിയൊരു സിനിമ ആലോചിച്ചേനെ. അത് ബ്രോ ഡാഡി പോലെയൊരു ചെറിയ കാന്‍വാസ് ചിത്രമായിരിക്കില്ലെന്ന് മമ്മൂട്ടിയോട് തന്നെ പറഞ്ഞിട്ടുണ്ട്'- പൃഥ്വിരാജ് പറയുന്നു.

ലൂസിഫറിന്റെ രണ്ടാം ഭാഗമായി എംപുരാന്‍ റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാന്‍ നായകനാവുന്ന ചിത്രമാണിത്.പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായി കുമാര്‍, സാനിയ ഇയ്യപ്പന്‍ തുടങ്ങി വലിയൊരു താരനിര തന്നെ എംപുരാനായി അണിനിരക്കുന്നു.

Content Highlights: Prithviraj Reveals Mammootty Was First Choice for Bro Daddy